
പനാജി: മദ്യപിച്ച 18കാരൻ അമിതവേഗത്തിൽ പിന്നോട്ടെടുത്ത കാറിടിച്ച് വഴിയാത്രക്കാരന് ഗുരുതര പരിക്ക്. ഗോവയുടെ തലസ്ഥാനമായ പനാജിയിൽ ചൊവ്വാഴ്ച രാവിലെ നടന്ന അപകടത്തിൻ്റെ ആശങ്കപ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നത്. വാഹനം ഓടിച്ച ഷദീഹ് മൊഹറം അൻസാരിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.
കഴിഞ്ഞ ദിവസം തൊഴിലാളികളുമായി പനാജി മാർക്കറ്റിലേക്ക് എത്തിയതായിരുന്നു പ്രതി. ഇവിടെ കാർ പാർക്ക് ചെയ്ത ശേഷം തൊഴിലാളികളെ ഇറക്കി വാഹനം വീണ്ടും സ്റ്റാർട്ട് ചെയ്തു. മുന്നോട്ട് നീങ്ങിയ കാർ മുന്നിലെ വാഹനത്തിൽ ഇടിച്ചു. ഇത് കണ്ട് ആളുകൾ സ്തംഭിച്ച് നിൽക്കെ പൊടുന്നനെ പ്രതി വാഹനം പിന്നോട്ടെടുത്തു. തൊട്ടടുത്ത് നടപ്പാതയിൽ നിൽക്കുകയായിരുന്ന ആളുകളുടെ നേരെയാണ് വാഹനം പാഞ്ഞെത്തിയത്. ഒരാൾ ഓടിരക്ഷപ്പെട്ടെങ്കിലും 50 വയസുകാരനായ മുകുൾ ജോഷിക്ക് മാറാൻ സാധിച്ചില്ല. വാഹനത്തിൻ്റെ ഇടിയേറ്റ് വാഹനത്തിനും സമീപത്തെ കടയുടെ ഷട്ടറിനും ഇടയിൽ കുടുങ്ങിയ ഇദ്ദേഹത്തെ വാഹനം വീണ്ടും പിന്നോട്ട് വന്ന് ഇടിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവത്തിൽ പ്രതിക്കെതിരെ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി ഒരാൾക്ക് പരിക്കേൽപ്പിച്ചതിന് പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.