
ബലരാംപുർ: സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തിന്റെ (General BipinRawat ) മരണം ഓരോ രാജ്യസ്നേഹിക്കുമുണ്ടായ നഷ്ടമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി (PM Narendra Modi). ധീരനും കഠിനാധ്വാനിയുമായ ബിപിൻ റാവത്ത് രാജ്യത്തിന്റെ സായുധ സേനയെ സ്വയം പര്യാപ്തമാക്കാൻ പ്രയത്നിച്ച ആളാണ്, രാജ്യം അതിന് സാക്ഷിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ബലരാംപൂരിൽ സരയു നുഹാർ ജലസേചന പദ്ധതിയുടെ (Saryu Nahar National Project) ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഒരു സൈനികൻ അയാൾ പട്ടാളത്തിൽ ജോലി ചെയ്യുന്ന കാലത്ത് മാത്രമല്ല സൈനികനായിരിക്കുന്നത്, ജീവിച്ചിരിക്കുന്നടുത്തോളം കാലം അയാൾ യോദ്ധാവ് തന്നെയാണ്. രാജ്യത്തിന്റെ അഭിമാനത്തിന് വേണ്ടി തന്റെ ഓരോ നിമിഷവും മാറ്റിവയ്ക്കുന്നവനാണ് സൈനികൻ. ഹെലിപോക്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട സൈനികർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു. മോദി പറഞ്ഞു.
ജനറൽ ബിപിൻ റാവത്ത് ഇപ്പോൾ എവിടെയായിരുന്നാലും വരും നാളുകൾ ഭാരതം മുന്നോട്ട് കുതിക്കുന്നത് അദ്ദേഹത്തിന് കാണാനാകും. രാജ്യം അദ്ദേഹത്തിന്‍റെ വിയോഗത്തിൽ ദുഃഖിക്കുന്നു, പക്ഷേ മുന്നോട്ടുള്ള യാത്രയിൽ നമ്മൾ നിന്നുപോകില്ല. ഇന്ത്യ മുന്നോട്ട് പോകുക തന്നെ ചെയ്യും, നമ്മൾ ഭാരതീയർ ഒന്നിച്ചു നിന്ന് പ്രതിബന്ധങ്ങളെ അതിജീവിക്കും, അത് രാജ്യത്തിന് അകത്തു നിന്നുള്ളതായാലും പുറത്ത് നിന്നുള്ളതായാലും.
ഇന്ത്യ ഇന്നത്തേതിനേക്കാൾ കൂടുതൽ ശക്തവും സമ്പന്നവുമാകുമെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടു.
ഗ്രൂപ്പ് ക്യാപ്റ്റർ വരുൺ സിംഗിന്റെ ജീവൻ രക്ഷിക്കാനായി ഡോക്ടർമാർ പരിശ്രമിക്കുകയാണെന്നും അദ്ദേഹത്തിന്റെ ജീവൻ കാക്കാൻ താൻ ദേവിയോട് പ്രാർത്ഥിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യം അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പമാണ്, അപകടത്തിൽ കൊല്ലപ്പെട്ട ഓരോ സൈനികന്റെയും കുടുംബത്തോടൊപ്പം രാജ്യം മുഴുവൻ ഉണ്ടെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam