
ദില്ലി: വോട്ടർ പട്ടിക ക്രമക്കേടിൽ രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങൾക്ക് പിന്നാലെ പുതിയ പരിഷ്‌കാരവുമായി ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർ പട്ടികയിൽ പേര് ചേർക്കാനും, തിരുത്തലുകൾ വരുത്താനും ഇനി മുതൽ ആധാർ ലിങ്ക് ചെയ്ത ഫോൺ നമ്പർ നൽകണമെന്നാണ് നിബന്ധന. ഓൺലൈനായി സമർപ്പിക്കുന്ന അപേക്ഷകൾക്കാണ് ഈ നിബന്ധന ബാധകമാക്കിയിരിക്കുന്നത്. മുൻപ് വോട്ടർ ഐഡി നമ്പറും, ഏതെങ്കിലും ഫോൺ നമ്പറും നൽകിയാൽ അപേക്ഷകൾ അംഗീകരിക്കപ്പെടുന്ന സാഹചര്യമായിരുന്നു.
എന്നാൽ അലന്ദിലെ ക്രമക്കേട് രാഹുൽഗാന്ധി പുറത്ത് കൊണ്ടുവന്നതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പുതിയ പരിഷ്‌കാരം കൊണ്ടുവന്നത്. മോഷണം പിടിച്ചശേഷമാണ് പൂട്ടുമായി ഗ്യാനേഷ് കുമാർ എത്തിയതെന്ന് രാഹുൽഗാന്ധി പരിഹസിച്ചു. കർണ്ണാടക സിഐഡിക്ക് എപ്പോൾ തെളിവുകൾ കൈമാറുമെന്നും അദ്ദേഹം ചോദിച്ചു.
മഹാരാഷ്ട്രയിലെയും ദില്ലിയിലെയും വോട്ടര്‍പട്ടിക ക്രമക്കേടില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്ത് വന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ മുന്‍ വിശദീകരണം തള്ളിയാണ് രണ്ടിടങ്ങളിലെയും ക്രമക്കേടില്‍ അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ട് പിന്നാലെ 7 മാസത്തിനിടെയുണ്ടായ വോട്ടര്‍മാരുടെ എണ്ണത്തിലെ കുതിച്ച് ചാട്ടത്തിലാണ് കൃത്യമായ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുന്നത്. 14.71 ലക്ഷം വോട്ടര്‍മാരാണ് ഏഴ് മാസത്തിനിടെ പുതുതായി ചേര്‍ക്കപ്പെട്ടത്. 2024 നവംബര്‍ 27നും, ഈവര്‍ഷം ജൂണ്‍ മുപ്പതിനും ഇടയിലായാണ് ഇത്രയും പേരെ പട്ടികയില്‍ ചേര്‍ത്തത്. 7 മാസത്തിനിടെ ഇത്രയും വോട്ടര്‍മാരുടെ എണ്ണം എങ്ങനെ കൂടുമെന്ന ചോദ്യമാണ് കോണ്‍ഗ്രസും എന്‍സിപിയും ഉന്നയിക്കുന്നത്. യുപിഎ കാലത്തും സമാനരീതിയിലുള്ള വര്‍ധനയുണ്ടായിട്ടുണ്ടെന്ന ഒഴുക്കന്‍ മറുപടിയാണ് കമ്മീഷന്‍ നേരത്തെ നല്‍കിയിരുന്നത്.