
ദില്ലി: ശ്രീ ശാർദ ഇൻസ്റ്റിറ്റ്യൂട്ടിലെ ലൈംഗികാരോപണ പരാതിയിൽ ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ഇതിന് പിന്നാലെ മൂന്ന് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ദില്ലി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശവും നൽകി. ദില്ലി ശ്രീ ശാർദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് ഡയറക്ടർ സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരെ വിദ്യാർത്ഥിനികളാണ് ലൈംഗികാതിക്രമ പരാതിയുമായി രംഗത്ത് വന്നത്. 17 പെൺകുട്ടികളുടെ പരാതിയിൽ വസന്ത് കുഞ്ച് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഒളിവിൽ പോയ ചൈതന്യാനന്ദയ്ക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്.
ദില്ലി വസന്ത് കുഞ്ചിലെ ശ്രീ ശാർദ പീഠത്തിന് കീഴിലുള്ള ശ്രീ ശാർദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്മെന്റിലെ വിദ്യാർത്ഥിനികളാണ് പരാതിക്കാർ. പിന്നോക്ക വിഭാഗ സ്കോളർഷിപ്പ് ലഭിച്ച് പിജി ഡിപ്ലോമ കോഴ്സ് ചെയ്യുന്ന 17 പെൺകുട്ടികളാണ് സ്ഥാപനത്തിന്റെ ഡയറക്ടർ കൂടിയായിരുന്ന സ്വാമി ചൈതന്യാനന്ദക്കെതിരെ ലൈംഗികാരോപണ പരാതി ഉന്നയിച്ചത്. അശ്ലീല ചുവയോടെ സംസാരിച്ചു, ഫോണിൽ മോശമായ രീതിയിൽ മെസ്സേജ് അയച്ചു, ശരീരത്തിൽ സ്പർശിക്കാൻ ശ്രമിച്ചു എന്നിവയാണ് ചൈതന്യാനന്ദക്കെതിരെയുള്ള പരാതി. ചൈതന്യാനന്ദയുടെ പെരുമാറ്റത്തെ കുറിച്ച് വിദ്യാർത്ഥിനികൾ ആശ്രമത്തിലെ വനിതാ ജീവനക്കാരോട് പരാതി പറഞ്ഞെങ്കിലും സ്വാമിക്ക് വഴങ്ങാനാണ് ഇവർ തങ്ങളോട് നിർദേശിച്ചതെന്ന് പെൺകുട്ടികൾ മൊഴിയിൽ പറയുന്നു.
പെൺകുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ സിസിടിവി ദൃശ്യങ്ങളും മറ്റു രേഖകളും പോലീസ് കണ്ടെടുത്തു. വ്യാജ ഡിപ്ലോമാറ്റിക് നമ്പർ പ്ലേറ്റ് ഘടിപ്പിച്ച വോൾവോ കാറും പോലീസ് പിടിച്ചെടുത്തു. സ്വാമി നിത്യാനന്ദ യാത്രകൾക്കായി ഉപയോഗിച്ചിരുന്നത് ഈ വാഹനമാണെന്നാണ് പോലീസ് പറയുന്നത്. സംഭവം പുറത്തായതോടെ ചൈതന്യാനന്ദ ഒളിവിൽ പോയി. പ്രതി ആഗ്രയിലേക്ക് കടന്നതായാണ് പോലീസ് നിഗമനം. ലൈംഗികാരോപണ പരാതിയുടെ അടിസ്ഥാനത്തിൽ ചൈതന്യാനന്ദയെ ഡയറക്ടർ സ്ഥാനത്തുനിന്ന് നീക്കം ചെയ്തതായി ശ്രീ ശാർദപീഠം അധികൃതർ അറിയിച്ചു.