
ദില്ലി: എഴുപത്തിയേഴാം സ്വാതന്ത്ര്യദിനാഘോഷ നിറവിൽ രാജ്യം. രാവിലെ 7.35 ഓടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി. രാജ്ഘട്ടിൽ അദ്ദേഹം പുഷ്പാർച്ചന അർപ്പിച്ചു. ചെങ്കോട്ടയിൽ പതാക ഉയർത്തിയ മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ഇന്ത്യയിലെ നൂറ്റിനാല്‍പ്പത് കോടി ജനങ്ങള്‍ക്ക് സ്വാതന്ത്ര്യ ദിനാശംസകള്‍ നേരുന്നുവെന്ന് പ്രധാനമന്ത്രി ചെങ്കോട്ടയില്‍ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. രാജ്യത്തിനായി ജീവത്യാഗം ചെയ്ത സ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് ആദരവർപ്പിക്കുന്നു.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യം ഇപ്പോള്‍ ജനസംഖ്യയിലും മുന്നിലാണ്. ഇത്രയും വലിയ കുടുംബത്തിലെ 140 കോടി അംഗങ്ങളും സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു. മണിപ്പൂരില്‍ സമാധാനം വേണമെന്നും പ്രധാനമന്ത്രി പ്രസംഗമധ്യേ പ്രധാനമന്ത്രി പറഞ്ഞു. മണിപ്പൂരിലെ ജനങ്ങള്‍ക്കൊപ്പമാണ് രാജ്യം. മണിപ്പൂർ സമാധാന പാതയിലേക്ക് തിരികെ വരുകയാണ്. കേന്ദ്ര സംസ്ഥാന സർക്കാരുകള്‍ ചേർന്ന് സമാധാനം പുനസ്ഥാപിക്കാൻ സഹകരിച്ച് പ്രവർത്തിക്കുന്നു. വികസിത ഇന്ത്യ ലോകത്തിന് പ്രതീക്ഷ നല്‍കുന്നതാണ്. ജനാധിപത്യവും ജനസംഖ്യയും വൈവിധ്യവുമാണ് ഇന്ത്യയുടെ ശക്തി. നഷ്ടപ്രതാപം ഇന്ത്യ വീണ്ടെടുക്കും.
ഇപ്പോഴത്തെ ചുവടുകള്‍ക്ക് ആയിരം വര്‍ഷത്തോളം സ്വാധീനം ചെലുത്താൻ കഴിയും. ഇന്ത്യയിലെ യുവാക്കള്‍ രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കും. ലോകത്തെ സാങ്കേതിക വിപ്ലവത്തില്‍ ഇന്ത്യ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു. ഗ്രാമങ്ങളില്‍ നിന്ന് കഴിവുറ്റ കായികതാരങ്ങള്‍ ഉയർന്നുവരുന്നു. കയറ്റുമതിയില്‍ ഇന്ത്യ വലിയ നേട്ടം കൈവരിക്കുന്നുണ്ട്. കൊവിഡിന് ശേഷം ലോകരാജ്യങ്ങള്‍ തമ്മില്‍ പുതിയ സമവാക്യങ്ങള്‍ രൂപപ്പെടുന്നുണ്ട്. 2014 ല്‍ ജനങ്ങള്‍ സ്ഥിരതയുള്ള സർക്കാരിനായി വോട്ട് ചെയ്തു. ഈ സർക്കാരിന് രാജ്യമാണ് പ്രഥമ പരിഗണന. സമഗ്രമാറ്റമാണ് സർക്കാർ നടപ്പാക്കുന്നത്. സാന്പത്തിക ശക്തിയില്‍ പത്താം സ്ഥാനത്ത് നിന്ന് അഞ്ചാം സ്ഥാനത്തേക്ക് ഇന്ത്യ ഉയർന്നുവെന്നും മോദി പറഞ്ഞു.
അഴിമതി ഇന്ത്യയുടെ പുരോഗതിയെ മന്ദഗതിയിലാക്കി. അഴിമതിയെന്ന രാക്ഷസൻ ഇന്ത്യയുടെ വളർച്ച തടഞ്ഞു. മുദ്ര പദ്ധതി നിരവധി പേർക്ക് ജോലി ലഭ്യമാക്കി. ഒരു റാങ്ക് ഒരു പെൻഷൻ സാധ്യമാക്കി. പാവപ്പെട്ടവര്‍ നവ മധ്യവർഗ വിഭാഗത്തിലേക്ക് എത്തി. ലോകത്തിലെ മൂന്നാമത്തെ സാന്പത്തികശക്തിയായി ഇന്ത്യ ഉയരുമെന്ന് ഉറപ്പുതരുന്നു. ലോകം ഇപ്പോള്‍ കടുത്ത വിലക്കയറ്റം നേരിടുകയാണ്. ഇന്ത്യയില്‍ വിലക്കയറ്റം നിയന്ത്രിക്കാനുള്ള ഇടപെടല്‍ സർക്കാര്‍ നടത്തുന്നുണ്ട്. വിശ്വകർമ പദ്ധതിക്കായി 13,000 - 15,000 കോടി വിനിയോഗിക്കും. രാജ്യത്ത് ഭീകരാക്രമണങ്ങളും മാവോയിസ്റ്റ് ആക്രമങ്ങളും കുറയ്ക്കാൻ സർക്കാരിന് കഴിഞ്ഞു. 2047 ഓടെ ഇന്ത്യയെ വികസിത രാജ്യമാക്കിമാറ്റും.
എല്ലാ വാഗ്ദാനങ്ങളും പൂർത്തികരിക്കാതെ ഈ സർക്കാർ വിശ്രമിക്കില്ല. പുതിയ ഭാരതത്തെ തടയാനും പരാജയപ്പെടുത്താനുമാവില്ല. നിശ്ചയിച്ച സമയത്തിന് മുന്‍പേ തന്നെ പുതിയ പാര്‍ലമെന്‍റ് ഉദ്ഘാടനം ചെയ്യാനായി. വനിത കേന്ദ്രീകൃത വികസനമാണ് ലക്ഷ്യം. ഇന്ത്യയിലെ വികസനത്തിന് വനിതകളുടെ നേതൃത്വം ഉണ്ടാകണം. അതിര്‍ത്തി ഗ്രാമങ്ങള്‍ അവസാനത്തേതതല്ല, ആദ്യ പരിഗണന ലഭിക്കേണ്ട ഗ്രാമങ്ങൾ. പ്രാദേശിക സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതിനായി പ്രവർത്തിക്കുകയാണ്.
ചെങ്കോട്ടയില്‍ ജനങ്ങളുടെ ആശീർവാദത്തിനായിട്ടാണ് വന്നത്. അഴിമതി മുക്ത രാജ്യം സാധ്യമാക്കാനും പ്രീണനമുക്ത രാജ്യമുണ്ടാക്കാനും കുടുംബവാദം അവസാനിപ്പിക്കാനും പ്രതിജ്‌ഞാബദ്ധം. ചിലരുടെ ദേഷ്യത്തിന് പിന്നില്‍ അഴിമതി അവസാനിപ്പിക്കാനുള്ള ശ്രമം. കുടുംബ പാര്‍ട്ടികള്‍ സ്വന്തം കുടുംബത്തിന് വേണ്ടി മാത്രമാണ് പ്രവർത്തിക്കുന്നത്. വികസനത്തിന്‍റെ ഏറ്റവും വലിയ ശത്രു അഴിമതിയാണ്. റിഫോം, പെർഫോം, ട്രാൻസ്ഫോം ആണ് സർക്കാരിന്‍റെ മന്ത്രം. പ്രാദേശിക സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനും സർക്കാർ പ്രതിജ്ഞാബദ്ധം. അമൃത്കാലഘട്ടത്തില്‍ ചരിത്രപരമായ ചുവട് വെക്കുന്നു. 2047 ൽ വികസിത രാജ്യമെന്ന സ്വപ്നത്തിനായി അക്ഷീണം പ്രയത്നിക്കുന്നു. അടുത്ത ഓഗസ്റ്റ് 15ന് വികസന നേട്ടം പങ്കുവെക്കാൻ ചെങ്കോട്ടയില്‍ എത്തുമെന്നും നരേന്ദ്രമോദി പറഞ്ഞു.
'മതനിരപേക്ഷ സ്വഭാവം കാക്കണം, ഫെഡറൽ മൂല്യങ്ങൾ സംരക്ഷിക്കണം'; സ്വാതന്ത്ര്യദിനാശംസകളുമായി മുഖ്യമന്ത്രി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam