
ദില്ലി: അനധികൃത കുടിയേറ്റക്കാരുടെ തലസ്ഥമാക്കി ഇന്ത്യയെ മാറ്റാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയിൽ. റോഹിങ്ക്യ കേസിലാണ് കേന്ദ്ര സര്‍ക്കാരിന്‍റെ നിലാപാട്. രാജ്യത്തിന്‍റെ സുരക്ഷയെ ബാധിക്കുന്ന വിഷയമാണ് ഇതെന്നും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു.
ജമ്മു ജയിലിൽ കഴിയുന്ന റോഹിങ്ക്യൻ അഭയാര്‍ത്ഥികളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് റോഹിങ്ക്യകൾ അനധികൃത കുടിയേറ്റക്കാരാണെന്ന നിലപാട് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചത്. അനധികൃത കുടിയേറ്റക്കാരുടെ എണ്ണം കൂടിവരുന്നത് രാജ്യത്തിന് ഭീഷണിയാണ്. അനധികൃത കുടിയേറ്റക്കാരുടെ അന്താരാഷ്ട്ര തലസ്ഥാനമാക്കി ഇന്ത്യയെ മാറ്റാനാകില്ല. രാജ്യത്തിന്‍റെ സുരക്ഷ കൂടി കണക്കിലെടുക്കണം.
റോഹിങ്ക്യകളെ തിരിച്ചയക്കുന്ന കാര്യത്തിൽ നിയമപരമായ നടപടിയുമായി സര്‍ക്കാരിന് മുന്നോട്ടുപോകുമെന്നും കേന്ദ്രം വ്യക്തമാക്കി. മ്യാൻമര്‍ ഭരണകൂടവുമായി ഇക്കാര്യത്തിൽ ചര്‍ച്ചകൾ തുടരുകയാണ്. പൗരത്വം സ്ഥിരീകരിച്ചാൽ റോഹിങ്ക്യൻ അഭയാര്‍ത്ഥികളെ തിരിച്ചയക്കും. മ്യാൻമര്‍ സ്ഥിരീകരിക്കുന്ന ആളുകളെ മാത്രമെ മ്യാൻമറിലേക്ക് അയക്കുകയുള്ളുവെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
അതേസമയം റോഹിങ്ക്യകൾ അനധികൃത കുടിയേറ്റക്കാര്‍ അല്ലെന്നും ഐക്യരാഷ്ട്രസഭയുടെ അഭയാര്‍ത്ഥി രേഖകൾ ഉള്ളവരാണെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. കേസ് ഉത്തരവിനായി സുപ്രീംകോടതി മാറ്റിവെച്ചിരിക്കുകയാണ്. നാല്പതിനായിരത്തോളം റോഹിങ്ക്യൻ അഭയാര്‍ത്ഥികൾ ഇന്ത്യയിലുണ്ടെന്നാണ് കണക്ക്. അതിദയനീയ സാഹര്യത്തിലാണ് ദില്ലിയിലടക്കം റോഹിങ്ക്യൻ അഭയാര്‍ത്ഥികൾ കഴിയുന്നത്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam