അന്യസംസ്ഥാനങ്ങളിൽ കുടുങ്ങിയവരെ നാട്ടിൽ എത്തിക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകി

By Web TeamFirst Published Apr 29, 2020, 7:13 PM IST
Highlights

ഇതര സംസ്ഥാന തൊഴിലാളികളെ കൊണ്ടുപോകാൻ പ്രത്യേക തീവണ്ടികൾ വേണമെന്ന് സംസ്ഥാനങ്ങൾ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. 

ദില്ലി: ഇതര സംസ്ഥാന തൊഴിലാളികളും വിദ്യാര്‍ത്ഥികളും ഉൾപ്പടെ കുടുങ്ങി കിടക്കുന്നവര്‍ക്ക് സംസ്ഥാനങ്ങളിലേക്ക് മടങ്ങാൻ കേന്ദ്രാനുമതി. സംസ്ഥാനങ്ങൾ പരസ്പരം തീരുമാനിച്ച് ബസുകളിൽ ഇവരുടെ മടക്കം നടപ്പാക്കണമെന്നും കേന്ദ്രം നിര്‍ദ്ദേശിച്ചു. 

ഇതര സംസ്ഥാന തൊഴിലാളികളെ കൊണ്ടുപോകാൻ പ്രത്യേക തീവണ്ടികൾ വേണമെന്ന് സംസ്ഥാനങ്ങൾ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ബസുകളിൽ ഇവരെ മടക്കികൊണ്ടുപോകാനാണ് കേന്ദ്രം പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശത്തിൽ അനുവാദം നൽകിയിരിക്കുന്നത്. ഇതര സംസ്ഥാന തൊഴിലാളികൾക്കൊപ്പം കുടുങ്ങി കിടക്കുന്ന വിദ്യാര്‍ത്ഥികളും തീര്‍ത്ഥാടകരും വിനോദ സഞ്ചാരികളും മറ്റുള്ളവരും സംസ്ഥാനങ്ങളിൽ രജിസ്റ്റര്‍ ചെയ്യണം. 

സംസ്ഥാനങ്ങൾ പരസ്പരം സംസാരിച്ച് ആരെയൊക്കെ കൊണ്ടുപോകണം എന്ന കാര്യം തീരുമാനിക്കണം. മടങ്ങുന്ന എല്ലാവരുടെയും പ്രാഥമിക പരിശോധന നടത്തി രോഗ ലക്ഷണം ഇല്ലെന്ന് ഉറപ്പുവരുത്തണം. സാമൂഹിക അകലം പാലിച്ച് ബസുകളിൽ ഇവരെ കൊണ്ടുപോകണം. കൂടുതൽ സംസ്ഥാനങ്ങൾ വഴി യാത്ര വേണ്ടിവരുന്നെങ്കിൽ അവര്‍ ഈ ബസുകൾക്ക് അനുമതിയും നൽകണം. 

സംസ്ഥാനങ്ങളിൽ മടങ്ങിയെത്തുന്നവര്‍ വീടുകളിൽ നിരീക്ഷണത്തിൽ കഴിയണം. ആവശ്യമുള്ളവരെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റണം. ലോക് ഡൗണ്‍ നീട്ടുന്ന കാര്യത്തിൽ ഈ ആഴ്ച തീരുമാനം വരാനിരിക്കെയാണ് ഇതര സംസ്ഥാന തൊഴിലാളികളുടെ മടക്കത്തിന് കേന്ദ്രം അംഗീകാരം നൽകിയത്. ലോക്ഡൗണ്‍ തുടരുമെന്ന സൂചനയും ഈ തീരുമാനം നൽകുന്നു.

click me!