പശ്ചിമ ബംഗാൾ ചീഫ് സെക്രട്ടറി ആലാപൻ ബന്ധോപാധ്യായക്കെതിരെ കാരണംകാണിക്കൽ നോട്ടീസ്, നടപടിക്ക് സാധ്യത

By Web TeamFirst Published Jun 1, 2021, 10:12 AM IST
Highlights

സർവീസ് കാലാവധി അവസാനിച്ച ചീഫ് സെക്രട്ടറിയുടെ സേവനം നിലവിലെ കൊവിഡ്, ചുഴലിക്കാറ്റ് സാഹചര്യങ്ങൾ പരിഗണിച്ച് മൂന്ന് മാസത്തേക്ക് നീട്ടണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു

ദില്ലി: പശ്ചിമ ബംഗാൾ ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്നും കേന്ദ്ര സർവീസിലേക്ക് തിരികെ വിളിക്കപ്പെട്ടിട്ടും ഹാജരാകാതിരുന്ന ആലാപൻ ബന്ധോപാദ്ധ്യായക്കെതിരെ കാരണം കാണിക്കൽ നോട്ടീസ്. ഇദ്ദേഹത്തിന് എതിരെ നടപടിക്ക് സാധ്യതയുണ്ട്. പേഴ്സണൽ ആന്റ് ട്രയിനിങ് വകുപ്പിൽ എന്തുകൊണ്ട് റിപ്പോർട്ട് ചെയ്തില്ലെന്ന് വ്യക്തമാക്കണമെന്നാണ് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന് പുറമെ പ്രധാനമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുക്കാതിരുന്നതിനും വിശദീകരണം നൽകണം. മൂന്ന് ദിവസത്തിനുള്ളിലാണ് വിശദീകരണം നൽകേണ്ടത്. ദുരന്ത നിവാരണ നിയമം 51 ബി വകുപ്പ് പ്രകാരമാണ് നോട്ടീസ് നൽകിയിരിക്കുന്നത്.

സർവീസ് കാലാവധി അവസാനിച്ച ചീഫ് സെക്രട്ടറിയുടെ സേവനം നിലവിലെ കൊവിഡ്, ചുഴലിക്കാറ്റ് സാഹചര്യങ്ങൾ പരിഗണിച്ച് മൂന്ന് മാസത്തേക്ക് നീട്ടണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ബംഗാളിൽ നടന്ന അവലോകന യോഗത്തിൽ നിന്ന് മുഖ്യമന്ത്രി മമത ബാനർജിയും ചീഫ് സെക്രട്ടറിയുൾപ്പെടെ ബംഗാൾ സർക്കാരിന്റെ പ്രതിനിധികളും വിട്ടുനിന്നു. ഇതിന് പിന്നാലെയാണ് ചീഫ് സെക്രട്ടറിയെ കേന്ദ്ര സര്‍വീസിലേക്ക് തിരിച്ച് വിളിച്ചത്. ആലാപന്‍ ബന്ധോപാധ്യായയെ ഉടൻ വിട്ടുനൽകാനാകില്ലെന്ന് വ്യക്തമാക്കി മമതാ ബാനർജി പ്രധാനമന്ത്രിക്ക് ഇന്നലെ കത്തയച്ചിരുന്നു. 

click me!