omicron: വാക്സീൻ മൂന്നാം ഡോസിൽ തീരുമാനം ഉടൻ, ഒമിക്രോൺ ആശങ്കയ്ക്കിടെ കർണാടക മുഖ്യമന്ത്രി ദില്ലിയിലേക്ക്

By Asianet MalayalamFirst Published Dec 1, 2021, 11:43 AM IST
Highlights

കർണാടകയിൽ ഒമിക്രോൺ സംശയിക്കുന്ന ദക്ഷിണാഫ്രിക്കൻ സ്വദേശിയുടെ പരിശോധന ഫലം ഉടൻ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്

ദില്ലി: ഒമിക്രോൺ വൈറസ് ബാധയിൽ ആശങ്ക തുടരുന്നതിനിടെ ക‍ർണാടക മുഖ്യമന്ത്രി ബസവ്വരാജ ബൊമ്മയ നാളെ ദില്ലിയിൽ എത്തും. കേന്ദ്രആരോ​ഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യയുമായുള്ള കൂടിക്കാഴ്ചയ്ക്കയാണ് ബൊമ്മയ ദില്ലിയിൽ എത്തുന്നത്. സംസ്ഥാനത്തിന് ബൂസ്റ്റ‍ർ ഡോസ് വാക്സീൻ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട ച‍ർച്ചകൾക്കാണ് മുഖ്യമന്ത്രി ദില്ലിയിലേക്ക് പോകുന്നതെന്നാണ് ഔദ്യോ​ഗിക വിശദീകരണമെങ്കിലും ഒമിക്രോൺ വ്യാപന ഭീഷണിയാവും കൂടിക്കാഴ്ചയിലെ പ്രധാന ച‍ർച്ചയെന്നാണ് സൂചന. ‌‌‌

കർണാടകയിൽ ഒമിക്രോൺ സംശയിക്കുന്ന ദക്ഷിണാഫ്രിക്കൻ സ്വദേശിയുടെ പരിശോധന ഫലം ഉടൻ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംശയത്തെ തുടർന്ന് സാംപിൾ ഐസിഎംആർ ൽ വിദഗ്ധ പരിശോധനയ്ക്ക് നൽകിയിരിക്കുകയാണ്. ഡെൽറ്റ വൈറസിൽ നിന്ന് വ്യത്യസ്ഥമായ വകഭേദമാണെന്ന് ആദ്യഘട്ട പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്

ഈ മാസം 20 നാണ് ദക്ഷിണാഫ്രിക്കൻ സ്വദേശിയായ 63കാരൻ ബംഗ്ലൂരുവിലെത്തിയത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന മറ്റൊരു ദക്ഷിണാഫ്രിക്കൻ സ്വദേശിക്കും കൊവിഡ് സ്ഥിരീകരിച്ചെങ്കിലും ഡെൽറ്റാ വൈറസ് എന്ന് വ്യക്തമായിരുന്നു. ദക്ഷിണാഫ്രിക്കൻ സ്വദേശിയുമായി സമ്പർക്കത്തിൽ വന്നവരെ  ക്വാറന്റീലാക്കി. ഇവരുടെ സാമ്പിളുകളും പരിശോധനയ്ക്ക് നൽകിയിരിക്കുകയാണ്. പരിശോധന ഫലം എന്തെന്ന് ദില്ലിയിൽ നിന്ന് പ്രഖ്യാപിക്കുമെന്ന് കർണാടക ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു. വിദേശത്ത് നിന്ന് കർണാടകയിൽ എത്തുന്നവർക്ക് ആർടിപിസിആർ പരിശോധനയും ക്വാറന്റീനും നിർബന്ധമാക്കിയിട്ടുണ്ട്.

അതേസമയം ലോകരാജ്യങ്ങളിൽ ഒമിക്രോൺ വൈറസ് വ്യാപിക്കുകയും ഇന്ത്യ വൈറസ് ഭീതി നേരിടുകയും ചെയ്യുന്ന സാഹചര്യത്തിൽ കൊവിഡിൻ്റെ ബൂസ്റ്റർ ഡോസ് അനുവദിക്കുന്നതിൽ കേന്ദ്രസർക്കാർ ഉടൻ തീരുമാനമെടുത്തേക്കും. മൂന്നാം ഡോസ് വാക്സീനിൽ തീരുമാനം വൈകില്ലെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. ഡിസംബർ രണ്ടാം വാരത്തോടെ ഇത് സംബന്ധിച്ച നയം പുറത്തിറക്കുമെന്ന് ആരോഗ്യ മന്ത്രാലയത്തിൽ ഉദ്യോ​ഗസ്ഥർ സൂചിപ്പിച്ചു. ഒമിക്രോൺ മുൻകരുതലിൻ്റെ ഭാ​ഗമായി ഹൈറിസ്ക് രാജ്യങ്ങളിൽ നിന്നും ഇന്ത്യയിൽ എത്തിയ 1013 യാത്രക്കാരെ പരിശോധനക്ക് വിധേയമാക്കിയതായി ദില്ലി വിമാനത്താവള അധികൃതർ അറിയിച്ചു. എന്നാൽ ഇവരുടെ പരിശോധനഫലം പുറത്തു വിട്ടിട്ടില്ല. 

ഒമിക്രോണ്‍ വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഹൈ റിസ്ക് രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്കുള്ള പ്രത്യേക നിയന്ത്രണം നെടുമ്പാശേരി വിമാനത്താവളത്തില്‍  ഇന്നു പുലര്‍ച്ചെ മുതല്‍ ആരംഭിച്ചു. ഇത്തരം രാജ്യങ്ങളില്‍ നിന്നെത്തുന്നവരെ  ആര്‍ ടിപിസിആര്‍ പരിശോധനക്ക് ശേഷം മാത്രമെ വിമാനത്താവളത്തില്‍ നിന്നും പുറത്തുവിടു. കേന്ദ്ര സര്‍ക്കാറിന്‍റെ പ്രത്യേക നിര്‍ദ്ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ ഫലം  നെഗറ്റീവാണെങ്കിലും 14 ദിവസം ക്വാറന്‍റൈനില്‍ കഴിയണം.  7 ദിവസം ഹോം ക്വാറന്‍റൈനില്‍ കഴിഞ്ഞ ശേഷം വീണ്ടും ആര്‍ടിപിസിആര്‍ എടുത്ത് നെഗറ്റീവെങ്കില്‍ 7 ദിവസം കൂടി ക്വാറൈന്‍റൈനില്‍ കഴിയണമെന്നാണ് നിര്‍ദ്ദേശം നല്‍കുന്നത്. വിമാനത്താവളത്തില്‍ നടത്തുന്ന ആര്‍ടിപിസിആര്‍ പരിശോധനയില്‍ പോസിറ്റീവെങ്കില് ഉടന്‍ കോവിഡ് കെയര്‍ സെന‍്ററിലാക്ക് മാറ്റും. ഏതുവൈറസെന്ന് സ്ഥിരീകരിക്കാന്‍  പോസിറ്റിവായവരില്‍ കൂടുതല്‍ പരിശോധനകളും നടത്തുന്നുണ്ട്. 

അതിനിടെ സംസ്ഥാനത്ത് കൊവിഡ് വാക്സിൻ എടുക്കാത്തവർക്കെതിരെ കർശന നടപടികളിലേക്ക് സർക്കാർ കടന്നു. വാക്സിൻ എടുക്കാത്തവർക്ക് ഇനി സൗജന്യ കൊവിഡ് ചികിത്സ ഉണ്ടാകില്ല. വാക്സിൻ എടുക്കാത്ത ജീവനക്കാർ ആഴ്ച തോറും സ്വന്തം ചെലവിൽ ആർടിപിസിർ പരിശോധന നടത്താതെ ഓഫീസിൽ എത്തരുത്. ഒമിക്രോൺ ഭീഷണി കണക്കിലെടുത്ത് കൂടുതൽ ഇളവുകൾ നൽകേണ്ടെന്നും തീരുമാനമായി.

ഒമിക്രോൺ ഭീഷണി കണക്കിലെടുത്താണ് വാക്സിനിൽ കൂടുതൽ കടുപ്പിക്കാനുള്ള സർക്കാർ തീരുമാനം. 5000 ത്തോളം അധ്യാപകരടക്കമുള്ള സർകക്കാർ ജീവനക്കാർ വാക്സിൻ എടുക്കാതെ മാറിനിൽക്കുന്നത് അതീവ ഗൗരവത്തോടെയാണ് സർക്കാ‍ർ കാണുന്നത്. പ്രചാരണത്തിനപ്പുറമുള്ള നടപടികളിലേക്കാണ് സർക്കാർ കടക്കുന്നത്. കൊവിഡ് സൗജന്യ ചികിത്സ ഇനി വാക്സിൻ എടുത്തവർക്ക് മാത്രമായി പരിമിതപ്പെടുത്തും. രോഗങ്ങൾ, അലർജി എന്നിവ കൊണ്ട് വാക്സിൻ എടുക്കാത്ത അധ്യാപകരടക്കമുള്ള ജീവനക്കാർ സർക്കാർ ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കണം. അല്ലെങ്കിൽ ആഴ്ച തോറും സ്വന്തം ചെലവിൽ ആർടിപിസിആ‌ നെഗറ്റീവ് സർട്ടിഫിക്കറ്റ് കൊണ്ടുവരണം

സ്കൂൾ പ്രവർത്തി ദിവസം ഉച്ചവരെ എന്നത് തുടരും. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സ്കൂളിലെത്തി പഠിക്കാൻ അവസരം നൽകും. തിയേറ്ററിൽ കാണികളുടെ എണ്ണം  50 ശതമാനത്തിൽ നിന്നും കൂട്ടണമെന്ന സിനിമാ സംഘടനകളുടെ ആവശ്യത്തിനംു വില്ലനായത് ഒമിക്രോൺ. മരക്കാർ റിലീസിന് മുമ്പ് സീറ്റ് കപ്പാസിറ്റി കൂട്ടാൻ സർക്കാറും സിനിമാ നിർമ്മാതാവും തമ്മിൽ  ധാരണയായതായിരുന്നു. നാളെ മുതൽ 15 വരെ രണ്ടാം ഡോസ് വാക്സിനേഷനായി തദ്ദേശതലത്തിൽ പ്രത്യേക യജ്ഞംസ ഘടിപ്പിക്കും. വിമാനത്താവളത്തിൽ ഒമിക്രോൺ ജാഗ്രത കർശവനമാക്കും. 

click me!