പെഗാസസ് വിഷയത്തിൽ സഭ സ്തംഭിപ്പിച്ച് പ്രതിപക്ഷം; കൊവിഡ് ചർച്ചയുമായി കളം മാറ്റി കേന്ദ്രസർക്കാർ

By Asianet MalayalamFirst Published Jul 20, 2021, 2:50 PM IST
Highlights

പെഗാസസ് ഫോൺ ചോർത്തൽ വിവാദത്തിൽ തുടർച്ചയായി രണ്ടാം ദിവസമാണ് പാർലമെൻ്റ് സ്തംഭിക്കുന്നത്. പെഗാസസ് വാങ്ങിയോ എന്ന് പ്രതിപക്ഷം ആവർത്തിച്ചു ചോദിച്ചപ്പോൾ എല്ലാം കള്ളപ്രചാരണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തിരിച്ചടിച്ചു

ദില്ലി: പെഗാസസ് ഫോൺ ചോർത്തൽ വിവാദത്തിൽ പാർലമെൻറ് ഇന്നും സ്തംഭിച്ചു. പെഗാസസ് സ്പൈവെയർ വാങ്ങിയോ എന്ന് സഭയിൽ സർക്കാർ വിശദീകരിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. പരാജയങ്ങൾ കാരണമുള്ള നിരാശ കാരണം പ്രതിപക്ഷം കള്ളം പ്രചരിപ്പിക്കുന്നതായി പ്രധാനമന്ത്രി ഇന്ന് പാർലമെൻ്റിൽ ആരോപിച്ചു.

പെഗാസസ് ഫോൺ ചോർത്തൽ വിവാദത്തിൽ തുടർച്ചയായി രണ്ടാം ദിവസമാണ് പാർലമെൻ്റ് സ്തംഭിക്കുന്നത്. പെഗാസസ് വാങ്ങിയോ എന്ന് പ്രതിപക്ഷം ആവർത്തിച്ചു ചോദിച്ചപ്പോൾ എല്ലാം കള്ളപ്രചാരണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തിരിച്ചടിച്ചു. പെ​ഗാസസ് വിവാദത്തിൽ പാർലമെൻ്റിൻ്റെ ഇരുസഭകളും ഇന്നും പ്രക്ഷുബ്ധമായി. പെഗാസസ് ഉപയോഗിച്ചുള്ള ഫോൺ ചോത്തലിൽ ആദ്യം ചർച്ച വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇരുസഭകളിലും നടുത്തളത്തിൽ ഇറങ്ങി പ്രതിപക്ഷം മുദ്രാവാക്യം മുഴക്കി. 

പെഗാസസ് ചാര സോഫ്റ്റ് വെയ‍ർ ഇന്ത്യ വാങ്ങിയിരുന്നോ എന്നതിൽ വ്യക്തത വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു ബഹളം. സർക്കാരിനെതിരെ ഒന്നിച്ചു നീങ്ങാൻ രാവിലെ ചേർന്ന പ്രതിപക്ഷ യോഗം തീരുമാനിച്ചിരുന്നു. രാവിലെ ചേർന്ന ബിജെപി പാർലമെൻ്ററി പാർട്ടി യോഗത്തിലാണ് പ്രധാനമന്ത്രി പ്രതിപക്ഷത്തിനെതിരെ വിമർശനം ഉന്നയിച്ചത്. പെഗാസസ് ചോർത്തലിനെക്കുറിച്ച് പ്രധാനമന്ത്രി പരാമർശിച്ചില്ല. എന്നാൽ പ്രതിപക്ഷം കള്ളങ്ങൾ പ്രചരിപ്പിക്കുന്നു എന്ന് നരേന്ദ്ര മോദി വിമർശിച്ചു. 

വാക്സീൻറെ കാര്യത്തിലും കള്ളപ്രചാരണം നടക്കുന്നു. രാജ്യത്ത് വാക്സീൻ ലഭ്യത കൂട്ടാൻ സർക്കാർ എടുത്ത നടപടികൾ ജനങ്ങളിൽ എത്തിക്കണമെന്ന് മോദി എംപിമാരോട് ആവശ്യപ്പെട്ടു. പെഗാസസ് വിഷയത്തിൽ ചർച്ച വേണമെന്ന് പ്രതിപക്ഷം ഉന്നയിക്കുമ്പോൾ കൊവിഡ് സാഹചര്യത്തെക്കുറിച്ചുള്ള ചർ‍ച്ച നിശ്ചയിച്ച് നേരിടാനാണ് സർക്കാർ നീക്കം. രാജ്യസഭയിൽ ഇന്നു ചർച്ച നിശ്ചയിച്ചതും വിഷയം മാറ്റാനാണ്. ഫോൺ ചോർത്തലിൽ കൂടുതൽ വിവരങ്ങൾ വരാനിരിക്കെ സർക്കാരിനെതിരെയുള്ള ഈ ആയുധം തല്ക്കാലം ഉപേക്ഷിക്കേണ്ടതില്ലെന്നാണ് പ്രതിപക്ഷത്തിൻറെ തീരുമാനം. രാവിലെ നിർത്തിവച്ച രാജ്യസഭ ഉച്ചയ്ക്ക് രണ്ട് മണിയോടെ വീണ്ടും ചേർന്ന് രാജ്യത്തെ കൊവിഡ് സാഹചര്യം ഇപ്പോൾ ചർച്ച ചെയ്തു കൊണ്ടിരിക്കുകയാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!