സിബിഎസ്ഇ പരീക്ഷാ സമയം ചുരുക്കുന്നതിനോട് യോജിച്ച് വിദ്യാഭ്യാസ മന്ത്രാലയം

By Web TeamFirst Published May 26, 2021, 8:08 AM IST
Highlights

കഴിഞ്ഞ ദിവസം ഈ വിഷയത്തിൽ നടന്ന യോഗത്തിൽ ഭൂരിഭാഗം സംസ്ഥാനങ്ങളും പരീക്ഷ ഉപേക്ഷിക്കേണ്ടതില്ലെന്ന നിലപാടാണ് കൈക്കൊണ്ടത്

ദില്ലി: സിബിഎസ്ഇ പരീക്ഷ സമയം ചുരുക്കി നടത്തുന്നതിനോട് യോജിച്ച് വിദ്യാഭ്യാസ മന്ത്രാലയം. ചില പരീക്ഷകൾ മാത്രം സമയം ചുരുക്കി നടത്തണമെന്നാണ് നിലപാട്. പ്രധാനമന്ത്രിയുടെ ഓഫീസിന് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം ഈ വിഷയത്തിൽ നടന്ന യോഗത്തിൽ ഭൂരിഭാഗം സംസ്ഥാനങ്ങളും പരീക്ഷ ഉപേക്ഷിക്കേണ്ടതില്ലെന്ന നിലപാടാണ് കൈക്കൊണ്ടത്. സെപ്തംബറിലോ അതിന് ശേഷമോ പരീക്ഷ നടത്തുന്ന കാര്യം ആലോചിക്കണമെന്നാണ് സംസ്ഥാനങ്ങളുടെ നിലപാട്. പരീക്ഷ നടത്തേണ്ടെന്നും ഉപേക്ഷിക്കണമെന്നും ദില്ലിയും മഹാരാഷ്ട്രയും ആവശ്യപ്പെട്ടിരുന്നു. ചില പരീക്ഷകൾ മാത്രം നടത്താമെന്ന് കേന്ദ്രം നിർദ്ദേശിച്ചു. പരീക്ഷ ഒന്നര മണിക്കൂറാക്കാം എന്ന നിർദ്ദേശവും ചർച്ചയായി. വിദ്യാർത്ഥികൾക്ക് വാക്സീൻ എത്രയും വേഗം നൽകണമെന്ന് സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടു. ഒടുവിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം പ്രധാനമന്ത്രിക്ക് വിടുകയാണ്.

സിബിഎസ്ഇ പന്ത്രണ്ടാം ക്ളാസ് പരീക്ഷ മാറ്റിവയ്ക്കാനാണ് നേരത്തെ കേന്ദ്രസർക്കാർ തീരുമാനിച്ചത്. ജൂൺ ഒന്നിന് കൊവിഡ് സ്ഥിതി വിലയിരുത്തി തീരുമാനം എടുക്കാനും ധാരണയിലെത്തിയിരുന്നു. പരീക്ഷയുമായി മുന്നോട്ടു പോകണം എന്ന പൊതു വികാരമാണ് സംസ്ഥാനങ്ങൾക്ക്. എന്നാൽ ജൂലൈക്ക് മുമ്പ് പരീക്ഷ നടത്താനുള്ള സാഹചര്യമില്ല. വിദ്യാർത്ഥികൾക്ക് ഒന്നിലധികം അവസരം നൽകുകയെന്ന നിർദ്ദേശവുമുണ്ട്. 

പന്ത്രണ്ടാം ക്ളാസ് പരീക്ഷ വൈകുമ്പോൾ നീറ്റ് ഉൾപ്പടെയുള്ള പ്രവേശന പരീക്ഷകളെയും ബാധിക്കും. രാജ്യത്ത് കൊവിഡ് കേസുകൾ തുടർച്ചയായി കുറയുന്ന സാഹചര്യത്തിൽ കൂടിയാണ് പരീക്ഷ ഉപേക്ഷിക്കേണ്ടതില്ലെന്ന നിലപാട് സംസ്ഥാനങ്ങൾ പ്രകടിപ്പിക്കുന്നത്. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!