
ദില്ലി: ഇന്ത്യക്കെതിരെ അറബ് രാഷ്ട്രങ്ങളില്‍ പ്രതിഷേധമുയരുമ്പോള്‍ കേന്ദ്രസര്‍ക്കാരും ബിജെപിയും കൂടുതല്‍ പ്രതിരോധത്തിലേക്ക്. പ്രധാനമന്ത്രി കടുത്ത അതൃപ്തിയിലാണ്. മോദിയുടെ 8 വര്‍ഷത്തെ ഭരണത്തില്‍ ഭാരതമാതാവ് അപമാനഭാരത്താല്‍ തലകുനിച്ചെന്ന് മുന്‍ ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി വിമര്‍ശിച്ചു.
പാര്‍ട്ടി വക്താക്കളുണ്ടാക്കിയ പുകിലില്‍ ബിജെപിയും കേന്ദ്രസര്‍ക്കാരും നേരിടുന്നത് സമാനതകളില്ലാത്ത പ്രതിസന്ധിയാണ്. നുപുര്‍ ശര്‍മ്മയുടെ വിവാദ പ്രസ്താവനയില്‍ കാണ്‍പൂരില്‍ സംഘര്‍ഷം ശക്തമായപ്പോള്‍ മിണ്ടാതിരുന്ന നേതൃത്വം അറബ് രാഷ്ട്രങ്ങള്‍ നിലപാട് കടുപ്പിച്ചതിന് ശേഷം മാത്രമാണ് ഇത്തരം പ്രസ്താവനകളെ അംഗീകരിക്കില്ലെന്ന നിലപാട് വ്യക്തമാക്കിയത്. ഉഭയകക്ഷി ബന്ധം തുലാസിലാകും വിധം അറബ് രാഷ്ട്രങ്ങള്‍ ഒന്നിച്ചപ്പോള്‍ വക്താക്കള്‍ക്കെതിരെ പാര്‍ട്ടിക്ക് നടപടിയെടുക്കേണ്ടിയും വന്നു.
അറബ് രാജ്യങ്ങളുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്, രാജ്യത്തിന്‍റെ പ്രതിഛായയ്ക്ക് മങ്ങലേല്‍പിച്ച നടപടി കടുത്ത ക്ഷീണമായി. ലോക രാജ്യങ്ങളുമായി കൂടുതല്‍ അടുക്കാനും മോദിയുടെ ഭരണ നേട്ടങ്ങള്‍ ഇന്ത്യക്ക് പുറത്തേക്ക് എത്തിക്കാനുമായി അടുത്തിടെ പാര്‍ട്ടി തുടങ്ങി വച്ച ബിജെപിയെ അറിയുക എന്ന പ്രചാരണ പരിപാടിക്കും തിരിച്ചടിയായി. ചില വിദേശ രാജ്യ പ്രതിനിധികളുമായി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ ചര്‍ച്ച നടത്തി വരുമ്പോഴാണ് പാര്‍ട്ടി വക്താക്കളുടെ വര്‍ഗീയ പരാമര്‍ശങ്ങള്‍ ഇരുട്ടടിയായത്.
Read Also: പ്രവാചക നിന്ദ: നുപുർ ശർമ്മക്ക് നേരെ ഭീഷണി, ദില്ലി പൊലീസ് കേസ് എടുത്തു
പ്രതിപക്ഷ പാര്‍ട്ടികള്‍ നിലപാട് കടുപ്പിച്ചു. ഇന്ത്യ പെട്ടിരിക്കുന്ന ആപത്ത് പ്രധാനമന്ത്രിയും, ആര്‍എസ്എസും തിരിച്ചറിയണമെന്ന് കോണ്‍ഗ്രസ് വക്താവ് പരവന്‍ ഖേര ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
അതേ സമയം ബിജെപിയിലും രണ്ട് അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. വക്താക്കള്‍ക്കെതിരെ നേരത്തെ തന്നെ നടപടി വേണമായിരുന്നുവെന്ന് ഒരു വിഭാഗം ആവശ്യപ്പെടുമ്പോള്‍, വക്താക്കളെ ലോകരാഷ്ട്രങ്ങള്‍ക്കു മുമ്പില്‍ തള്ളിപ്പറഞ്ഞതിനെ സുബ്രഹ്മണ്യന്‍ സ്വാമി കുറ്റപ്പെടുത്തി. അതിര്‍ത്തി വിഷയത്തില്‍ ചൈനക്കും, യുക്രെയ്ന്‍ വിഷയത്തില്‍ റഷ്യക്കും മുന്‍പില്‍ മുട്ടുമടക്കിയ ഇന്ത്യ ഇപ്പോള്‍ ദണ്ഡനമ്സ്കാരം ചെയ്തിരിക്കുകയാമെന്ന് വിദേശകാര്യ നയത്തെ വിമര്‍ശിച്ച് സ്വാമി പരിഹസിച്ചു. വിമര്‍ശനം കടുക്കുമ്പോള്‍ വക്താക്കള്‍ക്കടക്കം പെരുമാറ്റചട്ടം കൊണ്ടുവരുന്നതിനെ കുറിച്ച് ബിജെപി ആലോചന തുടങ്ങിയെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.