പ്രവാചക നിന്ദ: നുപുർ ശർമ്മക്ക് നേരെ ഭീഷണി, ദില്ലി പൊലീസ് കേസ് എടുത്തു

Published : Jun 06, 2022, 12:15 PM ISTUpdated : Jun 06, 2022, 12:18 PM IST
പ്രവാചക നിന്ദ: നുപുർ ശർമ്മക്ക് നേരെ ഭീഷണി, ദില്ലി പൊലീസ് കേസ് എടുത്തു

Synopsis

തനിക്കും കുടുംബത്തിനും വധഭീഷണിയുണ്ടെന്ന് കഴിഞ്ഞ് ദിവസം നുപുർ ശർമ്മ പറഞ്ഞിരുന്നു. ടെലിവിഷൻ വാർത്താ സംവാദത്തിനിടെ പ്രവാചകൻ മുഹമ്മദ് നബിയെക്കുറിച്ച്   പരാമർശം നടത്തിയതിന് ബിജെപി വക്താവായ നുപുർ ശർമ്മയെ പാര്‍ട്ടി ഇന്നലെ സസ്പെൻഡ് ചെയ്തിരുന്നു. 

ദില്ലി: പ്രവാചക നിന്ദ പരാമര്‍ശ വിവാദത്തില്‍ ബിജെപി നേതാവ് നുപൂര്‍ ശര്‍മ്മയ്ക്കെതിരെയുണ്ടായ ഭീഷണിയില്‍ ദില്ലി പൊലീസ് കേസെടുത്തു. തനിക്കും കുടുംബത്തിനും വധഭീഷണിയുണ്ടെന്ന് കഴിഞ്ഞ് ദിവസം നുപുർ ശർമ്മ പറഞ്ഞിരുന്നു.

'എന്‍റെ മേല്‍വിലാസം പരസ്യപ്പെടുത്തരുതെന്ന് എല്ലാ മാധ്യമസ്ഥാപനങ്ങളോടും എല്ലാവരോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. എന്‍റെ കുടുംബത്തിന് നേരെ ഭീഷണിയുണ്ട്'. ഇന്നലെ വൈകിട്ട് മുപുര്‍ ശര്‍മ്മ ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ദില്ലി പൊലീസ് കേസ് എടുത്തിരിക്കുന്നത്. 

ടെലിവിഷൻ വാർത്താ സംവാദത്തിനിടെ പ്രവാചകൻ മുഹമ്മദ് നബിയെക്കുറിച്ച്   പരാമർശം നടത്തിയതിന് ബിജെപി വക്താവായ നുപുർ ശർമ്മയെ പാര്‍ട്ടി ഇന്നലെ സസ്പെൻഡ് ചെയ്തിരുന്നു. 

ഗ്യാൻവാപി സംഭവത്തെ കുറിച്ചുള്ള  ഒരു ടിവി ചർച്ചയിൽ, ഇസ്ലാമിക മതഗ്രന്ഥങ്ങളിൽ നിന്നുള്ള ചില കാര്യങ്ങൾ ആളുകൾ പരിഹാസ പാത്രമാണെന്ന് നുപുർ പറഞ്ഞതായാണ് റിപ്പോര്‍ട്ട്. അതേസമയം മുസ്ലീങ്ങൾ ഹിന്ദു വിശ്വാസത്തെ പരിഹസിക്കുകയാണെന്നും മസ്ജിദ് സമുച്ചയത്തിനുള്ളിൽ കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന 'ശിവലിംഗം' ജലധാരയ്ക്കുപയോഗിച്ച സ്തൂപമാണെന്നാണ് അവര്‍ പറയുന്നതെന്നും നുപുര്‍ ആരോപിച്ചു.

മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ഇവര്‍ക്കെതിരെ നേരത്തെ എഫ്‌ഐആർ  രജിസ്റ്റർ ചെയ്തിരുന്നു. പുനെ മുനിസിപ്പൽ കോർപ്പറേഷനിലെ മുൻ കൗൺസിലറും എൻസിപി പ്രാദേശിക നേതാവുമായ അബ്ദുൾ ഗഫൂർ പത്താൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്.

Read Also: ആരാണ് നുപുര്‍ ശര്‍മ്മ ? രാജ്യത്തിന് തലവേദനയായ വിവാദത്തിന് വഴിവച്ച ബിജെപി നേതാവ്

സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ അറബ് രാഷ്ട്രങ്ങളില്‍ കടുത്ത പ്രതിഷേധമാണുയരുന്നത്. ഇന്ത്യന്‍ സ്ഥാനപതിയെ വിളിച്ചുവരുത്തി ഖത്തറും, കുവൈറ്റും പ്രതിഷേധമറിയിച്ചു.ഒമാന്‍ ഗ്രാന്‍റ് മുഫ്ത്തിയും പ്രസ്ചാവനകളെ ശക്തമായി അപലപിച്ചു. വക്താക്കളുടേത് സര്‍ക്കാര്‍ നിലപാടല്ലെന്ന് ഇന്ത്യ വ്യക്തമാക്കിയതിന് പിന്നാലെ നുപുര്‍ ശര്‍മ്മയേയും,നവീന്‍ കുമാര്‍ ജിന്‍ഡാലിനെയും  ബിജെപി പുറത്താക്കുകയായിരുന്നു. 

ബിജെപി  വക്താക്കളായ നുപുര്‍ ശര്‍മ്മ, നവീന്‍ കുമാര്‍ ജിന്‍ഡാല്‍ എന്നിവര്‍ നടത്തിയ നബി വിരുദ്ധ  പ്രസ്താവനകളും ട്വീറ്റുകളുമാണ് കേന്ദ്രസര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയത്. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്‍റെ സന്ദര്‍ശനത്തിന് മുന്നോടിയായി ഖത്തറിലെ സമൂഹമാധ്യമങ്ങളില്‍ വിവാദം കൊഴുത്തു. ഇന്ത്യ  ഭരിക്കുന്ന പാര്‍ട്ടിയുടെ ഔദ്യോഗിക വക്താക്കളുടെ നിലപാട് ഇതാണെങ്കില്‍ ഉപരാഷ്ട്രപതിയെ ബഹിഷക്കരിക്കണമെന്ന ആഹ്വാനം പോലുമുയര്‍ന്നതായി റിപ്പോര്‍‍ട്ടുകളുണ്ടായിരുന്നു. 

ഇന്ത്യന്‍ സ്ഥാനപതിയെ വിളിച്ചുവരുത്തിയ ഖത്തര്‍ പ്രസ്താവനകളില്‍ കടുത്ത അതൃപ്തിയും നിരാശയുമറിയിച്ചു. കുവൈറ്റും സ്ഥാനപതിയെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചു.ഒമാന്‍ ഗ്രാന്‍റ് മുഫ്തിയും നിലപാട് കടുപ്പിച്ചു.  സര്‍ക്കാര്‍ നിലപാട് ഇതല്ലെന്ന് വ്യക്തമാക്കിയ ഇന്ത്യ സാമൂഹിക വിരുദ്ധരാണ് ഇത്തരം പ്രസ്താവനകള്‍ക്ക് പിന്നിലെന്ന് പറഞ്ഞു. തുടര്‍ന്ന്  ദേശീയ വക്താവ് നുപുര്‍ ശര്‍മ്മയെ പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്ത ബിജെപി, നവീന്‍ ജിന്‍ഡാലിനെ പുറത്താക്കുകയും  ചെയ്തു.  ആരുടെയും മത വിശ്വാസത്തെ വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും, പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നുവെന്നും നടപടി നേരിട്ട നേതാക്കള്‍ പ്രതികരിച്ചു. ഉഭയകക്ഷി ബന്ധത്തെ പോലും ബാധിക്കുമെന്ന രീതിയിലേക്ക് കാര്യങ്ങള്‍ വളര്‍ന്നത് സര്‍ക്കാരിനുണ്ടാക്കിയ സമ്മര്‍ദ്ദം ചെറുതല്ല. ഇരുവര്‍ക്കുമെതിരായ നിയമ നടപടികളിലെ തുടര്‍നീക്കങ്ങളും അന്താരാഷ്ട്ര തലത്തില്‍ നിര്‍ണ്ണായകമാകും. 

Read Also; ബിജെപി നേതാക്കളുടെ നബി നിന്ദ: ലോകരാഷ്ട്രങ്ങൾ ഇന്ത്യക്ക് പരസ്യശാസന നൽകണമെന്ന് പാക്കിസ്ഥാൻ


 

PREV
Read more Articles on
click me!

Recommended Stories

ദേശീയപാത തകർന്ന സംഭവം; വിദഗ്ധ സമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കും, 3 അംഗ വിദഗ്ധ സമിതി സ്ഥലം സന്ദർശിച്ചു
യാത്രാ പ്രതിസന്ധി; ഇൻഡിഗോ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നല്‍കി ഡിജിസിഎ, ഇന്ന് മറുപടി നൽകണം