
ന്യൂഡൽഹി: പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹി ജന്തർ മന്തറിൽ നടക്കുന്ന കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) അനിശ്ചിതകാല നിരാഹാര സമരത്തിൽ പങ്കുചേർന്ന പ്രമുഖ വിദ്യാഭ്യാസ പരിഷ്കർത്താവും പരിസ്ഥിതി പ്രവർത്തകനുമായ സോനം വാങ്ചുകിന്‍റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. സമരം 16-ാം ദിവസത്തിലേക്ക് കടന്നതോടെ അദ്ദേഹത്തിന്‍റെ ശരീരഭാരം 8.2 കിലോഗ്രാം കുറഞ്ഞതായി സിജെപി വൃത്തങ്ങൾ തിങ്കളാഴ്ച അറിയിച്ചു. വാങ്ചുകിന്റെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവും താഴ്ന്നു. രക്തസമ്മർദ്ദം 107/70 ആയി രേഖപ്പെടുത്തിയതായും അദ്ദേഹത്തെ പരിശോധിച്ച മെഡിക്കൽ സംഘം വ്യക്തമാക്കി.
പരീക്ഷാ തട്ടിപ്പുകൾക്കെതിരെ വിദ്യാർത്ഥി സംഘടനകളും യുവജനങ്ങളും നടത്തുന്ന ഈ പ്രതിഷേധം നിലവിൽ 24 ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്. പ്രതിഷേധക്കാരുടെ ന്യായമായ ആവശ്യങ്ങളോട് എത്രയും വേഗം കേന്ദ്ര സർക്കാർ അനുകൂലമായി പ്രതികരിക്കണമെന്ന് സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ ആവശ്യപ്പെട്ടു. മനുഷ്യജീവനുകൾ വെച്ചുള്ള ഈ പോരാട്ടത്തെ ഭരണകൂടം തങ്ങളുടെ ഈഗോയായി കാണരുതെന്നും തെറ്റുകൾ തിരുത്തുന്നത് ബലഹീനതയല്ല, മറിച്ച് ഉത്തരവാദിത്തബോധത്തിന്‍റെ ലക്ഷണമാണെന്നും അദ്ദേഹം സമൂഹമാധ്യമമായ എക്സിലൂടെ ഓർമ്മിപ്പിച്ചു.
അതേസമയം, സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മുൻ ഡൽഹി മുഖ്യമന്ത്രി ആതിഷിയുടെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടി പ്രതിനിധി സംഘവും സിപിഎം എംപി അമരാറാമിന്‍റെ നേതൃത്വത്തിലുള്ള മുതിർന്ന നേതാക്കളും സമരപ്പന്തൽ സന്ദർശിച്ചു. സുതാര്യമായ പരീക്ഷാ സംവിധാനം ഉറപ്പാക്കണമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ അടിയന്തരമായി രാജിവെക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. വിദ്യാഭ്യാസ മന്ത്രിയുടെ രാജിക്ക് പുറമെ പരീക്ഷാ ക്രമക്കേടുകളെ തുടർന്നുണ്ടായ മാനസികവിഷമത്താൽ ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം. ജൂൺ 20ന് ആരംഭിച്ച ഈ സമരത്തിൽ ജൂൺ 28നാണ് സോനം വാങ്ചുക് പങ്കുചേർന്നത്. വരും ദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കാനാണ് പ്രതിഷേധക്കാരുടെ തീരുമാനം. ഇതിന്റെ ഭാഗമായി പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനം ആരംഭിക്കുന്ന ജൂലൈ 20ന് ജന്തർ മന്തറിൽ നിന്നും പാർലമെന്‍റിലേക്ക് വലിയ രീതിയിലുള്ള സമാധാനപരമായ മാർച്ച് നടത്താനും സിജെപിയും വിദ്യാർത്ഥി സംഘടനകളും തീരുമാനിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam