
ദില്ലി: ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന്‍റെ പുനരുജ്ജീവന പാക്കേജിന് 1.64 ലക്ഷം കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രം. പദ്ധതിക്ക് കേന്ദ്ര കാബിനറ്റ് അംഗീകാരം നൽകിയതായി ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ഇത് ബിഎസ്എൻഎൽ സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും കമ്പനിയുടെ ഫൈബർ ശ്യംഖല വർധിപ്പിക്കുന്നത് അടക്കമാണ് പാക്കേജ്. പുനരുജ്ജീവന പാക്കേജ് നാല് വർഷത്തേക്കാണ്. ആദ്യ രണ്ട് വർഷങ്ങൾ കൊണ്ട് നവീകരണം പൂർത്തിയാക്കും. കുടാതെ ഭാരത് ബ്രോഡ്ബാൻഡ് നിഗം ലിമിറ്റഡിനെ ബിഎസ്എൻഎല്ലുമായി ലയിപ്പിക്കുമെന്നും സർക്കാർ വ്യക്തമാക്കി.
സ്കൂളുകളിൽ ഇനി അതിവേഗ ഇന്റർനെറ്റ്, 100 എംബിപിഎസ് വേഗതയിൽ ബ്രോഡ്ബാൻഡ് കണക്ഷൻ ലഭ്യമാക്കും
സംസ്ഥാനത്തെ സ്കൂളുകളിൽ അതിവേഗ ഇന്റർനെറ്റ് കണക്ഷൻ നൽകാൻ ധാരണ. ഹൈസ്കൂള്‍, ഹയർസെക്കണ്ടറി, വിഎച്ച്എസ്ഇ സ്കൂളുകളില്‍ 100 എംബിപിഎസ് വേഗത്തില്‍ ബ്രോഡ്ബാൻഡ് ഇന്‍റർനെറ്റ് സൗകര്യം ഏർപ്പെടുത്താനാണ് തീരുമാനം. ഇതിനായി കൈറ്റും ബിഎസ്എന്‍എല്ലും തമ്മിൽ ധാരണാപത്രം ഒപ്പിട്ടു. പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയുടെയും പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷിന്‍റേയും സാന്നിധ്യത്തില്‍ കൈറ്റ് സിഇഒ, കെ.അന്‍വർ സാദത്തും ബിഎസ്എന്‍എല്‍ കേരളാ സിജിഎം, സി.വി.വിനോദുമാണ് ധാരണാപത്രത്തിൽ ഒപ്പിട്ടത്.
ഇത് പ്രാവർത്തികമാകുന്നതോടെ സ്കൂളുകളിൽ ഇന്റർനെറ്റിന് വേഗത കൂടും. നിലവിലെ 8 എംബിപിഎസ് വേഗതയുള്ള ഫൈബർ കണക്ഷനുകളാണ് പന്ത്രണ്ടര ഇരട്ടി വേഗത്തില്‍ ബ്രോഡ്ബാൻഡ് ആകുന്നത്. ഹൈടെക് സ്കൂള്‍ പദ്ധതിയില്‍പ്പെട്ട 4,685 സ്കൂളുകളിലെ 45,000 ക്ലാസ്‍മുറികളില്‍ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പഠനത്തിന് വേഗത കൂടിയ ബ്രോഡ്ബാന്‍റ് ലഭ്യമാകും. പ്രതിവർഷം നികുതിക്ക് പുറമേ 10,000 രൂപ നിരക്കില്‍ 8 എംബിപിഎസ് വേഗതയില്‍ ബ്രോഡ്ബാൻഡ് നല്‍കാനുള്ള കരാറില്‍ അധിക തുക ഈടാക്കാതെയാണ് അതിവേഗ ഇന്‍റർനെറ്റ് നൽകുന്നത്. ഒരു സ്കൂളിന് പ്രതിമാസം 3,300 ജിബി ഡേറ്റ ഈ വേഗതയില്‍ ഉപയോഗിക്കാം.
വേഗത കൂടിയ ബ്രോഡ്ബാൻഡ് എല്ലാ ക്ലാസ് മുറികളിലും എത്തുന്നത് ഡിജിറ്റൽ ഓൺലൈൻ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തിയുള്ള ക്ലാസ് റൂം വിനിമയങ്ങൾ ശക്തിപ്പെടുത്തും. കൈറ്റ് വിക്ടേഴ്സ് ചാനൽ എല്ലാ ക്ലാസ് മുറികളിലും തടസങ്ങളില്ലാതെ ലഭ്യമാകാനും ഇത് സഹായിക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam