
കൊൽക്കത്ത : അധ്യാപക നിയമന അഴിമതി കേസില്‍ പശ്ചിമ ബംഗാൾ വ്യവസായ മന്ത്രി പാർത്ഥ ചാറ്റർജിക്കൊപ്പം അറസ്റ്റിലായ അർപ്പിത മുഖർജിയുടെ പുതിയ വെളിപ്പെടുത്തൽ പുറത്ത്. മന്ത്രി തന്നെ മിനി ബാങ്കായാണ് കണക്കാക്കിയിരുന്നതെന്ന് മുഖർജി പറഞ്ഞതായി എൻഡിടിവിയുടെ റിപ്പോർട്ട്. അടുത്ത വിചാരണയിൽ അർപിത മുഖർജിയുടെ അഭിഭാഷകർ ഇഡിയുടെ അവകാശവാദങ്ങൾ നിഷേധിക്കും. രഹസ്യ സ്വഭാവമുള്ള അന്വേഷണത്തിന്റെ വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകിയ സംഭവം അഭിഭാഷകർ ഏജൻസിക്കെതിരെ കോടതിയിൽ ഉന്നയിക്കും. ഇത് കൂടാതെ കേന്ദ്ര ഏജൻസികൾ അന്വേഷിച്ച കേസുകളിൽ ശിക്ഷിക്കപ്പെടുന്നത് ചുരുക്കമാണെന്നും അവർ വാദിക്കും.
മുൻ നടിയും മോഡലുമായ അർപിത മുഖർജിയുടെ വീട്ടിൽ നിന്ന് ഇഡി 21 കോടി രൂപയാണ് പിടിച്ചെടുത്തത്. പാർത്ഥ ചാറ്റർജിയുടെ അടുത്ത അനുയായിയായ അർപ്പിതയെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ഇഡി പാർത്ഥ ചാറ്റർജിയുടെ വസതിയിലും റെയ്ഡ് നടത്തുകയും ശനിയാഴ്ച അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
പണം ഒരു മുറിയിൽ മാത്രമാണ് സൂക്ഷിച്ചിരുന്നതെന്നും പാർത്ഥ ചാറ്റർജിയും അദ്ദേഹത്തിന്റെ ആളുകളും മാത്രമാണ് ആ മുറിയിൽ പ്രവേശിച്ചിരുന്നതെന്നും അർപ്പിത പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. ആഴ്ചയിലൊരിക്കലോ പത്ത് ദിവസം കൂടുമ്പോഴോ മന്ത്രി തന്റെ വീട്ടിൽ വരുമായിരുന്നു. തന്റെ വീടും മറ്റൊരു സ്ത്രീയെയും മിനി ബാങ്ക് ആയാണ് പാർത്ഥ ചാറ്റർജി ഉപയോഗിച്ചത്. ആ സ്ത്രീയും പാർത്ഥ ചാറ്റർജിയുടെ സുഹൃത്താണെന്നും അർപിത മുഖർജി അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴി നൽകിയെന്നാണ് റിപ്പോർട്ട്.
മുറിയിൽ എത്ര പണമുണ്ടായിരുന്നുവെന്ന് മന്ത്രി തന്നോട് വെളിപ്പെടുത്തിയിരുന്നില്ല. ബംഗാളി സിനിമാ താരമാണ് തനിക്ക് ചാറ്റർജിയെ പരിചയപ്പെടുത്തിയത്. 2016 മുതൽ ഇരുവരും സുഹൃത്തുക്കളാണ്. മന്ത്രിയല്ല മറ്റുള്ളവരാണ് പണം കൊണ്ടുവന്നിരുന്നതെന്നും അർപ്പിത പറഞ്ഞു. പാർത്ഥ ചാറ്റർജിയെ ഓഗസ്റ്റ് മൂന്ന് വരെ ഏജൻസിയുടെ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. അർപ്പിതയുടെ വീട്ടിൽ നിന്ന് 2000, 500 നോട്ടുകളായിട്ടാണ് പണം കണ്ടെടുത്തത്. നോട്ടെണ്ണൽ യന്ത്രത്തിന്റെ സഹായത്തോടെയാണ് എണ്ണി പൂർത്തിയാക്കിയത്.
അതേസമയം സംഭവം വലിയ രാഷ്ട്രീയ വിവാദമായിട്ടുണ്ട്.പാർത്ഥയിൽ നിന്ന് അകലാൻ മമത ശ്രമിച്ചാലും ഇരുവരും തമ്മിലുള്ള ബന്ധം പകൽ പോലെ വ്യക്തമാണെന്നും ബി ജെ പി സംസ്ഥാന നേതത്വം ആരോപിച്ചു. എന്നാൽ മന്ത്രിയുടെ അറസ്റ്റ് രാഷ്ട്രീയ പ്രേരിത നീക്കമെന്നാണ് തൃണമൂൽ കോൺഗ്രസ് ആവർത്തിക്കുന്നത്. അന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.
സംഭവത്തിൽ പ്രത്യക്ഷ പ്രതികരണം നടത്തിയില്ലെങ്കിലും മമതാ ബാനർജി പരോക്ഷമായി പ്രതികരിച്ചിരുന്നു. അഴിമതിക്ക് പിന്തുണയില്ലെന്നും കുറ്റക്കാർ ആണെങ്കിൽ ശിക്ഷിക്കപ്പെടണം എന്നുമായിരുന്നു പാർത്ഥ ചാറ്റർജിയുടെയോ അനുയായി അർപ്പിത മുഖർജിയുടെയോ പേരോ അധ്യാപക നിയമന അഴിമതിയോ പരാമർശിക്കാതെയുള്ള മമത ബാനർജിയുടെ പ്രതികരണം. തനിക്കെതിരെ നടക്കുന്നത് അപവാദപ്രചരണങ്ങൾ ആണെന്നും ബംഗാൾ മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
Read More : 'അർപ്പിതയുടെ വീട്ടിൽ കണ്ടെത്തിയ 20 കോടിയിൽ പങ്കാളിത്തം'; ബംഗാൾ മന്ത്രിസഭയിലെ രണ്ടാമനെ അറസ്റ്റ് ചെയ്ത് ഇഡി