ഒഴിവുകൾ നികത്താതെ കേന്ദ്രം, കേന്ദ്ര സർവീസുകളിൽ ഉള്ളത് ഏഴ് ലക്ഷത്തോളം ഒഴിവുകൾ

By Web TeamFirst Published Sep 29, 2019, 9:27 AM IST
Highlights

സാമ്പത്തികമാന്ദ്യം സ്വകാര്യമേഖലയിൽ തൊഴിൽനഷ്ടത്തിനിടയാക്കുന്നു എന്ന റിപ്പോർട്ടുകൾക്കിടെയാണ് സർക്കാർ സർവ്വീസിലെ ലക്ഷക്കണക്കിന് ഒഴിവുകൾ നികത്താത്തത്. 

ദില്ലി: കേന്ദ്രസർക്കാർ സർവ്വീസിലെ അഞ്ചിലൊന്ന് ഒഴിവുകൾ നികത്താതെ കേന്ദ്ര സർക്കാർ. കേന്ദ്രസർക്കാരിലെ സൈനികേതര സർവ്വീസുകളിൽ മാത്രം ഏഴുലക്ഷത്തോളം ഒഴിവുകളുണ്ടെന്ന് വ്യക്തമാക്കുന്ന രേഖ ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി. സാമ്പത്തികമാന്ദ്യം സ്വകാര്യമേഖലയിൽ തൊഴിൽനഷ്ടത്തിനിടയാക്കുന്നു എന്ന റിപ്പോർട്ടുകൾക്കിടെയാണ് സർക്കാർ സർവ്വീസിലെ ലക്ഷക്കണക്കിന് ഒഴിവുകൾ നികത്താത്തത്. ഒന്നാം നരേന്ദ്രമോദി സർക്കാരിന്‍റെ കാലത്ത് തൊഴിലില്ലായ്മയെക്കുറിച്ചുള്ള കണക്കുകൾ ഏറെ വിവാദമായിരുന്നു. 

തൊഴിലില്ലായ്‍മ നിരക്ക് കൂടാൻ സർക്കാർ നിയമനങ്ങൾ സ്തംഭിച്ചതും കാരണമെന്നാണ് ഏഷ്യാനെറ്റ് ന്യൂസിന് കിട്ടിയ കണക്കുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷം മാർച്ച് വരെയുള്ള കണക്കാണ് അവസാനം തയ്യാറാക്കിയതെന്ന് കേന്ദ്രപേഴ്സണൽ മന്ത്രാലയം നല്‍കിയ കണക്കുകളിൽ പറയുന്നു.  കേന്ദ്രസർക്കാരിൽ സൈനികേതര സർവ്വീസുകളിൽ  ആകെ അനുവദിച്ചിരിക്കുന്ന പോസ്റ്റുകളുടെ എണ്ണം 38,02,779 തസ്തിക.

ആകെ ഉദ്യോഗസ്ഥരുടെ എണ്ണം  31,18,956. അതായത് കേന്ദ്രസർക്കാർ സർവ്വീസിലെ ആകെ ഒഴിവുകൾ 6,83,823 . പ്രതിരോധ വകുപ്പിലെ സൈനികേതര തസ്തികകളിൽ 1,87,054 എണ്ണം ഒഴിഞ്ഞു കിടക്കുന്നു. റെയിൽവേയിൽ അനുവദിച്ചിരിക്കുന്ന ആകെ ജീവനക്കാരുടെ എണ്ണം 15,07,694. ഇപ്പോഴുള്ളത് 12,48,325. റെയിൽവേയിൽ മാത്രം 2,60,000 ഒഴിവുകള്‍. നികുതി പരിഷ്ക്കരണം കാരണം ജോലിഭാരം കൂടിയ റവന്യുവകുപ്പിലാകട്ടെ ആകെയുള്ള 1,78,000 തസ്തികയിൽ 78,000വും ഒഴിഞ്ഞു കിടക്കുന്നു.

കേന്ദ്രത്തിനുകീഴിലുള്ള 73 മന്ത്രാലയങ്ങളുടെയോ ഓഫീസുകളുടെയോ കണക്കാണിത്. ആരോഗ്യം, തപാൽ എന്നിവയൊഴികെ എല്ലായിടത്തും നിയമനം നടത്തി ഒഴിവുകൾ നികത്തുന്നില്ല എന്ന് വ്യക്തമാക്കുന്നു സർക്കാർ തന്നെ തയ്യാറാക്കിയ രേഖ. കേന്ദ്രസർക്കാരിലെ സിവിലിയൻ ഒഴിവുകളുടെ കണക്ക് മാത്രമാണിത്. സൈനിക, അർദ്ധസൈനിക വിഭാഗങ്ങൾ, ബാങ്കുകൾ, പൊതുമേഖലാസ്ഥാപനങ്ങൾ എന്നിവ കൂടിയാകുമ്പോൾ തൊഴിൽ നല്‍കാത്തതിന്‍റെ കണക്കുകൾ ഇനിയും ഉയരും.

click me!