ഭൂരിപക്ഷം കര്‍ഷകരും ഒപ്പമെന്ന് കേന്ദ്രം; കാര്‍ഷിക നിയമങ്ങളെ ന്യായീകരിച്ച് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നൽകി

By Web TeamFirst Published Jan 11, 2021, 10:42 PM IST
Highlights

ഭൂരിപക്ഷം കര്‍ഷകരും നിയമങ്ങളെ അനുകൂലിക്കുന്നെന്നും കേന്ദ്രം സത്യവാങ്മൂലത്തില്‍ പറയുന്നു. 

ദില്ലി: കാര്‍ഷിക നിയമങ്ങളെ ന്യായീകരിച്ച് കേന്ദ്രം സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. നിയമങ്ങള്‍ കൊണ്ടുവന്നത് കൂടിയാലോചനയ്ക്ക് ശേഷമാണ്. ഇന്നത്തെ വാദമുണ്ടാക്കിയത് കൂടിയാലോചന ഇല്ലെന്ന പ്രതീതിയാണ്. ഭൂരിപക്ഷം കര്‍ഷകരും നിയമങ്ങളെ അനുകൂലിക്കുന്നെന്നും കേന്ദ്രം സത്യവാങ്മൂലത്തില്‍ പറയുന്നു.

 അതേസമയം 46 ദിവസത്തെ കര്‍ഷക പ്രക്ഷോഭത്തിനൊടുവിൽ കാർഷിക നിയമങ്ങൾ നടപ്പാക്കുന്നത് സ്റ്റേ ചെയ്യുമെന്ന് സുപ്രീം കോടതി അറിയിച്ചു. കോടതി മേൽനോട്ടത്തിലുള്ള സമിതി രൂപീകരിച്ച് നിയമങ്ങളെക്കുറിച്ച് തീരുമാനം എടുക്കുന്നത് വരെ മരവിപ്പിക്കാനാവും നിർദ്ദേശം നല്‍കുക. സമരവേദി മാറ്റണമെന്നും മുതിർന്നവരും സ്ത്രീകളും തിരികെ പോകണമെന്നും കർഷക സംഘടനകളോട് കോടതി അഭ്യർത്ഥിച്ചു. പ്രശ്നപരിഹാരത്തിന് സർക്കാർ തയ്യാറാകാത്തതിൽ രൂക്ഷ വിമർശനമുയർത്തിയാണ് കോടതി ഇടപെടൽ.

എട്ടു റൗണ്ട് ചർച്ച നടന്നിട്ടും പ്രശ്നം തീർക്കാൻ സർക്കാരിന് കഴിയാത്തതിൽ കോടതി കടുത്ത അതൃപ്തി അറിയിച്ചു. രക്തച്ചൊരിച്ചിൽ ഒഴിവാക്കണം. കോടതിയുടെ കയ്യില്‍ ആരുടെയും രക്തം പുരളാൻ അനുവദിക്കാനാവില്ല. വിഷയം തീർക്കാൻ വിദഗ്ധർ ഉൾപ്പെട്ട സമിതി രൂപീകരിക്കാം. എല്ലാ നിലപാടും കേട്ട ശേഷം നിയമം ജനങ്ങളുടെ താല്പര്യം സംരക്ഷിക്കുന്നതാണോ എന്ന് തീരുമാനിക്കാം. അതുവരെ നിയമം നടപ്പാക്കുന്നത് കോടതി തന്നെ സ്റ്റേ ചെയ്യാം എന്നാണ് നിർദ്ദേശം.

 

click me!