
ദില്ലി: കാര്‍ഷിക നിയമങ്ങള്‍ താല്‍ക്കാലികമായി നടപ്പാക്കാതിരിക്കാമെന്ന കേന്ദ്ര സര്‍ക്കാര്‍ സമീപനത്തോടെ രൂക്ഷ പ്രതികരണവുമായി ജാര്‍ഖണ്ഡ് മുഖ്യമന്ത്രി. പഞ്ചാബിലും ഹരിയാനയിലും മാത്രമുള്ള കര്‍ഷകര്‍ മാത്രമാണ് സമരത്തിലുള്ളതെന്ന തെറ്റിധാരണയിലാണ് കേന്ദ്രമുള്ളതെന്ന് ഹേമന്ദ് സോറന്‍ വ്യാഴാഴ്ച പറഞ്ഞു. കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുന്നതിന് പകരം ഇത്തരം സമീപനം സ്വീകരിക്കുന്നത് സമരത്തേക്കുറിച്ചുള്ള തെറ്റിധാരണ മൂലമാണെന്നും ഹേമന്ദ് സോറന്‍ പറയുന്നു. രാജ്യവ്യാപകമായി നിയമം റദ്ദാക്കാനുള്ള പ്രതിഷേധങ്ങള്‍ നടക്കും. സമാനുഭാവത്തോടെയല്ല കര്‍ഷക സമരത്തെ കേന്ദ്ര സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നതെന്നും ഹേമന്ദ് സോറന്‍ പറഞ്ഞു.
സമാനുഭാവത്തോടെയല്ലാതെയുള്ള സമീപനം സമരം രാജ്യവ്യാപകമാക്കുമെന്നും ഹോമന്ദ് സോറന്‍ പിടിഐയോട് വിശദമാക്കി. രാജ്യാന്തര തലത്തില്‍ ഇന്ത്യയുടെ പ്രതിച്ഛായ മോശമാകുന്നതിന് കേന്ദ്ര സര്‍ക്കാരിന് കര്‍ഷക സമരത്തോടുള്ള സമീപനം കാരണമായെന്നും ഹേമന്ദ് സോറന്‍ ആരോപിക്കുന്നു. മാസങ്ങളോളം കര്‍ഷകരെ നിരത്തില്‍ കഷ്ടപ്പെടാന്‍ വിട്ട ശേഷം കേന്ദ്രം നിര്‍ദ്ദേശിക്കുന്നത് ഒന്നര വര്‍ഷത്തേക്കുള്ള പ്രതിവിധിയാണ്. കാര്‍ഷിക നിയമം പൂര്‍ണമായി റദ്ദാക്കുകയാണ് വേണ്ടത്. ഇത്തരം സമീപനത്തിന് കേന്ദ്രത്തെ പ്രേരിപ്പിക്കുന്നത് സമരം ചെയ്യുന്നത് ഹരിയാന , പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ മാത്രമാണെന്ന തോന്നലിന് പിന്നാലെയാണ്. വലിയ തെറ്റിധാരണയുമായാണ് അവര്‍ ജീവിക്കുന്നത്.
ഹിമാചല്‍ പ്രദേശ്, ഉത്തര്‍ പ്രദേശ്, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്ന് മാത്രമല്ല രാജ്യത്തെ എല്ലായിടത്തും കാര്‍ഷിക നിയമത്തിനെതിരായി ആണ് നിലപാടുള്ളത്. മണ്ണിലൂടെ പരസ്പരം ബന്ധിക്കപ്പെട്ടവരാണ് കര്‍ഷകര്‍. കരിഞ്ചന്തയെ നിയമപരമാക്കാനുള്ള നീക്കത്തിലാണ് അവരുള്ളത്. അത്തരം നിയമങ്ങളെ തനിക്ക് പിന്തുണയ്ക്കാനാവില്ല. കേന്ദ്രസര്‍ക്കാരിലെ ഏറ്റവും ഉയര്‍ന്ന ഓഫീസിലുള്ളവര്‍ക്ക് ഇതിനൊരു പരിഹാരം കാണാതിരിക്കുന്നത് എങ്ങനെയാണെന്നും ഹേമന്ദ് സോറന്‍ ചോദിച്ചു. സംഭവവികാസങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും കേന്ദ്ര സര്‍ക്കാരിന്‍റെ അവസാന തീരുമാനം വന്ന ശേഷം സംസ്ഥാനം നിലപാട് എടുക്കുമെന്നും ഹേമന്ദ് സോറന്‍ വ്യക്തമാക്കി. വിളകള്‍ക്ക് ഇന്‍ഷുറന്‍സ് സംവിധാനവും കാര്‍ഷിക വായ്പകള്‍ ഇളവ് ചെയ്യാനും ജാര്‍ഖണ്ഡ് സര്‍ക്കാര്‍ തീരുമാനിച്ചതായും ഹേമ്ദ് സോറന്‍ കൂട്ടിച്ചേര്‍ത്തു.