'നിര്‍മ്മാണം സ്വന്തം സ്ഥലത്ത്'; അരുണാചലില്‍ ഗ്രാമം നിര്‍മ്മിച്ചതിനെ കുറിച്ച് ചൈന

By Web TeamFirst Published Jan 22, 2021, 11:35 AM IST
Highlights

സ്വന്തം പ്രദേശത്ത് ചൈനയുടെ സാധാരണഗതിയിലുള്ള നിർമ്മാണം പൂർണ്ണമായും പരമാധികാരത്തിന്റെ കാര്യമാണെന്ന് ചൈനയുടെ വിദേശകാര്യ വക്താവ് ഹ്വാ ചുന്‍യിംഗ് മാധ്യമങ്ങളോട് പറഞ്ഞു

ബെയ്ജിംഗ്: അരുണാചല്‍ പ്രദേശില്‍ കടന്നുകയറി ചൈന ഗ്രാമം നിര്‍മ്മിച്ചതായുള്ള റിപ്പോര്‍ട്ട് തള്ളി ചൈന. ചൈനയുടെ അധീനതയിലുള്ള പ്രദേശത്താണ് നിര്‍മ്മാണം നടന്നിട്ടുള്ളതെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്‍റെ വിശദീകരണം.

സ്വന്തം പ്രദേശത്ത് ചൈനയുടെ സാധാരണഗതിയിലുള്ള നിർമ്മാണം പൂർണ്ണമായും പരമാധികാരത്തിന്റെ കാര്യമാണെന്ന് ചൈനയുടെ വിദേശകാര്യ വക്താവ് ഹ്വാ ചുന്‍യിംഗ് മാധ്യമങ്ങളോട് പറഞ്ഞു. അരുണാചല്‍ പ്രദേശിനെ ദക്ഷിണ ടിബറ്റിന്‍റെ ഭാഗമായാണ് ചൈന കാണുന്നത്. എന്നാല്‍, വടക്കുകിഴക്കന്‍ സംസ്ഥാനമായ അരുണാചലിനെ രാജ്യത്തിന്‍റെ അവിഭാജ്യ ഭാഗമായാണ് ഇന്ത്യ കാണുന്നത്. ഇരുരാജ്യങ്ങളും തമ്മില്‍ ഈ പ്രശ്നത്തില്‍ വര്‍ഷങ്ങളായി തര്‍ക്കത്തിലാണ്.

സാറ്റ്‌ലൈറ്റ് ചിത്രങ്ങള്‍ ഉദ്ധരിച്ച് എന്‍ഡിടിവിയാണ് ചൈന അരുണാചലില്‍ ഗ്രാമം നിര്‍മ്മിച്ചതായുള്ള റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. ഇന്ത്യയുടെ ഭാഗത്ത് 4.5 കിലോമീറ്ററില്‍ 101 വീടുകള്‍ സഹിതമാണ് ചൈന ഗ്രാമം നിര്‍മ്മിച്ചതെന്ന് വിദഗ്ധരെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ടില്‍ പറയുന്നു. 2019 ഓഗസ്റ്റിലെയും 2020 നവംബറിലെയും സാറ്റ്‌ലൈറ്റ് ചിത്രങ്ങളും പുറത്തുവിട്ടു.

ഇക്കാലയളവിലാണ് അപ്പര്‍ സുബാന്‍സിരി ജില്ലയിലെ സാരി ചു നദിക്കരയില്‍ പുതിയ ഗ്രാമം പടുത്തുയര്‍ത്തിയത്. ഏറെക്കാലമായി ഇന്ത്യയും ചൈനയും അതിര്‍ത്തി തര്‍ക്കമുള്ള പ്രദേശമാണ് ഇത്. ചൈനയുടെ കടന്നുകയറ്റം സംബന്ധിച്ച് എന്‍ഡിടിവിയുടെ അന്വേഷണങ്ങളെ വിദേശകാര്യ മന്ത്രാലയവും തള്ളിയില്ല.

അതിര്‍ത്തിയില്‍ ചൈന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായുള്ള റിപ്പോര്‍ട്ട് ശ്രദ്ധയില്‍പ്പെട്ടെന്നും ഏറെക്കാലമായി ഇത്തരം നടപടികള്‍ ചൈന തുടരുകയാണെന്നും വിദേശ കാര്യ മന്ത്രാലയം വ്യക്തമാക്കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. അതിര്‍ത്തി പ്രദേശങ്ങളെ ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്ന നടപടികള്‍ തുടരുമെന്ന് ഇന്ത്യയും അറിയിച്ചിരുന്നു.

2019 നവംബറിലെയും 2020 ഓഗസ്റ്റിലെയും സാറ്റ്‌ലൈറ്റ് ചിത്രങ്ങള്‍

അരുണാചലിലെ കടന്നുകയറ്റത്തെക്കുറിച്ച് ബിജെപി എംപി തപിര്‍ ഗവോ ലോക്‌സഭയില്‍ ഉന്നയിച്ചിരുന്നു. മേഖലയില്‍ ചൈന നിര്‍മ്മാണം തുടരുകയാണെന്നും അപ്പര്‍ സുബാന്‍സിരി ജില്ലയിലെ 60-70 കിലോമീറ്ററിനുള്ളില്‍ ചൈന കടന്നുകയറിയെന്ന് അദ്ദേഹം ഇന്ന് എന്‍ഡിടിവിയോട് പ്രതികരിച്ചു. ഔദ്യോഗിക ഓണ്‍ലൈന്‍ മാപ്പില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നത് ഇന്ത്യയുടെ ഭാഗത്താണെന്ന് വ്യക്തമാക്കുന്നു.

ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തി സംഘര്‍ഷം നിലനില്‍ക്കെയാണ് ചൈന കടന്നുകയറി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ചിത്രങ്ങള്‍ പുറത്തുവന്നത്. കഴിഞ്ഞ വര്‍ഷം ഗല്‍വാന്‍ വാലിയില്‍ ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ നേരിട്ട് ഏറ്റുമുട്ടിയിരുന്നു. 20 ഇന്ത്യന്‍ സൈനികരാണ് കൊല്ലപ്പെട്ടത്. എത്ര ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടെന്ന് ചൈന ഇതുവരെ പുറത്തുവിട്ടിട്ടില്ല.
 

click me!