
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില പുതിയ റെക്കോര്‍ഡിൽ. പെട്രോളിനും ഡീസലിലും 25 പൈസ വീതം കൂടി. പെട്രോൾ 85.72 രൂപ, ഡീസൽ 79.88 രൂപ എന്നിങ്ങനെയാണ് നിലിവിലെ വില. രണ്ട് മാസത്തിനിടെ കൂടിയത് അഞ്ച് രൂപയോളം ആണ്. പ്രതിസന്ധികളുടെ കൊവിഡ് കാലത്തും രാജ്യത്ത് അനിയന്ത്രിതമായ ഇന്ധന വിലവർധന മൂലം വലയുകയാണ് പൊതുജനം.
ഇന്ധന വില ഏറ്റവും ഉയർന്ന സംസ്ഥാനം മഹാരാഷ്ട്രയാണ്. പൊതുഗതാഗതമാർഗങ്ങളിലെ നിയന്ത്രണം കാരണം സ്വന്തം വാഹനം മാത്രം ആശ്രയിക്കേണ്ട മുംബൈക്കാരടക്കം ഇപ്പോൾ വലിയ പ്രതിസന്ധിയിലാണ്. ലോക്കൽ ട്രെയിനാണ് മുംബൈയുടെ ജീവനാഢിയെന്നാണ് പറയാറുള്ളത്.
ഒരു ദിനം അരകോടിയിലേറെ യാത്രക്കാരെ കൊണ്ടുപോവുന്ന പൊതുഗതാഗത സംവിധാനമാണിത്. പക്ഷേ കൊവിഡ് കാരണം ആവശ്യസർവീസുകളിൽ ജോലി ചെയ്യുന്നവർക്ക് മാത്രമായി ട്രെയിനിലേക്ക് പ്രവേശനം. അല്ലാത്തവർ എന്ത് ചെയ്യുമെന്നാണ് ജനങ്ങള്‍ ചോദിക്കുന്നത്.
ഇന്ധനവില വര്‍ധിക്കുന്നത് കൊണ്ട് പകരം സ്വന്തം വാഹനവുമായി പുറത്തിറങ്ങാൻ വയ്യാത്ത് സ്ഥിതിയാണ്. മുംബൈയിൽ പെട്രോൾ വില 91.80 രൂപയാണ്. ഡീസൽ വില ആവട്ടെ 82.13 രൂപയും. കഴിഞ്ഞ ഏപ്രിലിൽ പെട്രോളിന് 76 രൂപയായിരുന്നു മുംബൈയിൽ.
ഒരു വർഷം തികയാൻ രണ്ട് മാസത്തിലേറെ ബാക്കിയുള്ളപ്പോള്‍ തന്നെ വില 16 രൂപയിലേറെ കൂടി. കൊവിഡിനെ പേടിച്ച് ട്രെയിനൊഴിവാക്കാൻ പറയുന്നവർ ബസിലെ തിരക്കിനെക്കുറിച്ച് തിരക്കുന്നുപോലുമില്ല. പെട്രോൾ ലിറ്ററിന് 94 രൂപ കടന്ന പർഭിണി ജില്ലയിലാണ് രാജ്യത്ത് തന്നെ ഏറ്റവും ഉയർന്ന വില.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam