'വാക്സീന്‍ വിതരണം രോഗികളുടെഎണ്ണവും ജനസംഖ്യയും കണക്കാക്കി'; പുതുക്കിയ മാര്‍ഗ്ഗരേഖ പുറപ്പെടുവിച്ച് കേന്ദ്രം

By Web TeamFirst Published Jun 8, 2021, 2:47 PM IST
Highlights

18നും 44 നും ഇടയിലുള്ളവരിൽ ആര്‍ക്ക് മുൻഗണന നൽകണം എന്ന് സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാം. 

ദില്ലി: രോഗികളുടെ എണ്ണവും ജനസംഖ്യയും കണക്കാക്കിയാകും സംസ്ഥാനങ്ങൾക്ക് വാക്സീൻ വിതരണമെന്ന് കേന്ദ്ര സര്‍ക്കാരിന്‍റെ പുതുക്കിയ മാര്‍ഗ്ഗരേഖ. വാക്സീൻ വിതരണം വീണ്ടും ഏറ്റെടുത്ത ശേഷമുള്ള പുതുക്കിയ മാര്‍ഗ്ഗരേഖയാണ് കേന്ദ്രം പുറത്തിറക്കിയത്. ജനസംഖ്യ, രോഗികളുടെ എണ്ണം, വാക്സീൻ വിതരണത്തിലെ കാര്യക്ഷമത എന്നിവ കണക്കാക്കിയാകും സംസ്ഥാനങ്ങൾക്കുള്ള ക്വാട്ട നിശ്ചയിക്കുക. വാക്സീൻ പാഴാക്കിയാൽ വിതരണത്തിൽ കുറവ് വരുത്തും. 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യമായി വാക്സീൻ നൽകുമ്പോൾ അതിന്‍റെ മുൻഗണനാ ക്രമം സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാം. 

സ്വകാര്യ ആശുപത്രികൾക്ക് 25 ശതമാനം വാക്സീൻ വാങ്ങാനുള്ള അനുമതി നൽകിയിട്ടുണ്ട്. ഏതൊക്കെ സ്വകാര്യ ആശുപത്രികൾക്ക് വാക്സീൻ നൽകണം എന്നതിൽ തീരുമാനം വാക്സീൻ നിര്‍മ്മാണ കമ്പനികൾക്ക് വിട്ടു. വിലയും കമ്പനികൾക്ക് തന്നെ തീരുമാനിക്കാം. എന്നാൽ ഗ്രാമങ്ങളിലെ സ്വാകര്യ ആശുപത്രികൾക്ക് പരിഗണന നൽകണം. ഈമാസം 21 മുതലാണ് മാറ്റങ്ങൾ നിലവിൽ വരിക. പുതുക്കിയ മാര്‍ഗ്ഗരേഖ പുറത്തിറക്കിയതിന് പിന്നാലെ 19 കോടി കൊവാക്സീനും 25 കോടി കൊവിഷീൽഡിനും കേന്ദ്രം കരാര്‍ നൽകി. 

സെപ്റ്റംബറോടെ ബയോ ഇ വാക്സീന്‍റെ 30 കോടി ഡോസുകൂടി ലഭ്യമാകും. സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടി വരുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ സഹായിക്കാൻ ഇ-വൗച്ചര്‍ സംവിധാനം ഏര്‍പ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. ഒരാളെ സഹായിക്കാനുള്ള ഇ-വൗച്ചര്‍ ആര്‍ക്ക് വേണമെങ്കിലും വാങ്ങാനുള്ള സൗകര്യം ഉണ്ടാകും. കോടതിയുടെ ഇടപെടലിനും സംസ്ഥാനങ്ങളുടെ സമ്മര്‍ദ്ദത്തിനും വഴങ്ങേണ്ടി വന്ന സര്‍ക്കാര്‍ രാഷ്ട്രീയമായ തിരിച്ചടി നേരിടാനുള്ള നീക്കം ഇതിനിടെ തുടങ്ങി. സംസ്ഥാനങ്ങൾക്ക് വാക്സിനേഷന്‍റെ അധികാരം കൈമാറണം എന്ന് നിര്‍ദ്ദേശിക്കുന്ന രാഹുൽ ഗാന്ധിയുടെ കത്തുൾപ്പടെ പുറത്തുവിട്ടാണ് സര്‍ക്കാരിന്‍റെ തിരിച്ചടി. 

click me!