ആരാധനാലയങ്ങള്‍ തുറക്കാം, കേന്ദ്രത്തിന്‍റെ മാർഗ്ഗനിർദ്ദേശങ്ങളായി

By Web TeamFirst Published Jun 4, 2020, 8:25 PM IST
Highlights

65 വയസ്  കഴിഞ്ഞവരും കുട്ടികളും ആരാധനാലയങ്ങളിലും പോകരുതെന്ന് മാർഗ്ഗനിർദ്ദേശത്തില്‍ വ്യക്തമാക്കുന്നു. 

ദില്ലി: രാജ്യത്ത് ലോക്ക് ഡൗൺ അഞ്ചാംഘട്ടത്തിലേക്ക് നീങ്ങുമ്പോള്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി. ആരാധനാലയങ്ങളിൽ പ്രവേശിക്കാനടക്കം അനുവാദം നല്‍കികൊണ്ടുളള ഇളവുകളില്‍ വ്യക്തതവരുത്തുന്നതാണ് കേന്ദ്രത്തിന്‍റെ മാര്‍ഗനിര്‍ദ്ദേശം. ഷോപ്പിംഗ് മാളുകളും റസ്റ്റോറൻറുകളും തുറക്കുമ്പോള്‍ പാലിക്കേണ്ട നിയന്ത്രണങ്ങളിലും കേന്ദ്രം വ്യക്തത വരുത്തിയിട്ടുണ്ട്.

കണ്ടെയ്ന്‍‌മെന്റ് സോണില്‍ ആരാധനാലയം തുറക്കരുത്. 65 വയസ് കഴിഞ്ഞവരും കുട്ടികളും ആരാധനാലയങ്ങളിലും പോകരുത്. ആരാധനാലയങ്ങളിൽ പ്രവേശിക്കുമ്പോഴും മുഖാവരണം നിർബന്ധമായും ധരിക്കണം. ആരാധനാലയങ്ങളില്‍ നിന്ന് പ്രസാദമോ തീർത്ഥമോ നല്കരുത്. കൊയറും പ്രാർത്ഥനാ സംഘങ്ങളും ഒഴിവാക്കണം. വലിയ കൂട്ടായ്മകൾ അനുവദിക്കരുത്. പ്രാർത്ഥനയ്ക്ക് പൊതുപായ ഒഴിവാക്കണം. വിഗ്രഹങ്ങളിലും മൂർത്തികളിലും തൊടാൻ അനുവദിക്കരുത് എന്നിങ്ങനെയാണ് നിര്‍ദ്ദേശങ്ങള്‍. ലോക്ക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി ജൂൺ എട്ട് മുതൽ ആരാധനാലയങ്ങളും മതസ്ഥാപനങ്ങളും തുറക്കാമെന്ന് മെയ് 30നുള്ള ഉത്തരവില്‍ കേന്ദ്രം വ്യക്തമാക്കിയിരുന്നു. എന്നാല്‍ മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നില്ല. 

ആരാധനാലായങ്ങള്‍ തുറക്കുമോ? നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി

ഷോപ്പിംഗ് മാളുകളും റസ്റ്റോറൻറുകളും തുറന്നുപ്രവര്‍ത്തിക്കാമെങ്കിലും ചില നിയന്ത്രണങ്ങല്‍ പാലിക്കണമെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. റെസ്റ്റോറൻറുകളിൽ 50 ശതമാനം പേരെ മാത്രമേ പ്രവേശിപ്പിക്കാൻ പാടുള്ളൂ. ഷോപ്പിംഗ് മാളുകളിൽ കയറാനും ഇറങ്ങാനും പ്രത്യേകം വാതിൽ വേണം. ഫുഡ് കോർട്ടിൽ പകുതി സീറ്റുകളിലേ ആൾക്കാരെ ഇരുത്താനാവൂ. മാളിലെ കുട്ടികൾക്കുള്ള കളിസ്ഥലം അടച്ചിടണം. സിനിമാ ഹാളുകൾ അടഞ്ഞു തന്നെ കിടക്കണം. ഓഫീസുകളിൽ പരമാവധി സന്ദർശകരെ ഒഴിവാക്കണം. ഓഫീസുകളിൽ ഒന്നോ രണ്ടോ പേർക്ക് കൊവിഡ് സ്ഥിരീകരിച്ചാൽ പൂർണ്ണമായും അടക്കേണ്ടെന്നും നിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കുന്നു. 

 

click me!