ചിദംബരത്തിന് ആശ്വാസം, സിബിഐ പുനഃപരിശോധന ഹർജി സുപ്രീംകോടതി തള്ളി

By Web TeamFirst Published Jun 4, 2020, 7:59 PM IST
Highlights

ഐഎൻഎക്സ് മീഡിയ കമ്പനിക്ക് ചട്ടങ്ങൾ ലംഘിച്ച് 305 കോടി രൂപ വിദേശ നിക്ഷേപം സ്വീകരിക്കാൻ ധനമന്ത്രിയായിരിക്കെ സഹായങ്ങൾ നൽകി എന്നാണ് ചിദംബരത്തിനെതിരായ കേസ്

ദില്ലി: ഐഎൻഎക്‌സ് മീഡിയ കേസില്‍ മുന്‍ കേന്ദ്ര മന്ത്രി പി ചിദംബരത്തിന് ആശ്വാസം. ചിദംബരത്തിന് ജാമ്യം അനുവദിച്ച വിധി പുനപരിശോധിക്കണം എന്നാവശ്യപ്പെട്ട് സിബിഐ നൽകിയ പുനപരിശോധന ഹർജി സുപ്രീംകോടതി തള്ളി. ജസ്റ്റിസ് ആർ ഭാനുമതി അധ്യക്ഷയായ കോടതിയാണ് സിബിഐയുടെ ആവശ്യം തള്ളിയത്. 

കഴിഞ്ഞ ഓഗസ്റ്റ് 21നാണ് കോണ്‍ഗ്രസ് നേതാവും മുൻ ധനമന്ത്രിയുമായ പി.ചിദംബരത്തെ ഐഎൻഎക്സ് മീഡിയ കേസിൽ സിബിഐ അറസ്റ്റ് ചെയ്തത്. പിന്നീട് മാസങ്ങൾക്ക് ശേഷം സുപ്രീം കോടതി ചിദംബരത്തിന് ജാമ്യം അനുവദിച്ചു. ഇത് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സിബിഐ നൽകിയ ഹർജിയാണ് സുപ്രീംകോടതി തള്ളിയത്. 

ഐഎൻഎക്സ് മീഡിയ കമ്പനിക്ക് ചട്ടങ്ങൾ ലംഘിച്ച് 305 കോടി രൂപ വിദേശ നിക്ഷേപം സ്വീകരിക്കാൻ ധനമന്ത്രിയായിരിക്കെ സഹായങ്ങൾ നൽകി എന്നാണ് ചിദംബരത്തിനെതിരായ കേസ്. ഇതിന്‍റെ പ്രതിഫലമായി പി ചിദംബരത്തിന്‍റെ മകൻ കാർത്തി ചിദംബരത്തിന് കോഴപ്പണവും പദവികളും ലഭിച്ചുവെന്നതാണ് ആരോപണം. ഈ ഇടപാട് നടക്കാൻ വഴിവിട്ട സഹായം നൽകുകയും ധനവകുപ്പിൽ നിന്ന് ക്ലിയറൻസ് നൽകിയതും പി ചിദംബരമാണെന്നും കേസില്‍ പറയുന്നു. എന്നാൽ ഈ ആരോപണങ്ങളെല്ലാം ചിദംബരം നിഷേധിച്ചിരുന്നു. 

click me!