'ഐഎസ് സജീവമായ സംസ്ഥാനങ്ങളില്‍ കേരളം ആദ്യം'; ആഭ്യന്തര മന്ത്രാലയം രാജ്യസഭയിൽ

By Web TeamFirst Published Sep 16, 2020, 10:41 AM IST
Highlights

ഐഎസ് പ്രവര്‍ത്തനത്തില്‍ രാജ്യത്താകെ പതിനേഴ് കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 

ദില്ലി: ഇസ്ളാമിക് സ്റ്റേറ്റ് ഭീകരർ ഏറെ സജീവായ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളത്തെ ആദ്യം പരാമർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. മഹാരാഷ്ട്രയിൽ നിന്നുള്ള ബിജെപി നേതാവ് വിനയ് സഹസ്രാബുദ്ധെക്ക് രാജ്യസഭയിൽ നൽകിയ രേഖാമൂലമുള്ള മറുപടിയിലാണ് കേരളത്തിലടക്കം ഇസ്ളാമിക് സ്റ്റേറ്റ് ഭീകരരുടെ സ്വാധീനം ശക്തമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നത്. കേരളം ഉൾപ്പടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന്  നിരവധിപേര്‍ ഐഎസ് ഭീകര സംഘടനകളിൽ ചേര്‍ന്നിട്ടുണ്ടെന്ന് കേന്ദ്രം വിശദീകരിക്കുന്നു. ഐഎസ് ബന്ധമുള്ളവര്‍ക്കെതിരെ ഇതുവരെ 17 കേസുകൾ എൻഐഎ രജിസ്റ്റര്‍ ചെയ്തു.

കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, കര്‍ണാടക സംസ്ഥാനങ്ങളിലായി 122 പേർ അറസ്റ്റിലായി. സാമൂഹിക മാധ്യമങ്ങൾ വഴി നടക്കുന്ന ഐഎസ് പ്രചാരണം
അന്വേഷണ ഏജൻസികൾ നിരീക്ഷിക്കുന്നുണ്ട്. കേരളം കഴിഞ്ഞാൽ, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, തമിഴ്നാട്, പശ്ചിമബംഗാൾ, രാജസ്ഥാൻ, ബിഹാര്‍, ഉത്തര്‍പ്രദേശ്, ജമ്മുകശ്മീര്‍ സംസ്ഥാനങ്ങളിലാണ് ഐഎസ് ഭീകരസ്വാധീനമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നു.

എൻഐഎ അന്വേഷണത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇത് കണ്ടെത്തിയതെന്നും കേന്ദ്രം വിശദീകരിക്കുന്നു. കൂടുതൽ പേർ അറസ്റ്റിലായത് തമിഴ്നാട്ടിലാണെന്ന് നേരത്തെ എൻഐഎ വെളിപ്പെടുത്തിയിട്ടുണ്ട്. അഫ്ഗാനിസ്ഥാനിൽ അടുത്തിടെ നടന്ന ആക്രമണത്തിൽ കേരളത്തിൽ നിന്ന് പോയവർ ചാവേറുകളായെന്ന
റിപ്പോർട്ടുകൾക്കിടെയാണ് കേന്ദ്രത്തിന്‍റെ ഈ വെളിപ്പെടുത്തൽ. ഭീകരര്‍ക്ക് വിദേശത്ത് നിന്ന് സാമ്പത്തിക സഹായം കിട്ടുന്നുവെന്നും ആഭ്യന്തര സഹമന്ത്രി
രാജ്യസഭയ്ക്ക്  രേഖാമൂലം മറുപടി നല്‍കി. 
 

click me!