- Home
- News
- India News
- ബ്രഹ്മോസ് മുതല്‍ സൂര്യാസ്‌ത്ര വരെ സുസജ്ജം; ഇന്ത്യന്‍ സൈനിക കരുത്ത് കാട്ടി റിപ്പബ്ലിക് ദിന പരേഡ്
ബ്രഹ്മോസ് മുതല്‍ സൂര്യാസ്‌ത്ര വരെ സുസജ്ജം; ഇന്ത്യന്‍ സൈനിക കരുത്ത് കാട്ടി റിപ്പബ്ലിക് ദിന പരേഡ്
രാജ്യത്തിന്‍റെ സൈനിക കരുത്ത് വിളിച്ചോതി 77-ാം റിപ്പബ്ലിക് ദിന പരേഡ്. കർത്തവ്യപഥിലെ പരേഡില്‍ ബ്രഹ്മോസ്, ആകാശ് മിസൈല്‍ സംവിധാനങ്ങള്‍, സൂര്യാസ്ത്ര റോക്കറ്റ് ലോഞ്ചര്‍, മെയിന്‍ ബാറ്റില്‍ ടാങ്ക് അര്‍ജുന്‍ എന്നിവ പ്രദര്‍ശിപ്പിക്കപ്പെട്ടു.

ബ്രഹ്മോസ്
ഇന്ത്യന്‍ സൈന്യത്തിന്‍റെ അഭിമാനങ്ങളിലൊന്നായ ടു-സ്റ്റേജ് സൂപ്പര്‍സോണിക്ക് ക്രൂയിസ് മിസൈലാണ് ബ്രഹ്മോസ്. ലോകത്തിലെ ഏറ്റവും വേഗതയേറിയ ക്രൂയിസ് മിസൈലുകളിലൊന്നായ ബ്രഹ്മോസിന്‍റെ പരമാവധി വേഗത മാക് 2.8 മുതൽ 3.0 വരെ ആണ്. കരയിൽ നിന്നും വിമാനങ്ങളിൽ നിന്നും അന്തർവാഹിനികളിൽ നിന്നും വിക്ഷേപിക്കാവുന്ന ബ്രഹ്മോസ് ഇന്ത്യയുടെ ബ്രഹ്മോസ് കോർപറേഷൻ ആണ് നിര്‍മ്മിച്ചത്. റഷ്യയുടെ പി-800 ക്രൂയിസ് മിസൈല്‍ സാങ്കേതികവിദ്യയെ ആധാരമാക്കി തയ്യാറാക്കിയ ബ്രഹ്മോസ് ഇന്ത്യയുടെ അയല്‍രാജ്യമായ പാകിസ്ഥാന്‍റെ പേടിസ്വപ്‌നമാണ്. ഇന്ത്യ നിര്‍മ്മിക്കുന്ന ബ്രഹ്മോസ് സൂപ്പര്‍സോണിക്ക് ക്രൂയിസ് മിസൈലുകള്‍ക്ക് ലോക രാജ്യങ്ങള്‍ക്കിടയില്‍ വലിയ പ്രശസ്തിയുണ്ട്.
ആകാശ് മിസൈല്‍ സംവിധാനം
ഇന്ത്യയുടെ സ്വന്തം വ്യോമ പ്രതിരോധ മിസൈൽ സംവിധാനമാണ് ആകാശ്. ഒരു ഹ്രസ്വ-മധ്യ-ദൂര സര്‍ഫേസ്-ടു-എയര്‍ മിസൈല്‍ പ്രതിരോധ സംവിധാനമാണിത്. ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്‍റ് ഓര്‍ഗനൈസേഷന്‍ അഥവാ ഡിആര്‍ഡിഒ ആണ് ആകാശ് മിസൈല്‍ സിസ്റ്റം വികസിപ്പിച്ചത്. ഒന്നിലധികം വ്യോമ ഭീഷണികൾക്കെതിരെ പ്രദേശ വ്യോമ പ്രതിരോധം നൽകുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്നു. ആകാശ് മിസൈലിന് 30 കിലോമീറ്റർ വരെ ദൂരപരിധിയുണ്ട്. ശത്രുക്കളുടെ വ്യോമാക്രമണത്തിൽ നിന്ന് ഇന്ത്യയുടെ തന്ത്രപ്രധാനമായ മേഖലകളെ രക്ഷിക്കാന്‍ ലക്ഷ്യമിട്ട് തദ്ദേശീയമായി വികസിപ്പിച്ചതാണ് ആകാശ് മിസൈൽ സംവിധാനം. ഇന്ത്യന്‍ ആര്‍മിയും വായുസേനയും ആകാശ് മിസൈല്‍ പ്രതിരോധ സംവിധാനം ഉപയോഗിക്കുന്നു.
അര്‍ജുന്‍ ടാങ്ക്
ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയ നിർമിത മെയിൻ ബാറ്റിൽ ടാങ്ക് ആണ് അർജുൻ. ഇന്ത്യൻ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒ ആണ് ഇന്ത്യൻ കരസേനക്ക് വേണ്ടി ഈ മൂന്നാം തലമുറ ടാങ്ക് വികസിപ്പിച്ചത്. ഏറ്റവും അത്യാധുനിക സംവിധാനങ്ങളോടെയാണ് പുത്തന്‍ അര്‍ജുന്‍ ടാങ്കുകള്‍ വികസിപ്പിച്ചിരിക്കുന്നത്.
LR-AshM
റിപ്പബ്ലിക് ദിന പരേഡില്‍ ഇന്ത്യന്‍ സൈന്യം അണിനിരത്തിയ മറ്റൊരു പ്രധാന ആയുധം LR-AshM ആണ്. ലോങ്-റേഞ്ച് ആന്‍റി-ഷിപ്പ് മിസൈല്‍ എന്നാണ് LR-AshM-ന്‍റെ പൂര്‍ണനാമം. ഒന്നിലേറെ പേലോഡുകള്‍ വഹിക്കാന്‍ കഴിയുന്ന ഈ ഹൈപ്പര്‍സോണിക് മിസൈലുകള്‍ കപ്പലുകള്‍ പോലുള്ള സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ലക്ഷ്യങ്ങളെ തകര്‍ത്ത് തരിപ്പണമാക്കും. കൃത്യതയാര്‍ന്ന ആക്രമണത്തിനായി ഇതില്‍ ഇന്ത്യന്‍ നിര്‍മ്മിത സെന്‍സറുകള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രാജ്യത്തിന്‍റെ കരുത്തുറ്റ രക്ഷാകവചങ്ങളിലൊന്നായി LR-AshM അറിയപ്പെടുന്നു.
സൂര്യാസ്ത്ര
ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ, യൂണിവേഴ്‌സല്‍ മൾട്ടി-കാലിബർ റോക്കറ്റ് ലോഞ്ചർ സിസ്റ്റം (MLRS) ആണ് സൂര്യാസ്ത്ര. ഇസ്രയേല്‍ സാങ്കേതികവിദ്യയിലാണ് സൂര്യാസ്ത്ര നിര്‍മ്മിച്ചിരിക്കുന്നത്. 150 കിലോമീറ്റര്‍ മുതല്‍ 300 കിലോമീറ്റര്‍ വരെ ദൂരപരിധിയില്‍ ഉപരിതലത്തില്‍ നിന്ന് ഉപരിതലത്തിലേക്ക് റോക്കറ്റുകള്‍ ലോഞ്ച് ചെയ്യാന്‍ കഴിവുള്ള യൂണിവേഴ്‌സല്‍ റോക്കറ്റ് ലോഞ്ചര്‍ സിസ്റ്റമായ സൂര്യസ്ത്ര ആദ്യമായാണ് റിപ്പബ്ലിക് ദിന പരേഡില്‍ പ്രദര്‍ശിപ്പിച്ചത്. തദ്ദേശീയമായ ധ്രുവ് അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്ററും അതിന്റെ സായുധ പതിപ്പായ രുദ്രയും പരേഡില്‍ അണിനിരന്നു. ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യന്‍ സൈന്യത്തിന് കരുത്ത് തെളിയിച്ച മറ്റനേകം സേനാ സംവിധാനങ്ങളും റിപ്പബ്ലിക് ദിന പരേഡില്‍ രാജ്യത്തിന് മുന്നില്‍ അവതരിപ്പിക്കപ്പെട്ടു. എഴുപത്തിയേഴാം റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകൾക്ക് രാഷ്ട്രപതി ദ്രൗപദി മുർമു നേതൃത്വം നൽകി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

