പ്രണയിച്ചയാൾ മറ്റൊരാളെ വിവാഹം കഴിച്ചതിലുള്ള പ്രതികാരമായി, ആന്ധ്രാപ്രദേശിലെ കർണൂലിൽ ഒരു സ്ത്രീ വനിതാ ഡോക്ടറുടെ ശരീരത്തിൽ എച്ച്ഐവി ബാധിച്ച രക്തം കുത്തിവെച്ചു. അപകടമുണ്ടാക്കി നടത്തിയ ഈ ക്രൂരകൃത്യം

കർണൂൽ: പ്രണയിച്ചയാൾ മറ്റൊരാളെ വിവാഹം കഴിച്ചതിലുള്ള പക തീർക്കാൻ, അയാളുടെ ഭാര്യയായ വനിതാ ഡോക്ടർക്ക് എച്ച്ഐവി ബാധിച്ച രക്തം കുത്തിവെച്ചു. ആന്ധ്രാപ്രദേശിലെ കർണൂലിലാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. കേസുമായി ബന്ധപ്പെട്ട് മുഖ്യപ്രതിയായ 34കാരിയായ ബി ബോയ വസുന്ധര , ഇവർക്ക് സഹായം നൽകിയ നഴ്സ് കെ ജ്യോതി ഇവരുടെ രണ്ട് മക്കൾ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ജനുവരി 9-ന് ഉച്ചയ്ക്ക് 2.30-ഓടെയാണ് സംഭവം നടന്നത്.

കർണൂലിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസറായ ഇര, ജോലി കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. വിനായക ഘട്ടിന് സമീപം വെച്ച് പ്രതികൾ ബൈക്കിലെത്തി ഡോക്ടറുടെ സ്കൂട്ടറിൽ മനഃപൂർവ്വം ഇടിച്ചു. വീഴ്ചയിൽ പരിക്കേറ്റ ഡോക്ടറെ സഹായിക്കാനെന്ന വ്യാജേന വസുന്ധരയും സംഘവും അടുത്തു കൂടി. പരിക്കേറ്റ ഡോക്ടറെ ഓട്ടോറിക്ഷയിൽ കയറ്റാൻ ശ്രമിക്കുന്നതിനിടെ വസുന്ധര കൈവശം കരുതിയിരുന്ന എച്ച്ഐവി വൈറസ് അടങ്ങിയ രക്തം ഡോക്ടറുടെ ശരീരത്തിൽ കുത്തിവെക്കുകയായിരുന്നു. ഡോക്ടർ ബഹളം വെച്ചതോടെ പ്രതികൾ സ്ഥലത്തുനിന്നും രക്ഷപ്പെട്ടു.

ഒരു സ്വകാര്യ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുന്ന ജ്യോതിയുടെ സഹായത്തോടെയാണ് വസുന്ധര എച്ച്ഐവി ബാധിച്ച രക്തം സംഘടിപ്പിച്ചത്. സർക്കാർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗികളിൽ നിന്ന് ഗവേഷണ ആവശ്യത്തിനെന്ന വ്യാജേനയാണ് എച്ച്ഐവി രക്തം ശേഖരിച്ചത്. ഈ രക്തം ഫ്രിഡ്ജിൽ സൂക്ഷിച്ചുവെച്ച ശേഷമാണ് കൃത്യം നടത്താനായി സിറിഞ്ചിലാക്കി കൊണ്ടുവന്നത്.

വസുന്ധര നേരത്തെ പ്രണയിച്ചിരുന്ന ഡോക്ടർ മറ്റൊരു വിവാഹം കഴിച്ചതാണ് വൈരാഗ്യത്തിന് കാരണം. ഈ ദമ്പതികളെ വേർപിരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഭാര്യയെ രോഗബാധിതയാക്കാൻ വസുന്ധര പദ്ധതിയിട്ടതെന്ന് പൊലീസ് പറഞ്ഞു. ഇരയുടെ ഭർത്താവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്താണ് പ്രതികളെ പിടികൂടിയത്.