ബ്രിട്ടീഷ് കരിനിയമം ഉപയോഗിച്ച് മാധ്യമങ്ങളുടെ വായടപ്പിക്കാം എന്ന് കേന്ദ്രസർക്കാർ കരുതരുത്: എ ജെ ഫിലിപ്

By Web TeamFirst Published Mar 7, 2019, 9:38 PM IST
Highlights

ആരെങ്കിലും മൂടിവയ്ക്കാൻ ശ്രമിക്കുന്നതാണ് വാർത്ത, അത് പുറത്തുകൊണ്ടുവരുകയാണ് പത്രധർമ്മം. റഫാൽ ഇടപാടിന്‍റെ രേഖകൾ പുറത്തുവിട്ടതിലൂടെ പരമമായ പത്രധർമ്മമാണ് ഹിന്ദു ചെയ്തതെന്നും എ ജെ ഫിലിപ് പറഞ്ഞു.

തിരുവനന്തപുരം: 1923 ൽ ബ്രിട്ടീഷ് സർക്കാർ കൊണ്ടുവന്ന ഔദ്യോഗിക രഹസ്യനിയമം ഉപയോഗിച്ച് മാധ്യമങ്ങളുടെ വായടപ്പിക്കാമെന്ന് കേന്ദ്രസർക്കാർ കരുതരുതെന്ന് മുതിർന്ന മാധ്യമപ്രവർത്തകൻ എ ജെ ഫിലിപ്. റഫാൽ കരാറിന്‍റെ സുപ്രധാന രേഖകൾ പുറത്തുവിട്ട ഹിന്ദു പത്രത്തിനെതിരെ ഔദ്യോഗിക രഹസ്യനിയമം ചുമത്താൻ കേന്ദ്രസർക്കാർ തയ്യാറെടുക്കുന്നു എന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ന്യൂസ് അവർ ചർച്ചക്കിടെ ആയിരുന്നു എ ജെ ഫിലിപ്പിന്‍റെ പ്രതികരണം. ആരെങ്കിലും മൂടിവയ്ക്കാൻ ശ്രമിക്കുന്നതാണ് വാർത്ത, അത് പുറത്തുകൊണ്ടുവരുകയാണ് പത്രധർമ്മമെന്നും അദ്ദേഹം പറഞ്ഞു.

പത്രങ്ങൾ സുപ്രധാന രേഖകൾ കണ്ടെത്തി വാർത്ത ചെയ്യുന്നത് ഇതാദ്യമല്ലെന്ന് എ ജെ ഫിലിപ് പറഞ്ഞു. 1980കളിൽ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന എ ആ‍ർ ആന്തുലെക്ക് എതിരായ സിമന്‍റ് കുംംഭകോണം പുറത്തുകൊണ്ടുവന്നത് ഇന്ത്യൻ എക്സ്പ്രസ് ആയിരുന്നു. അതിനെത്തുടർന്ന് ആ സർക്കാർ രാജിവയ്ക്കേണ്ടിവന്നു. 1990കളിൽ രാജീവ് ഗാന്ധി സർക്കാരിനെതിരെ ബൊഫോഴ്സ് കുംഭകോണത്തിന്‍റെ തെളിവുകളും മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. സ്വീഡിഷ് സർക്കാരിൽ നിന്ന് കിട്ടിയ രഹസ്യരേഖകൾ പരിഭാഷപ്പെടുത്തി പത്രങ്ങൾ അന്ന് പ്രസിദ്ധീകരിച്ചു. സമാനമായ മാധ്യമപ്രവർത്തനമാണ് ഹിന്ദു പത്രം ഇപ്പോൾ ചെയ്തിരിക്കുന്നതെന്നും എ ജെ ഫിലിപ് പറഞ്ഞു.

പരമമായ പത്രധർമ്മമാണ് ഹിന്ദു ചെയ്തതെന്നും എ ജെ ഫിലിപ് പറഞ്ഞു. സത്യമാണ് ഏറ്റവും വലിയ പ്രതിരോധം. ഹിന്ദുവിന്‍റെ വാർത്ത തെറ്റാണെങ്കിൽ അത് തെറ്റാണെന്ന് തെളിയിക്കുകയാണ് കേന്ദ്രസർക്കാർ ചെയ്യേണ്ടത്. മാധ്യമപ്രവർത്തകരെ ജയിലിലിടും എന്നല്ല പറയേണ്ടത്. സത്യമാണ് ഏറ്റവും വലിയ പ്രതിരോധം. മാധ്യമങ്ങൾക്കെതിരെ കരിനിയമങ്ങൾ പ്രയോഗിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെങ്കിൽ ഇന്ത്യയിലെ പത്രപ്രവർത്തകർ അതിനെ ശക്തമായി പ്രതിരോധിക്കുമെന്നും എ ജെ ഫിലിപ് ന്യൂസ് അവറിൽ പറഞ്ഞു.

click me!