
ദില്ലി: സുപ്രീം കോടതി കൊളീജിയം ശുപാർശ ചെയ്ത ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് അലോക് ആരാധെയെയും പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിപുൽ എം പഞ്ചോളിയെയും സുപ്രീം കോടതി ജഡ്ജിമാരായി നിയമിക്കാൻ കേന്ദ്ര സർക്കാർ അംഗീകാരം നൽകി. കൊളീജിയം ശുപാർശ കേന്ദ്രം അംഗീകരിച്ചതിന് പിന്നാലെ രാഷ്ട്രപതി ദ്രൗപദി മുർമു ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു. കൊളിജീയത്തിലെ തർക്കത്തിനിടെയാണ് നിയമനം നടത്താൻ രാഷ്ട്രപതി ഉത്തരവ് പുറപ്പെടുവിച്ചത്. കൊളീജിയം ശുപാർശകൾ അംഗീകരിച്ച് 48 മണിക്കൂറിനുള്ളിൽ നിയമനം നടത്തി എന്നത് ശ്രദ്ധേയമാണ്. ഈ നിയമനത്തോടെ, സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം 34 എന്ന പൂർണ ശേഷിയിലെത്തും.
നിയമന പ്രക്രിയയിൽ കൊളീജിയത്തിനുള്ളിൽ അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നു. ജസ്റ്റിസ് ബി വി നാഗരത്‌നയാണ് കൊളിജിയത്തിൽ അഭിപ്രായ വ്യത്യാസം പ്രകടിപ്പിച്ചത്. പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിപുൽ എം പഞ്ചോളിയെ സുപ്രീംകോടതി ജഡ്ജിയാക്കാനുള്ള ശുപാർശയിലാണ് ജസ്റ്റിസ് ബി വി നാഗരത്ന വിയോജിപ്പ് അറിയിച്ചത്. കൊളീജിയം സംവിധാനത്തിന്റെ വിശ്വാസ്യതയെ അപകടത്തിലാക്കുന്നതാണ് ജസ്റ്റിസ് പഞ്ചോളിയുടെ നിയമനമെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് നാഗരത്ന വിയോജിച്ചത്. സീനീയോറിറ്റി മറികടന്നാണ് ജസ്റ്റിസ് പഞ്ചോളിയുടെ നിയമനമെന്നാണ് ജസ്റ്റിസ് നാഗരത്നയുടെ വാദം. ഓൾ ഇന്ത്യ സീനിയോറിറ്റി ലിസ്റ്റിൽ പിന്നിലാണെന്നതും ഗുജറാത്തിൽ നിന്നുള്ള മൂന്നാമത്തെ സുപ്രീം കോടതി ജഡ്ജിയെന്ന കാര്യവും അദ്ദേഹം ഉയർത്തിക്കാട്ടി. ഈ നിയമനം നീതിന്യായ വ്യവസ്ഥയുടെ പ്രവർത്തനത്തിന് പ്രതികൂലമാകുമെന്നും കൊളീജിയം സമ്പ്രദായത്തിന്റെ വിശ്വാസ്യതയെ ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. പക്ഷേ മറ്റ് നാല് അംഗങ്ങൾ പഞ്ചോളിയുടെ നിയമനത്തെ പിന്തുണച്ചതിനാൽ 4-1 എന്ന നിലയിൽ കൊളീജിയത്തിൽ തീരുമാനം അംഗീകരിക്കപ്പെട്ടു. ഈ ശുപാർശയാണ് അതിവേഗം കേന്ദ്രം അംഗീകരിച്ച് രാഷ്ട്രപതി ഉത്തരവും പുറപ്പെടുവിച്ചത്.
ജസ്റ്റിസ് വിപുൽ എം പഞ്ചോളി
വിപുൽ മനുഭായ് പഞ്ചോളി 1968 മേയ് 28 ന് ഗുജറാത്തിലെ അഹമ്മദാബാദിലാണ് ജനിച്ചത്. ഗുജറാത്ത് യൂണിവേഴ്സിറ്റിയിലെ അഹമ്മദാബാദിലുള്ള സെന്റ് സേവ്യേഴ്സ് കോളേജിൽ നിന്ന് ഇലക്ട്രോണിക്സിൽ ബാച്ചിലർ ഓഫ് സയൻസും, അഹമ്മദാബാദിലെ സർ എൽ എ ഷാ ലോ കോളേജിൽ നിന്ന് കൊമേഴ്സ്യൽ ഗ്രൂപ്പിൽ മാസ്റ്റർ ഓഫ് ലോയും പാസായി. 1991 സെപ്തംബറിൽ ബാറിൽ ചേർന്ന് ഗുജറാത്ത് ഹൈക്കോടതിയിൽ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചു. പിന്നീട് ഗുജറാത്ത് ഹൈക്കോടതിയിൽ അസിസ്റ്റന്റ് ഗവൺമെന്റ് പ്ലീഡറായും അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടറായും നിയമിതനായി. 2014 ഒക്ടോബറിൽ ഗുജറാത്ത് ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയായി നിയമിതനായി. 2016 ജൂൺ 10 ന് സ്ഥിരം ജഡ്ജിയായി നിയമിക്കപ്പെട്ടു. 2023 ജൂലൈ 24 ന് പട്ന ഹൈക്കോടതിയിലെ ജഡ്ജിയായി. 2025 ജൂലൈ 21 ന് പട്ന ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസുമായി. ഗുജറാത്തിൽ നിന്നുള്ള 3 മത്തെ സുപ്രീം കോടതി ജഡ്ജിയെന്നതും സീനിയോറിറ്റി കുറവെന്ന വിവാദങ്ങൾക്കുമിടയിലാണ് പുതിയ നിയമനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam