എൻപിആറിൽ അനുനയനീക്കവുമായി കേന്ദ്രം; സഹകരിക്കാത്ത സംസ്ഥാനങ്ങളുമായി ചർച്ചയ്ക്ക് തയ്യാർ

By Web TeamFirst Published Feb 15, 2020, 9:03 AM IST
Highlights

സർക്കാരിന്‍റെ 'അനുനയ' നീക്കത്തിന്‍റെ ഭാഗമായി, കേന്ദ്ര സെൻസസ് കമ്മീഷണറായ വിവേക് ജോഷി, വെള്ളിയാഴ്ച പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗിനെ കണ്ട് ചർച്ച നടത്തി. 

ദില്ലി: ദേശീയ പൗരത്വ റജിസ്റ്ററുമായി സഹകരിക്കില്ലെന്ന് പ്രഖ്യാപിച്ച സംസ്ഥാനങ്ങളുമായി അനുനയചർച്ചയ്ക്ക് ഒരുങ്ങി കേന്ദ്രസർക്കാർ. എതിർപ്പ് ഉന്നയിച്ച സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ചർച്ച നടത്താൻ ഉന്നത ഉദ്യോഗസ്ഥരെ നിയമിക്കാനാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‍റെ തീരുമാനം. പൗരത്വനിയമഭേദഗതി നടപ്പാക്കുന്നതിലെ ആശങ്ക ദൂരീകരിച്ച് അവരെ ഒപ്പം നിർത്തുക എന്നതാണ് കേന്ദ്രനീക്കത്തിന്‍റെ ലക്ഷ്യം.

സർക്കാരിന്‍റെ 'അനുനയ' നീക്കത്തിന്‍റെ ഭാഗമായി, കേന്ദ്ര സെൻസസ് കമ്മീഷണറായ വിവേക് ജോഷി, വെള്ളിയാഴ്ച പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗിനെ കണ്ട് ചർച്ച നടത്തി. എൻപിആർ നടപ്പാക്കില്ലെന്ന് നിയമസഭയിൽ പ്രമേയം പാസ്സാക്കിയ സംസ്ഥാനങ്ങളിലൊന്നാണ് പഞ്ചാബ്. 

പൗരത്വ നിയമഭേദഗതിയും, അതിനുള്ള വിവരശേഖരണത്തിന് കാരണമാകുന്ന ദേശീയ പൗരത്വ റജിസ്റ്ററുമായി സഹകരിക്കില്ലെന്ന് പ്രഖ്യാപിച്ച് ആദ്യം നിയമസഭയിൽ സംയുക്ത പ്രമേയം പ്രതിപക്ഷത്തിന്‍റെ പിന്തുണയോടെ ഏകകണ്ഠമായി പാസ്സാക്കിയെടുത്ത ആദ്യ സംസ്ഥാനം കേരളമാണ്. പിന്നാലെ പശ്ചിമബംഗാൾ, രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ് ഗഢ്, പഞ്ചാബ്, കേന്ദ്രഭരണപ്രദേശമായ പുതുച്ചേരി എന്നിവയും സമാനമായ പ്രമേയം പാസ്സാക്കി.

രാജ്യത്തെമ്പാടും നടക്കുന്ന സെൻസസ്, എൻപി‌ആർ വിവരശേഖരണത്തിന് ചുക്കാൻ പിടിക്കുന്നത് റജിസ്ട്രാർ ജനറൽ കൂടിയായ സെൻസസ് കമ്മീഷണറാണ്. അതിനാലാണ് നേരിട്ട് ഈ ഉന്നത ഉദ്യോഗസ്ഥനെത്തന്നെ, ചർച്ച നടത്താൻ കേന്ദ്രസർക്കാർ നിയോഗിക്കുന്നത്. സമാനമായ രീതിയിൽ മുഖ്യമന്ത്രി പിണറായി വിജയനുൾപ്പടെ എൻപിആ‌റിനോട് എതിർപ്പറിയിച്ച എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരെ വിവേക് ജോഷി നേരിട്ട് കാണും.

ഏപ്രിൽ ഒന്ന് മുതൽ സെപ്റ്റംബർ 30 വരെയുള്ള സെൻസസിന്‍റെ ആദ്യഘട്ടത്തിൽ ദേശീയ പൗരത്വ റജിസ്റ്ററിലെ വിവരങ്ങളും ശേഖരിച്ച് ക്രോഡീകരിക്കാൻ തുടങ്ങും. അച്ഛനമ്മമാരുടെ ജന്മസ്ഥലമുൾപ്പടെയുള്ള എൻപിആറിലെ വിവാദചോദ്യങ്ങൾക്ക് മറുപടി നൽകണമെന്ന് നിർബന്ധമില്ലെന്നാണ് കടുത്ത പ്രതിഷേധത്തെത്തുടർന്ന് കേന്ദ്രസർക്കാർ ഇപ്പോൾ വ്യക്തമാക്കുന്നത്. 

സെൻസസ് നടപടികൾ തടസ്സപ്പെടുത്തില്ലെന്നും, അതുമായി ബന്ധപ്പെട്ട് എല്ലാ സഹകരണവുമുണ്ടാവുമെന്നുമാണ് കേരളമുൾപ്പടെയുള്ള സംസ്ഥാനങ്ങളുടെ നിലപാട്. എന്നാൽ എൻപിആർ വിവരങ്ങൾ കൂടിയുണ്ടെങ്കിലേ സെൻസസ് വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പുവരുത്താനാകൂ എന്നാണ് സെൻസസ് അധികൃതരുടെ നിലപാട്. ഓരോ പൗരന്‍റെയും എല്ലാ വിവരങ്ങളും അടങ്ങിയ ഒരു ഡാറ്റാബേസാണ് എൻപിആറിന്‍റെ ലക്ഷ്യമെന്നും, അതിൽ ബയോമെട്രിക് വിവരങ്ങൾ കൂടി ഉൾപ്പെടുത്തണമെന്നുമാണ് സെൻസസ് കമ്മീഷണറേറ്റ് വ്യക്തമാക്കുന്നത്. ഇതിനായി എല്ലാ സജ്ജീകരണങ്ങളുമുള്ള മൊബൈൽ ആപ്പാണ് ഇത്തവണ വിവരശേഖരണത്തിന് തയ്യാറാക്കിയിരിക്കുന്നത് (ഇത്തവണ ബയോമെട്രിക് വിവരങ്ങൾ നൽകേണ്ട എന്നാണ് കേന്ദ്രം പിന്നീട് വ്യക്തമാക്കിയത്). എൻപിആർ വിവരശേഖരണത്തിനായി കേന്ദ്രം വകയിരുത്തിയിരിക്കുന്നത് 3,941.35 കോടി രൂപയാണ്. 

എന്നാൽ പൗരത്വ നിയമഭേദഗതി നിയമം പാസ്സായതോടെ എൻപിആ‌റിൽ പുതുതായി ഉൾപ്പെടുത്തിയ ചോദ്യങ്ങളെച്ചൊല്ലിയും വലിയ പ്രതിഷേധമുയർന്നു. എന്നാൽ, എല്ലാ സംസ്ഥാനങ്ങളോടും എൻപിആറിന്‍റെ വിവരങ്ങൾ നേരത്തേ നൽകിയിരുന്നതാണെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‍റെ നിലപാട്. 

എൻപിആർ വിവരങ്ങൾ പ്രാദേശിക (വില്ലേജ്, സബ് ടൗൺ), സബ് ജില്ലാ, ജില്ലാ, സംസ്ഥാന, ദേശീയ തലത്തിൽ ശേഖരിച്ച ശേഷം ക്രോഡീകരിക്കുകയാണ് ചെയ്യുക. ഏറ്റവുമൊടുവിൽ എൻപിആർ വിവരശേഖരണം നടന്നത് 2010-ലാണ്. 2011 സെൻസസിന് മുന്നോടിയായിട്ടായിരുന്നു ഇത്. പിന്നീട് ഈ വിവരങ്ങൾ 2015-ൽ പുതുക്കുകയും ചെയ്തു. അടുത്ത വർഷം നടക്കാനിരിക്കുന്ന സെൻസസിന് മുന്നോടിയായാണ് എൻപിആർ ഇത്തവണ ശേഖരിക്കുന്നത്. എന്നാൽ 2010-ലെ എൻപിആറിൽ നിന്ന് ഇത്തവണത്തെ എൻപിആറിൽ പൗരത്വ നിയമഭേദഗതി നടപ്പാക്കാൻ സഹായകമായ ചോദ്യങ്ങളുള്ളതാണ് മിക്ക സംസ്ഥാനങ്ങളെയും ചൊടിപ്പിക്കുന്നത്. 

click me!