57 കേന്ദ്രീയ വിദ്യാലയങ്ങൾ കൂടി അനുവദിച്ച് കേന്ദ്രം; 86,640 കുട്ടികൾക്ക് പ്രവേശനം, നാലായിരത്തിലേറെ തൊഴിലവസരങ്ങൾ

Published : Oct 01, 2025, 10:25 PM IST
new Kendriya Vidyalaya schools in India

Synopsis

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഈ സുപ്രധാന തീരുമാനത്തിന് അംഗീകാരം നൽകിയത്. ഒമ്പത് വർഷത്തിൽ നിർമാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം. ഏകദേശം 5862.55 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

ദില്ലി: രാജ്യമെമ്പാടും 57 പുതിയ കേന്ദ്രീയ വിദ്യാലയങ്ങൾ സ്ഥാപിക്കുമെന്ന് കേന്ദ്ര സർക്കാർ. കേന്ദ്ര സർക്കാർ ജീവനക്കാരുടെ മക്കളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റുന്നതിനാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യ മന്ത്രിസഭാ സമിതിയാണ് അംഗീകാരം നൽകിയത്. ഒമ്പത് വർഷത്തിൽ നിർമാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം. ഏകദേശം 5862.55 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിൽ ഏകദേശം 2585.52 കോടി രൂപയുടെ മൂലധനച്ചെലവും 3277.03 കോടി രൂപയുടെ പ്രവർത്തനച്ചെലവും ഉൾപ്പെടുന്നു.

പ്രതിരോധ, അർദ്ധസൈനിക വിഭാഗങ്ങൾ ഉൾപ്പെടെയുള്ള കേന്ദ്ര സർക്കാർ ജീവനക്കാരുടെ കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റുന്നതിനും, രാജ്യമെമ്പാടും ഏകീകൃത നിലവാരത്തിലുള്ള വിദ്യാഭ്യാസ സൗകര്യങ്ങൾ നൽകുന്നതിനുമായി 1962 നവംബറിലാണ് സർക്കാർ കെ വി പദ്ധതി അംഗീകരിച്ചത്. കേന്ദ്ര ഗവൺമെന്റിന്റെ വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലെ യൂണിറ്റായി സെൻട്രൽ സ്കൂൾസ് ഓർഗനൈസേഷൻ ആരംഭിച്ചു. ഇതുവരെ മോസ്കോ, കാഠ്മണ്ഡു, ടെഹ്‌റാൻ എന്നിവിടങ്ങളിലെ മൂന്ന് വിദേശ കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പെടെ 1288 കെ.വികളുണ്ട്. ആകെ പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ എണ്ണം ഏകദേശം 13.62 ലക്ഷമാണ്.

പുതിയ 57 കെവികളിൽ 20 എണ്ണം കേന്ദ്ര ഗവൺമെന്‍റ് ജീവനക്കാർ ധാരാളമായി ഉണ്ടായിരുന്നിട്ടും, നിലവിൽ ഒരു കെവി പോലും ഇല്ലാത്ത ജില്ലകളിലാണ് തുറക്കാൻ ഉദ്ദേശിക്കുന്നത്. 2024 ഡിസംബറിൽ അനുവദിച്ച 85 കെവികളുടെ തുടർച്ചയായിട്ടാണ് പ്രഖ്യാപനം. 2019 മാർച്ച് മുതൽ കേന്ദ്രീയ വിദ്യാലയങ്ങൾ ലഭിച്ചിട്ടില്ലാത്ത സംസ്ഥാനങ്ങൾക്ക് മുൻഗണന നൽകിയാണ് 57 പുതിയ കെവികൾ കൂടി അംഗീകരിച്ചത്.

ഓരോ സ്കൂളിലും ഏകദേശം 1520 വിദ്യാർത്ഥികളെ പഠിപ്പിക്കുന്നതിനാവശ്യമായ തസ്തികകൾ സൃഷ്ടിക്കേണ്ടതുണ്ട്. ഇതിലൂടെ 86640 വിദ്യാർത്ഥികൾക്ക് പ്രയോജനം ലഭിക്കും. 57 പുതിയ കെ.വി.കൾക്ക് അംഗീകാരം ലഭിക്കുന്നതോടെ, ആകെ 4617 നേരിട്ടുള്ള സ്ഥിരം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. നിർമ്മാണവും അനുബന്ധ പ്രവർത്തനങ്ങളും നിരവധി തൊഴിലവസരങ്ങളും സൃഷ്ടിക്കും. 2020 ലെ ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ച്, 913 കെ.വി.കളെ പിഎം ശ്രീ സ്കൂളുകളായി നിശ്ചയിച്ചിട്ടുണ്ട്. ഗുണനിലവാരമുള്ള അധ്യാപനം, നൂതനമായ അധ്യാപനരീതി, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ലഭിക്കുക എന്നതാണ് കെവിയുടെ ലക്ഷ്യമെന്ന് കേന്ദ്ര സർക്കാർ വിശദീകരിക്കുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ലിവ് ഇൻ ബന്ധത്തിലും ഭാര്യ പദവി നൽകണം': വിവാഹ വാഗ്ദാനം നൽകി പിന്മാറുന്ന പുരുഷന്മാർക്ക് നിയമത്തിൽ നിന്ന് രക്ഷപ്പെടാനാവില്ലെന്ന് കോടതി
തുടരുന്ന രാഷ്ട്രീയ നാടകം, 'ഉദ്ധവ് താക്കറേയെ പിന്നിൽ നിന്ന് കുത്തി രാജ് താക്കറേ', കല്യാണിൽ ഷിൻഡേയുമായി സഖ്യം