'ദുരിതാശ്വാസ നിധിയുടെ പ്രവര്‍ത്തനം താറുമാറാക്കും'; കൊവിഡ് മരണങ്ങള്‍ക്ക് നഷ്ടപരിഹാരം നൽകാനാവില്ലെന്ന് കേന്ദ്രം

By Web TeamFirst Published Jun 20, 2021, 10:05 AM IST
Highlights

എല്ലാ കൊവിഡ് ബാധിതരുടെ ആശ്രിതര്‍ക്കും നാല് ലക്ഷം രൂപവീതം നല്‍കിയാല്‍ അത്  ദുരിതാശ്വാസ നിധിയുടെ പ്രവര്‍ത്തനം താറുമാറാക്കുമെന്നാണ് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചത്.

കൊവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കള്‍ക്ക്  നാലുലക്ഷം രൂപ വീതം നല്‍കാന്‍ സാധിക്കില്ലെന്ന് കേന്ദ്രം. എല്ലാ കൊവിഡ് ബാധിതരുടെ ആശ്രിതര്‍ക്കും നാല് ലക്ഷം രൂപവീതം നല്‍കിയാല്‍ അത്  ദുരിതാശ്വാസ നിധിയുടെ പ്രവര്‍ത്തനം താറുമാറാക്കുമെന്നാണ് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചത്. കൊവിഡ് ബാധിച്ച് മരിച്ചവര്‍ക്ക് സാമ്പത്തിക സഹായം ആവശ്യപ്പെട്ടുകൊണ്ടുള്ള പൊതുതാല്‍പര്യ ഹര്‍ജിയിലാണ് കേന്ദ്ര സര്‍ക്കാരിന്‍റെ സത്യവാങ്മൂലം.

ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള സഹായം ഭൂമികുലുക്കം, വെള്ളപ്പൊക്കം തുടങ്ങിയ പാരിസ്ഥിതിക ദുരന്തങ്ങള്‍ക്ക് ചെലവിടണമെന്നാണ് നിയമം വ്യക്തമാക്കുന്നതെന്നും സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കേന്ദ്രം വ്യക്തമാക്കി. ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്കുകള്‍ അനുസരിച്ച് മഹാമാരിയുടെ ആരംഭകാലം മുതല്‍ 4 ലക്ഷത്തോളം പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചിട്ടുള്ളത്. ഇവര്‍ക്കെല്ലാവര്‍ക്കും നാല് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാന്‍ ദുരിതാശ്വാസ നിധിയിലെ തുക പോരാതെ വരുമെന്നും സത്യവാങ്മൂലം വ്യക്തമാക്കുന്നു.

സംസ്ഥാനങ്ങള്‍ക്കുള്ള ധനസഹായം, ആരോഗ്യസംവിധാനങ്ങള്‍ക്കായുള്ള സഹായം, മറ്റ് ദുരന്തങ്ങള്‍ എന്നിവയ്ക്കായി പണമില്ലാത്ത സാഹചര്യം വരുമെന്നും കേന്ദ്ര വ്യക്തമാക്കി. ഇന്‍ഷുറന്‍സ് തുക വേഗത്തില്‍ നല്‍കാന്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ വഴി  നിര്‍ദ്ദേശം നല്‍കുന്നുണ്ടെന്നും കേന്ദ്രം കൂട്ടിച്ചേര്‍ക്കുന്നു.  ഏകദേശം 442.4 കോടി രൂപ ഇന്‍ഷുറന്‍സ് കമ്പനികള്‍ ഇതിനോടകം വിതരണം ചെയ്ത് കഴിഞ്ഞതായും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 
 

click me!