
ദില്ലി: ഗാന്ധി കുടുംബത്തിന് വിദേശത്തും എസ്‍പിജി (സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്) സുരക്ഷ നല്‍കാന്‍ തീരുമാനം. ഇത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം പുറത്തിറക്കി. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ വിദേശ യാത്രയിലും എസ്‍പിജി അനുഗമിക്കണമെന്ന നിര്‍ദേശമാണ് നല്‍കിയത്. വിദേശത്ത് എത്തിച്ച ശേഷം എസ്‍പിജി അംഗങ്ങളെ വേണമെങ്കില്‍ തിരികെ ഇന്ത്യയിലേക്ക് തിരിച്ചയക്കാം. ഇവരുടെ സ്വകാര്യത മാനിച്ചാണ് ഇത്തരമൊരു വകുപ്പ് ചേര്‍ത്തത്.
പുതിയ നിര്‍ദേശ പ്രകാരം ഗാന്ധി കുടുംബത്തിന്‍റെ വിദേശ യാത്രകള്‍ സംബന്ധിച്ച് എല്ലാ വിവരങ്ങളും നേരത്തെ ആഭ്യന്തര മന്ത്രാലയത്തിന് സമര്‍പ്പിക്കണം. സുരക്ഷ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിനാണ് വിദേശ യാത്രകള്‍ സംബന്ധിച്ച് വിവരങ്ങള്‍ നേരത്തെ അറിയിക്കണമെന്ന് നിര്‍ദേശിച്ചതെന്നാണ് സര്‍ക്കാര്‍ വാദം. സണ്‍ഡേ ഗാര്‍ഡിയനാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. അതേസമയം, സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഗാന്ധി കുടുംബാംഗങ്ങളുടെ വിദേശ യാത്ര നിയന്ത്രിക്കുകയാണ് നീക്കത്തിന് പിന്നിലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ദിരാഗാന്ധി വധത്തെ തുടര്‍ന്ന് 1985ലാണ് പ്രധാനമന്ത്രിമാര്‍ക്ക് സുരക്ഷയൊരുക്കുന്നതിനായി എസ്‍പിജി രൂപീകരിച്ചത്. 1988ല്‍ എസ്‍പിജി ആക്ട് പാസാക്കി. 1989ല്‍ വി പി സിംഗ് സര്‍ക്കാര്‍ രാജീവ് ഗാന്ധിക്ക് നല്‍കിയ എസ്‍പിജി സുരക്ഷ പിന്‍വലിച്ചു. 1991ലെ രാജീവ് ഗാന്ധി വധത്തിന് ശേഷം എല്ലാ മുന്‍ പ്രധാനമന്ത്രിമാര്‍ക്കും എസ്‍പിജി സുരക്ഷ നല്‍കുന്നതിനായി എസ്‍പിജി നിയമം ഭേദഗതി ചെയ്തു. ആഗസ്റ്റില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്‍റെ എസ്‍പിജി സുരക്ഷ മോദി സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam