ആരെ വനത്തിൽ നിന്ന് മരം മുറിക്കരുതെന്ന് സുപ്രീംകോടതി; നിർദ്ദേശം പാലിക്കുമെന്ന് മഹാരാഷ്ട്ര സർക്കാർ

By Web TeamFirst Published Oct 7, 2019, 11:49 AM IST
Highlights

മെട്രോ കോച്ച് നിര്‍മാണ യൂണിറ്റ് സ്ഥാപിക്കാന്‍ മരങ്ങള്‍ മുറിച്ചുമാറ്റുന്നതിനെതിരെയുള്ള പൊതു താത്പര്യ ഹർജി കഴിഞ്ഞ ദിവസം ബോംബെ ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെ അർദ്ധരാത്രിതന്നെ കനത്ത പൊലീസ് കാവലിൽ മരം മുറിക്കാൻ തുടങ്ങിയിരുന്നു.

മുംബൈ: മഹാരാഷ്ട്രയിലെ ആരെ വനത്തിൽ നിന്ന് ഇനി മരം മുറിക്കരുതെന്ന് സുപ്രീംകോടതി ഉത്തരവ്. കാര്‍ പാര്‍ക്കിങ്ങിനായി മുംബൈ മെട്രോ റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ് ആരെ വനമേഖലയിലെ മരങ്ങള്‍ മുറിച്ചു മാറ്റുന്നത് നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് നിയമവിദ്യാർത്ഥികൾ നൽകിയ കത്തിലാണ് സുപ്രീംകോടതി വിധി. ചീഫ് ജസ്റ്റിസ് രഞ്ജൻ ​ഗ​ഗോയി അധ്യക്ഷനായ പ്രത്യേക ബെഞ്ചിന്റേതാണ് തീരുമാനം.

ഇന്ന് രാവിലെ പത്തുമണിയോടുകൂടിയാണ് കോടതി ഹർജി പരി​ഗണിച്ചത്. അതേസമയം, മുംബൈ നഗരത്തിലെ പച്ചത്തുരുത്തായ ആരെ വനത്തിൽ നിന്ന് മരംമുറിക്കരുതെന്ന നിർദ്ദേശം പാലിക്കുമെന്ന് സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ട്. ഒക്ടോബർ 21ന് വരെ മരംമുറിക്കുന്നത് നിർത്തിവയ്ക്കുമെന്നും സർക്കാർ കോടതിയെ അറിയിച്ചു.

മെട്രോ കോച്ച് നിര്‍മാണ യൂണിറ്റ് സ്ഥാപിക്കാന്‍ മരങ്ങള്‍ മുറിച്ചുമാറ്റുന്നതിനെതിരെയുള്ള പൊതു താത്പര്യ ഹർജി കഴിഞ്ഞ ദിവസം ബോംബെ ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെ അർദ്ധരാത്രിതന്നെ കനത്ത പൊലീസ് കാവലിൽ മരം മുറിക്കാൻ തുടങ്ങിയിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ മാത്രം 200ഓളം മരങ്ങള്‍ മുറിച്ചിരുന്നു. മെട്രോയുടെ കാര്‍ പാര്‍ക്കിംഗ് ഷെഡ്ഡിനായി ആരേ വനത്തിലെ 2,500 ലേറെ മരങ്ങൾ മുറിക്കേണ്ടിവരുമെന്ന് റിപ്പോർട്ട്.

Read More:കാര്‍ പാര്‍ക്കിംഗ് ഷെഡ്ഡിനായി മുംബൈയില്‍ കൂട്ട മരംമുറി; വ്യാപക പ്രതിഷേധം, സര്‍ക്കാര്‍ പ്രതിരോധത്തില്‍

ആരെ വനത്തിൽ നിന്ന് മരം മുറിക്കരുത് നിയമവിരുദ്ധമാണെന്ന് ആരോപിച്ച് പരിസ്ഥിതി പ്രവര്‍ത്തകരും രാഷ്ട്രീയ പ്രവർത്തകരും വിദ്യാർത്ഥികളുമുൾപ്പെട നൂറുക്കണക്കിന് ആളുകൾ പ്രതിഷേധ സമരം സംഘടിപ്പിച്ചിരുന്നു. ഞായറാഴ്ച പ്രതിഷേധ സമരത്തിൽ പങ്കെടുത്ത 29 പരിസ്ഥിതി പ്രവര്‍ത്തകരെയടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

മുംബൈയുടെ ശ്വാസകോശം എന്നറിയപ്പെടുന്ന പ്രദേശത്തെ മരങ്ങളാണ് വ്യാപകമായി നശിപ്പിക്കുന്നതെന്ന് പരിസ്ഥിതി പ്രവര്‍ത്തര്‍ ആരോപിച്ചു. എതിര്‍പ്പിനെ തുടര്‍ന്ന് വന്‍ പൊലീസ് സന്നാഹത്തെയാണ് ആരേ കോളനിയില്‍ വിന്യസിച്ചിരിക്കുന്നത്. വിനോദ സഞ്ചാരികളെപ്പോലും പ്രദേശത്തേക്ക് പ്രവേശിക്കാന്‍ അനുവദിക്കുന്നില്ല. ഈ വിഷയത്തില്‍ ഒക്ടോബര്‍ 10നാണ് ദേശീയ ഹരിത ട്രൈബ്യൂണല്‍ കേസ് പരിഗണിക്കുന്നത്. അതിന് മുമ്പായി മരങ്ങള്‍ മുറിച്ചുമാറ്റാനാണ് മുംബൈ മെട്രോ റെയില്‍ കോര്‍പറേഷന്‍റെ തീരുമാനമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിച്ചു.

Read More:ആരെ വനത്തിലെ മരംമുറി നിര്‍ത്തണമെന്ന ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ആരേ വനത്തിലെ മരം മുറിക്കുന്നതിനെ വിമർശിച്ച് നിരവധി ബോളിവുഡ് താരങ്ങളും രം​ഗത്തെത്തിയിരുന്നു. മരങ്ങള്‍ മുറിക്കുന്നത് തെറ്റാണെന്ന് അറിയുന്നവര്‍ പോലും അത് ചെയ്യുന്നത് അപലനീയമാണെന്ന് ഫര്‍ഹാൻ അക്തര്‍ പ്രതികരിച്ചു. ഒരു രാത്രി നാന്നൂറോളം മരങ്ങള്‍ മുറിക്കപ്പെട്ടു. ഇങ്ങനെയുള്ള കൂട്ടക്കൊല നിര്‍ത്താൻ പൗരൻമാര്‍ അണിചേര്‍ന്നിരിക്കുകയാണ്. അവര്‍ സ്‍നേഹത്താല്‍ അങ്ങനെ സംഘടിക്കുന്നത് നിങ്ങള്‍ കാണുന്നില്ലേ. പ്രകൃതിയോടുള്ള സ്‍നേഹത്താല്‍. നമ്മുടെ കുട്ടികളോടും ഭാവിയോടുമുള്ള സ്‍നേഹത്താല്‍ എന്ന് നടി ദിയ മിര്‍സ ട്വിറ്ററിൽ കുറിച്ചു.

Read More:മുംബൈയിലെ മരംമുറി: പ്രതിഷേധവുമായി താരങ്ങളും രംഗത്ത്

 

click me!