
ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്‍റെ മുൻനിര പദ്ധതിയായ പ്രധാനമന്ത്രി ഉജ്ജ്വല യോജന ഗുണഭോക്താക്കൾക്ക് ലഭിക്കുന്ന സബ്‌സിഡി പാചകവാതക സിലിണ്ടറുകളുടെ എണ്ണത്തിൽ വൻ വെട്ടിക്കുറയ്ക്കൽ. ഒരു വർഷം ലഭിച്ചിരുന്ന സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം നാലായി പരിമിതപ്പെടുത്തിയതായി പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം അഡീഷണൽ സെക്രട്ടറി പ്രവീൺ മാൽ ഖനൂജ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പാവപ്പെട്ട കുടുംബങ്ങളിലെ സാധാരണക്കാരുടെ ശരാശരി വാർഷിക ഉപയോഗം കണക്കിലെടുത്താണ് ഈ പുതിയ പരിഷ്കരണമെന്നാണ് സർക്കാരിന്‍റെ വിശദീകരണം. 2016 മേയിൽ ആരംഭിച്ച പദ്ധതി പ്രകാരം തുടക്കത്തിൽ പ്രതിവർഷം 12 സിലിണ്ടറുകൾക്കാണ് സബ്‌സിഡി നൽകിയിരുന്നത്. കഴിഞ്ഞ വർഷം ഇത് ഒൻപതാക്കി കുറയ്ക്കുകയും, ഇപ്പോൾ വീണ്ടും നാലായി ചുരുക്കുകയുമാണ് ചെയ്തിരിക്കുന്നത്.
അന്താരാഷ്ട്ര വിപണിയിൽ എണ്ണവില വർദ്ധിച്ച സാഹചര്യത്തിൽ ആഭ്യന്തര വിപണിയിലും പാചകവാതക വില കുത്തനെ ഉയരുകയാണ്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഡൽഹിയിൽ മാത്രം സിലിണ്ടറിന് 89 രൂപയാണ് വർദ്ധിച്ചത്. ജൂൺ ഏഴിന് ഒടുവിൽ വർദ്ധിപ്പിച്ച 29 രൂപ ഉൾപ്പെടെ ഇപ്പോൾ 14.2 കിലോഗ്രാം സിലിണ്ടറിന്‍റെ വില 942 രൂപയിലെത്തി. നിലവിൽ ലഭിക്കുന്ന 300 രൂപ സബ്‌സിഡി കിഴിച്ചാൽ ഉജ്ജ്വല ഗുണഭോക്താക്കൾ ഇനി ഒരു സിലിണ്ടറിന് 642 രൂപ നൽകണം. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളെ തുടർന്ന് ആഗോളതലത്തിൽ എണ്ണവില 46 ശതമാനത്തോളം ഉയർന്നതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.
അന്താരാഷ്ട്ര വില സൂചിക പ്രകാരം ഒരു സിലിണ്ടർ വിതരണം ചെയ്യാൻ സർക്കാരിന് നിലവിൽ 1,600 രൂപയിലധികം ചിലവ് വരുന്നുണ്ട്. ഇതിലൂടെ ഒരു സിലിണ്ടറിന് ഏകദേശം 1,000 രൂപയുടെ സാമ്പത്തിക സഹായമാണ് സർക്കാർ പൊതുജനങ്ങൾക്ക് നൽകുന്നതെന്നും ആഗോള വിപണിയുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിലെ പാചകവാതക വില ഇപ്പോഴും വളരെ കുറവാണെന്നും മന്ത്രാലയം അവകാശപ്പെട്ടു. അതേസമയം, വില വർദ്ധനവ് സാധാരണക്കാരെ വലിയ രീതിയിൽ ബാധിക്കില്ലെന്നാണ് അധികൃതരുടെ വാദം. സിലിണ്ടറിന് 29 രൂപ വർദ്ധിച്ചത് ഒരു കുടുംബത്തിന് പ്രതിദിനം വെറും ഒരു രൂപയുടെ മാത്രം അധികബാധ്യതയേ വരുത്തുകയുള്ളൂവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ എൽപിജി വില വർദ്ധിപ്പിച്ചിട്ടും എണ്ണക്കമ്പനികൾക്ക് ഒരു സിലിണ്ടറിന്മേൽ 700 രൂപയോളം നഷ്ടം സംഭവിക്കുന്നുണ്ട്. പാചകവാതകത്തിന് പുറമെ പെട്രോൾ, ഡീസൽ, സിഎൻജി എന്നിവയുടെ വിലയും കമ്പനികൾ കഴിഞ്ഞ മാസങ്ങളിൽ വർദ്ധിപ്പിച്ചിരുന്നു. പെട്രോളിന് ലിറ്ററിന് ആറ് രൂപയും ഡീസലിന് 30 രൂപയും നഷ്ടം സഹിച്ചാണ് നിലവിൽ കമ്പനികൾ വിൽപന നടത്തുന്നത്. ഈ സാഹചര്യത്തിൽ എണ്ണക്കമ്പനികൾ നേരിടുന്ന 600 മുതൽ 700 കോടി രൂപ വരെയുള്ള ഭീമമായ നഷ്ടം നികത്തുന്നതിനാണ് ഇത്തരമൊരു വിലവർദ്ധനവിലേക്ക് കടക്കേണ്ടി വന്നതെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam