പുതിയ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍, ഇന്ധന ഇറക്കുമതി കുറയ്ക്കുക ലക്ഷ്യം; രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ പുതിയ 3ഡി സീസ്മിക് സര്‍വേ നടത്തും

Published : May 28, 2026, 01:09 PM IST
petrol diesel crude oil supply

Synopsis

രാജ്യത്ത് ഒളിഞ്ഞിരിക്കുന്ന എണ്ണ, പ്രകൃതിവാതക ശേഖരങ്ങൾ കണ്ടെത്താൻ പഴയ ഭൗമശാസ്ത്ര ഡാറ്റകൾ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് പുനഃപരിശോധിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ഊർജ്ജ ഇറക്കുമതി കുറച്ച് സ്വയംപര്യാപ്തത നേടുകയാണ് ഈ നീക്കത്തിന്റെ പ്രധാന ലക്ഷ്യം. ഇതിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ, പുതിയ സീസ്മിക് സർവേകൾ നടത്താനും പദ്ധതിയുണ്ട്.

ഒളിഞ്ഞു കിടക്കുന്ന എണ്ണ, പ്രകൃതിവാതക ശേഖരങ്ങള്‍ കണ്ടെത്താന്‍ പുതിയ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. ഇതിനായി പഴയകാല ഭൗമശാസ്ത്ര ഡാറ്റകള്‍ അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ വീണ്ടും പരിശോധിക്കാനാണ് തീരുമാനം. രാജ്യത്ത് എണ്ണ പര്യവേക്ഷണം ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായാണിത്. പഴയ സീസ്മിക് ഡാറ്റകള്‍ പുനഃപരിശോധിക്കാനും, രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ പുതിയ 3ഡി സീസ്മിക് സര്‍വേകള്‍ നടത്താനുമാണ് ആലോചന. ഊര്‍ജ്ജ മേഖലയില്‍ രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാനും ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാനുമാണ് ഈ പദ്ധതി. പെട്രോളിയം മന്ത്രാലയത്തിന്റെ സാങ്കേതിക വിഭാഗമായ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹൈഡ്രോകാര്‍ബണ്‍സ് ആണ് ഈ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

എന്താണ് സീസ്മിക് പരിശോധന?

ലളിതമായി പറഞ്ഞാല്‍, പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഭൂഗര്‍ഭ വിവരങ്ങള്‍ ഇന്നത്തെ ആധുനിക ഇമേജിംഗ് സങ്കേതങ്ങള്‍ ഉപയോഗിച്ച് വിദഗ്ധര്‍ വീണ്ടും വിലയിരുത്തും. പഴയ സര്‍വേകളില്‍ കണ്ടെത്താന്‍ കഴിയാതെ പോയ എണ്ണ, വാതക ശേഖരങ്ങള്‍ പുതിയ പരിശോധനയിലൂടെ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ. സീസ്മിക് സര്‍വേകളെ മെഡിക്കല്‍ സ്‌കാനിംഗിനോട് ഉപമിക്കാം. ശബ്ദതരംഗങ്ങള്‍ ഭൂമിക്കടിയിലേക്ക് കടത്തിവിട്ട്, അവ പ്രതിഫലിച്ചു വരുന്നതിന്റെ അടിസ്ഥാനത്തിലാണ് ഭൂമിക്കടിയില്‍ എന്താണെന്ന് മനസ്സിലാക്കുന്നത്. എണ്ണക്കമ്പനികള്‍ എവിടെ കുഴിക്കണം എന്ന് തീരുമാനിക്കുന്നത് ഇത്തരം സര്‍വേകളിലൂടെയാണ്. പഴയ രീതികളില്‍ നിന്ന് വ്യത്യസ്തമായി, അതിനൂതന കമ്പ്യൂട്ടിംഗ് സംവിധാനങ്ങളും ആധുനിക ഡാറ്റാ പ്രോസസ്സിംഗും ഉപയോഗിക്കുമ്പോള്‍ കൂടുതല്‍ വ്യക്തമായ വിവരങ്ങള്‍ ലഭിക്കുമെന്ന് അധികൃതര്‍ കരുതുന്നു.

കിഴക്കന്‍ തീരത്തും വമ്പന്‍ സര്‍വേ

ഇന്ത്യയുടെ കിഴക്കന്‍ തീരത്ത് ആയിരക്കണക്കിന് കിലോമീറ്ററുകള്‍ വ്യാപിച്ചുകിടക്കുന്ന വമ്പന്‍ സമുദ്ര പര്യവേക്ഷണ സര്‍വേ നടത്താന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുണ്ട്. പൂര്‍ണിയ, മഹാനദി ബേസിന്‍, കൃഷ്ണ ഗോദാവരി ബേസിന്‍, കാവേരി ബേസിന്‍, ആന്‍ഡമാന്‍ (ഈസ്റ്റ്) ബേസിന്‍ എന്നിവിടങ്ങളിലാണ് ഈ വലിയ ഭൗമശാസ്ത്ര സര്‍വേ നടക്കുക. കടലിനടിയില്‍ വാണിജ്യാടിസ്ഥാനത്തില്‍ എണ്ണയോ പ്രകൃതിവാതകമോ ഉണ്ടോ എന്ന് കണ്ടെത്താന്‍ പ്രത്യേക സര്‍വേ കമ്പനികളെയാണ് സര്‍ക്കാര്‍ ഇതിനായി നിയോഗിക്കുക.

ലക്ഷ്യം ഇറക്കുമതി കുറയ്ക്കല്‍

രാജ്യത്തിന് ആവശ്യമായ ക്രൂഡ് ഓയിലിന്റെ 85 ശതമാനവും വിദേശ രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. ആഗോളതലത്തില്‍ യുദ്ധങ്ങളോ പ്രതിസന്ധികളോ ഉണ്ടാകുമ്പോള്‍ ഉണ്ടാകുന്ന വിലക്കയറ്റം വലിയ തിരിച്ചടിയാകാറുണ്ട്. ഈ സാഹചര്യത്തിലാണ് സ്വന്തം രാജ്യത്ത് തന്നെ പര്യവേക്ഷണവും ഉല്‍പ്പാദനവും വര്‍ദ്ധിപ്പിക്കാനുള്ള ശ്രമം. ഭാവിയില്‍ കൂടുതല്‍ ഇടങ്ങളില്‍ പര്യവേക്ഷണം നടത്തുന്നതിന് മുന്നോടിയായി ഭൂമിക്കടിയിലെ നിക്ഷേപങ്ങളെക്കുറിച്ച് കൃത്യമായ ധാരണയുണ്ടാക്കാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ ശ്രമിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കർണാടക മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നു, രാജി പ്രഖ്യാപിച്ച് സി​ദ്ധരാമയ്യ, പുതിയ മുഖ്യമന്ത്രി ഉടൻ
കോർപ്പറേറ്റ് മേഖല വിട്ട് കൃഷിയിലേക്ക്, വീട്ടുകാർക്കായി മാങ്ങ പറിക്കാനുള്ള ശ്രമത്തിനിടെ ഇടിമിന്നൽ, ടെക്കി യുവാവിന് ദാരുണാന്ത്യം