ദില്ലി: ഒടുവിൽ ഐടി ചട്ടം അനുസരിച്ച് പരാതി പരിഹാര ഓഫീസറെ നിയമിച്ച് ട്വിറ്റർ. ട്വിറ്ററുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കാനായി വിനയ് പ്രകാശ് എന്ന ഉദ്യോഗസ്ഥനെയാണ് നിയമിച്ചിരിക്കുന്നത്. വെബ്സൈറ്റിൽ ഈ വിവരം പ്രസിദ്ധീകരിച്ച ട്വിറ്റർ, ബന്ധപ്പെടാൻ ഒരു ഇ-മെയിൽ ഐഡിയും നൽകിയിട്ടുണ്ട്. പുതിയ ഐടി ചട്ടം പ്രസിദ്ധീകരിച്ചതിന് പിന്നാലെ ട്വിറ്റർ അടക്കമുള്ള സമൂഹമാധ്യമവമ്പൻമാരും കേന്ദ്രസർക്കാരും തമ്മിൽ കടുത്ത വാക്പോരാണ് നടന്നുവരുന്നത്.
''ഐടി ചട്ടം 2021 പ്രകാരം മെയ്, ജൂൺ മാസങ്ങളിലെ സ്ഥിതിവിവരറിപ്പോർട്ടും ഞങ്ങൾ ജൂലൈ 11, 2021 പ്രകാരം പ്രസിദ്ധീകരിക്കുന്നു'', എന്നും ട്വിറ്റർ അറിയിച്ചു. എന്നാൽ ചീഫ് കംപ്ലെയൻസ് ഓഫീസറെ ഇതുവരെ ട്വിറ്റർ നിയമിച്ചിട്ടില്ല. താൽക്കാലികമായി ഒരു നിയമനം നടത്തുക മാത്രമാണ് ചെയ്തത്. സ്ഥിരമായി ഒരാളെ നിയമിക്കാൻ എട്ടാഴ്ച സമയം വേണമെന്നാണ് ട്വിറ്റർ ദില്ലി ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ജൂലൈ 11-നകം സ്ഥിതിവിവര റിപ്പോർട്ട് പ്രസിദ്ധീകരിക്കുമെന്ന് കോടതിയിൽ ട്വിറ്റർ അറിയിക്കുകയും ചെയ്തിരുന്നു. രാജ്യത്തെ നിയമങ്ങൾ അനുസരിച്ചില്ലെങ്കിൽ നിയമപരിരക്ഷയുണ്ടാകില്ലെന്നാണ് ട്വിറ്ററിനോട് കോടതി പറഞ്ഞത്. കോടതി കടുത്ത നിലപാടെടുത്ത സാഹചര്യത്തിൽക്കൂടിയാണ് ട്വിറ്റർ നടപടികൾ വേഗത്തിലാക്കിയത്.
ഐടി ചട്ടങ്ങൾ പാലിക്കുന്നതുമായി ബന്ധപ്പെട്ട് നാല് സംസ്ഥാനങ്ങളിൽ ട്വിറ്ററിനെതിരെ കേസുണ്ട്. ഫേസ്ബുക്കും, വാട്സാപ്പും ഉദ്യോഗസ്ഥനിയമനമടക്കമുള്ളവ ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam