സംസ്ഥാനങ്ങൾ പുറത്തു വിട്ട കൊവിഡ് മരണ കണക്കുകൾ ശരിയോ? പരിശോധിക്കാൻ കേന്ദ്രം

Published : Aug 04, 2021, 12:42 PM ISTUpdated : Aug 04, 2021, 12:53 PM IST
സംസ്ഥാനങ്ങൾ പുറത്തു വിട്ട കൊവിഡ് മരണ കണക്കുകൾ ശരിയോ? പരിശോധിക്കാൻ കേന്ദ്രം

Synopsis

കൊവിഡ് ഒന്ന് രണ്ട് തരംഗങ്ങളിലായി ഇതുവരെ 4,25,757 മരണമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇതിൽ രണ്ടാം തരംഗത്തിൽ ഏപ്രിൽ, മെയ് മാസങ്ങളിൽ മാത്രം 1.69 ലക്ഷം മരണം റിപ്പോർട്ട് ചെയ്തു. ഇതിനപ്പുറം മരണങ്ങൾ വിവിധ സംസ്ഥാനങ്ങളിൽ ഉണ്ടായോ എന്ന് കണ്ടെത്താനാണ് കേന്ദ്രസർക്കാർ ശ്രമം. 

ദില്ലി: രാജ്യത്തെ കൊവിഡ് മരണസംഖ്യയിൽ കേന്ദ്രീകൃത പരിശോധനയ്ക്ക് ഒരുങ്ങി കേന്ദ്ര സർക്കാർ. വിവിധ സംസ്ഥാനങ്ങൾ പുറത്തുവിടുന്ന മരണസംഖ്യ ശരിയാണോയെന്ന് ഉറപ്പു വരുത്താനാണ് ശ്രമം. ചില മേഖലകൾ തിരിച്ചാകും ഇതു സംബന്ധിച്ച ആദ്യ പരിശോധന. 

കൊവിഡ് ഒന്ന് രണ്ട് തരംഗങ്ങളിലായി ഇതുവരെ 4,25,757 മരണമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇതിൽ രണ്ടാം തരംഗത്തിൽ ഏപ്രിൽ, മെയ് മാസങ്ങളിൽ മാത്രം 1.69 ലക്ഷം മരണം റിപ്പോർട്ട് ചെയ്തു. ഇതിനപ്പുറം മരണങ്ങൾ വിവിധ സംസ്ഥാനങ്ങളിൽ ഉണ്ടായോ എന്ന് കണ്ടെത്താനാണ് കേന്ദ്രസർക്കാർ ശ്രമം. 

കണക്കിൽ പെടാത്ത മരണം കണ്ടെത്തുക എന്നത് കേന്ദ്ര, സംസ്ഥാനസർക്കാരുകൾക്ക് വലിയ വെല്ലുവിളിയാണ്. ഇതിനായി കൂടുതൽ സമയം ആവശ്യമായി വരുമെന്ന് സ്റ്റാറ്റിസ്റ്റിക്സ് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ പ്രണോബ് സെൻ അറിയിച്ചു. 

കൊവിഡ് കാലത്ത് നടന്ന മരണങ്ങളിൽ എത്രയെണ്ണം കൊവിഡ് കാരണമുണ്ടായെന്ന്  കണ്ടെത്താൻ പ്രത്യേക സ‍ർവേയ്ക്കാണ് ശ്രമം. മരണസമയത്ത് രോഗിക്ക് ഉണ്ടായിരുന്ന ലക്ഷണങ്ങളെക്കുറിച്ച്, ബന്ധുക്കളോട് സംസാരിച്ച് അടക്കം കൊവിഡ് മരണമാണോ എന്ന് ഉറപ്പ് വരുത്തേണ്ടി വരും. എന്നാൽ വീടുകൾ കയറി ഇങ്ങനെ സർവേ നടത്തുകയെന്നത് വലിയ വെല്ലുവിളിയാണെന്ന് ഈ രംഗത്തെ വിദ്ഗധർ ചൂണ്ടിക്കാട്ടുന്നു. അതിനാൽ കൂടുതൽ മരണം നടന്ന മേഖലകളിൽ മാത്രം ഇത്തരം പരിശോധന ആദ്യം  നടത്തുകയാണ് ഇപ്പോൾ ഉദ്ദേശിക്കുന്നത്. 

ഇന്ത്യയിലെ മരണസംഖ്യ റിപ്പോർട്ടു ചെയ്യുന്നതിന്‍റെ പത്തിരട്ടിയാണെന്നൊക്കെ ചില വിദേശ മാധ്യമറിപ്പോർട്ടുകൾ വന്നിരുന്നു. മരണസംഖ്യയെക്കുറിച്ച് സർക്കാർ ഏജൻസികളുടെ കണക്കിലും വൈരുദ്ധ്യമുണ്ട്. ഈ സാഹചര്യത്തിലാണ് പരിശോധന തുടങ്ങി ആരോപണം നേരിടാനുള്ള കേന്ദ്ര സർക്കാരിന്‍റെ നീക്കം. 

അതേസമയം, രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 42,625 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 562 മരണം കൂടി സ്ഥിരീകരിച്ചിട്ടുണ്ട്, ഇതോടെ ഔദ്യോഗിക കണക്കനുസരിച്ച് രാജ്യത്തെ ആകെ കൊവിഡ് മരണം 4,25,757 ആയി ഉയന്നു. നിലവിൽ 4,10,353 പേരാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 3,09,33,022 പേർ ഇത് വരെ രോഗമുക്തി നേടിയെന്നാണ് കേന്ദ്രത്തിന്റെ കണക്ക്. 

പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.31 ശതമാനമാണ് ഇപ്പോൾ. ഏഴ് ദിവസത്തെ ശരാശരി ടിപിആർ 2.36 ശതമാനമാണ്. 

ഇത് വരെ 48,52,86,570 ഡോസ് വാക്സീൻ വിതരണം ചെയ്തുവെന്നാണ് ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്ക്. 

PREV
click me!

Recommended Stories

പ്രതിസന്ധിക്ക് പിന്നാലെ ഇൻഡിഗോയുടെ നിർണായക നീക്കം, എതിരാളികൾക്ക് നെഞ്ചിടിപ്പ്; കോളടിക്കുന്നത് 900ത്തോളം പൈലറ്റുമാർക്ക്
'സ്വകാര്യ ചിത്രം കാണിച്ച് ലൈംഗിക ബന്ധം, ഗര്‍ഭചിദ്രത്തിന് നിര്‍ബന്ധിച്ചു'; 22 കാരി ജീവനൊടുക്കി, സംഭവം കർണാടകയിൽ