ആഡംബരത്തിന്‍റെ മറുപേര്, റുഷികൊണ്ട കൊട്ടാരം ഇനി എന്തുചെയ്യുമെന്നറിയാതെ ചന്ദ്രബാബു നായിഡു; ജനങ്ങളുടെ നിർദേശം തേടി

Published : Oct 17, 2025, 11:34 AM IST
Rushikonda Palace

Synopsis

മുൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി 500 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച റുഷികൊണ്ടയിലെ ആഡംബര കൊട്ടാരം എന്തുചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. സർക്കാർ  ജനങ്ങളിൽ നിന്ന് നിർദേശങ്ങൾ ക്ഷണിച്ചു.

വിശാഖപട്ടണം: ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന് ഇനിയും തീരുമാനം എടുക്കാൻ കഴിയാത്ത ഒന്നുണ്ട് ആന്ധ്ര പ്രദേശിൽ- റുഷികൊണ്ട കൊട്ടാരം. ജഗൻ റെഡ്ഡി സർക്കാർ നിർമിച്ച ആഡംബര കൊട്ടാരം എന്തുചെയ്യണം എന്നറിയാതെ ജനങ്ങളോട് ചോദിക്കുകയാണ് മുഖ്യമന്ത്രി. നിർദ്ദേശങ്ങൾ ഏഴ് ദിവസത്തിനുള്ളിൽ rushikonda@aptdc.in എന്ന ഇമെയിൽ വിലാസത്തിൽ അയയ്‌ക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ് മുഖ്യമന്ത്രി.

ആഡംബരത്തിന്‍റെ മറുപേരായി കടലോരത്ത് ഒരു അത്യാധുനിക സൗധം. വിശാഖപട്ടണത്തെ റുഷികൊണ്ട കുന്നിൽ ജഗൻ മോഹൻ റെഡ്ഡി സ്വപ്ന കൊട്ടാരം കെട്ടിപ്പൊക്കിയത് 9.8 ഏക്കറിലാണ്. 500 കോടിയോളം രൂപ ചെലവഴിച്ചായിരുന്നു നിർമാണം. ഇറക്കുമതി ചെയ്ത ഇറ്റാലിയൻ മാർബിൾ, 36 ലക്ഷത്തിന്‍റെ ബാത്ത് ടബ്ബ്, 12 ലക്ഷത്തിന്‍റെ അലമാരകൾ, 200 ആഡംബര വിളക്കുകൾ, 12 കിടപ്പുമുറികൾ, 300 പേർക്ക് ഇരിക്കാവുന്ന കോൺഫറൻസ് ഹാൾ എന്നിവയെല്ലാമാണ് പ്രത്യേകതകൾ. ടൂറിസം പദ്ധതി, വിവിഐപികളുടെ അതിഥി മന്ദിരം എന്നെല്ലാം പറഞ്ഞായിരുന്നു നിർമാണം. മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ ഔദ്യോഗിക വസതിയാക്കാനുള്ള നീക്കത്തിനിടെ ആയിരുന്നു തെരഞ്ഞെടുപ്പിലെ തോൽവി.

തുടർന്ന് അധികാരത്തിൽ വന്ന മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും മന്ത്രിമാരും പലവട്ടം റുഷികൊണ്ടയിൽ എത്തി. പക്ഷേ കൊട്ടാരം എന്തുചെയ്യണമെന്ന് തീരുമാനിച്ചില്ലെന്നായിരുന്നു പ്രതികരണം. വൈറ്റ് ഹൗസിലോ രാഷ്ട്രപതിഭവനിലോ പോലും ഇങ്ങനെയില്ലെന്ന് നായിഡു പറഞ്ഞു. ജഗൻ 'ആന്ധ്ര എസ്കോബാർ' ആണെന്ന് ചന്ദ്രബാബു നായിഡു പരിഹസിക്കുകയും ചെയ്തു. 400 കോടി രൂപയുണ്ടായിരുന്നെങ്കിൽ ഉത്തര ആന്ധ്രയിലെ കുടിവെള്ളപ്രശ്നം പൂർണമായി പരിഹരിക്കാൻ കഴിഞ്ഞേനേയെന്നും ചന്ദ്രബാബു നായിഡു അന്ന് പറഞ്ഞു.

പുറത്തുനിന്നാർക്കും കയറാൻ കഴിയാത്ത വിധം കൊട്ടാരം അടച്ചിട്ടിരിക്കുകയാണ്. നിലവിൽ കെട്ടിടങ്ങൾ പ്രവർത്തനരഹിതമാണ് എന്നും അവയുടെ പരിപാലനത്തിനായി പ്രതിമാസം 25 ലക്ഷം രൂപ സർക്കാർ ചെലവഴിക്കുന്നുണ്ടെന്നും വിജ്ഞാപനത്തിൽ പറയുന്നു. കൊട്ടാരം എന്തു ചെയ്യണമെന്നതിൽ നിർദേശങ്ങൾ നൽകാൻ ജനങ്ങളോട് ആവശ്യപ്പെട്ടിരിക്കുകയാണ് സർക്കാർ. വിനോദ സഞ്ചാര മേഖലയിൽ കൊട്ടാരം എങ്ങനെ ഉപയോഗപ്പെടുത്താം എന്നാണ് ആലോചന. പ്രമുഖ ദേശീയ, അന്തർദേശീയ ഹോസ്പിറ്റാലിറ്റി ഗ്രൂപ്പുകളെ പങ്കെടുപ്പിച്ചുള്ള യോഗം ഇന്ന് നടക്കുന്നുണ്ട്.

PREV
Read more Articles on
click me!

Recommended Stories

എഐപിസി ചെയർമാൻ പ്രവീൺ ചക്രവർത്തി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി
ഒടുവിൽ മൗനം വെടിഞ്ഞ് ഇൻഡിഗോ സിഇഒ, 'ഇന്ന് 1000ത്തിലധികം സർവീസ് റദ്ദാക്കി, പരിഹാരം വൈകും, ഡിസംബർ 15 നുള്ളിൽ എല്ലാം ശരിയാകും'