
ബെംഗളൂരു : യുവ ഡോക്ടറായ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വരികയാണ്. സ്വാഭാവിക മരണമെന്ന് സ്വന്തം അച്ഛനമ്മമാർ പോലും വിശ്വസിച്ചിരുന്ന ഡോ. കൃതിക റെഡ്ഡിയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞതിന്റെ ഞെട്ടലിലാണ് ബെംഗളൂരുവിലെ ആരോഗ്യ മേഖല. പോസ്റ്റ്മോർട്ടം വേണ്ടെന്ന് നിർബന്ധം പിടിക്കുകയായിരുന്നു ഭർത്താവ് മഹേന്ദ്ര. ഇതിനായി കൃതികയുടെ അച്ഛനെ കൊണ്ടും മഹേന്ദ്ര സമ്മർദം ചെലുത്തിച്ചു. ഇതിന് ആശുപത്രി അധികൃതർ വഴങ്ങാതിരുന്നതും മരിച്ച കൃതികയുടെ സഹോദരി, ഡോക്ടർ കൂടിയായ നികിതാ റെഡ്ഡി എടുത്ത നിലപാടുമാണ് ആസൂത്രിതമായി നടത്തിയ കൊലപാതകം പുറത്തുകൊണ്ടുവരാൻ കാരണമായത്.
ഗ്യാസ്ട്രിക് ചികിത്സയ്ക്ക് എന്ന വ്യാജേന അനസ്തീഷ്യ മരുന്ന് ഘട്ടംഘട്ടമായി കുത്തിവച്ചാണ് ഡോക്ടർ മഹേന്ദ്ര കൃതികയെ കൊലപ്പെടുത്തിയത്. അസിഡിറ്റി സംബന്ധമായ പ്രശ്നങ്ങൾ നേരിട്ടിരുന്ന കൃതികയ്ക്ക് സ്വന്തം വീട്ടിൽ വച്ചും ഭാര്യവീട്ടിൽ വച്ചും ഐ. വി ഫ്ലൂയിഡ് എന്ന വ്യാജേന പ്രൊപ്പോഫോൾ എന്ന മരുന്ന് നൽകുകയായിരുന്നു. ഏപ്രിൽ 21 മുതൽ മൂന്നു ദിവസങ്ങളിലായി നൽകിയ മരുന്ന് ശരീരത്തിൽ കലർന്നതോടെ 24ന് കൃതിക കുഴഞ്ഞുവീണു. ആശുപത്രിയിലെത്തിക്കും മുന്നേ മരിച്ചുവെന്ന് ഡോക്ടർമാർ വിധിയെഴുതിയെങ്കിലും പോസ്റ്റ്മോർട്ടം വേണ്ടെന്ന് നിർബന്ധം പിടിക്കുകയായിരുന്നു മഹേന്ദ്ര. ഇതിനായി കൃതികയുടെ അച്ഛനെ കൊണ്ടും മഹേന്ദ്ര സമ്മർദം ചെലുത്തിച്ചു. ഇതിന് ആശുപത്രി അധികൃതർ വഴങ്ങാതിരുന്നതാണ് ആസൂത്രിതമായി നടത്തിയ കൊലപാതകം പുറത്തുകൊണ്ടുവന്നത്.
കൃതികയുടെ സഹോദരി, ഡോക്ടർ കൂടിയായ നികിതാ റെഡ്ഡി എടുത്ത നിലപാടും ഇക്കാര്യത്തിൽ നിർണായകമായി. പോസ്റ്റ്മോർട്ടം നടത്തുമെന്ന് ഉറപ്പായപ്പോൾ ആ മുറിയിൽ നിൽക്കാനും മഹേന്ദ്ര ശ്രമിച്ചു. പൊലീസ് ഇടപെട്ടാണ് ഇയാളെ പുറത്തിറക്കിയത്. ആ ഘട്ടത്തിലും പക്ഷേ സംശയം മഹേന്ദ്രയിലേക്ക് നീണ്ടിരുന്നില്ല. ഒടുവിൽ റിപ്പോർട്ട് പുറത്തുവന്നതോടെ കൊലപാതകമാണെന്ന് തെളിഞ്ഞു. പക്ഷേ എന്തിനാണ് കൃതികയെ മഹേന്ദ്ര കൊലപ്പെടുത്തിയതെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. സ്വന്തമായി ആശുപത്രി തുടങ്ങാൻ ഭാര്യവീട്ടുകാരോട് മഹേന്ദ്ര സഹായം തേടിയിരുന്നു. ഇത് നടക്കാതെ വന്നതിലുള്ള വൈരാഗ്യമോ പരസ്ത്രീ ബന്ധമോ ആകാം കൊലപാതകം എന്ന നിഗമത്തിലാണ് പൊലീസ്. കസ്റ്റഡിയിൽ കിട്ടിയിട്ടുള്ള ഡോ. മഹേന്ദ്രയെ വിശദമായി ചോദ്യം ചെയ്യുകയാണ് പൊലീസ്. സ്കിൻ സ്പെഷ്യലിസ്റ്റായിരുന്നു ഡോ. കൃതിക റെഡ്ഡി. മഹേന്ദ്ര ഗാസ്ട്രോ എൻട്രോളജിസ്റ്റും. 2024ൽ ആയിരുന്നു ഇരുവരുടെയും വിവാഹം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam