Conversion : നിര്‍ബന്ധിത മതപരിവര്‍ത്തനമെന്ന് ആരോപണം; മദര്‍ തെരേസ സ്ഥാപിച്ച അഗതി മന്ദിരത്തിനെതിരെ കേസ്

By Web TeamFirst Published Dec 14, 2021, 10:10 AM IST
Highlights

ഈ വര്‍ഷം ഓഗസ്റ്റില്‍ ദേശീയ ശിശു സംരക്ഷണ സമിതി ചെയര്‍മാന്‍ അഗതി മന്ദിരത്തില്‍ സന്ദര്‍ശനം നടത്തിയിരുന്നു. സന്ദര്‍ശനത്തിന് ശേഷം മന്ദിരത്തില്‍  നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി ചൂണ്ടിക്കാട്ടി ചെയര്‍മാന്‍ ജില്ലാ കലക്ടര്‍ക്ക് കത്തെഴുതി.
 

വഡോദര: നിര്‍ബന്ധിച്ച് മതംമാറ്റുന്നുവെന്ന (Forced Conversion) ആരോപണത്തെ തുടര്‍ന്ന് വഡോദരയിലെ മിഷനറീസ് ഓഫ് ചാരിറ്റിക്കെതിരെ (Missionaries of charity)  പൊലീസ് കേസെടുത്തു. ഇവിടുത്തെ അഗതിമന്ദിരത്തിലെ പെണ്‍കുട്ടികളെ മതം മാറ്റുന്നതായാണ് പൊലീസിന് ലഭിച്ച പരാതി. മദര്‍ തെരേസ സ്ഥാപിച്ചതാണ് മിഷനറീസ് ഓഫ് ചാരിറ്റി. ആരോപണം നിഷേധിച്ച് അഗതിമന്ദിരം നടത്തിപ്പുകാര്‍ രംഗത്തെത്തി. മകര്‍പുരയിലെ ചാരിറ്റി മന്ദിരത്തിനെതിരെയാണ് പൊലീസിന് പരാതി ലഭിച്ചത്. ഗുജറാത്ത് മതസ്വാതന്ത്ര്യ നിയമപ്രകാരമാണ് കേസ് എടുത്തതെന്ന് പൊലീസ് വ്യക്തമാക്കി. ഈ വര്‍ഷം ഓഗസ്റ്റില്‍ ദേശീയ ശിശു സംരക്ഷണ സമിതി ചെയര്‍മാന്‍ അഗതി മന്ദിരത്തില്‍ സന്ദര്‍ശനം നടത്തിയിരുന്നു. സന്ദര്‍ശനത്തിന് ശേഷം മന്ദിരത്തില്‍  നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി ചൂണ്ടിക്കാട്ടി ചെയര്‍മാന്‍ ജില്ലാ കലക്ടര്‍ക്ക് കത്തെഴുതി. സ്ഥാപനത്തിനെതിരെ നടപടിയെടുക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് കളക്ടര്‍ അന്വേഷണ കമ്മിറ്റിയെ നിയമിച്ചു. അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയതെന്ന് സാമൂഹിക സുരക്ഷ ഓഫിസര്‍ മായങ്ക് ത്രിവേദി പറഞ്ഞു. 

യുവതികളെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്നുണ്ടെന്നും കുരിശ് ധരിക്കാന്‍ നിര്‍ബന്ധിതക്കുകയുമാണെന്നുമാണ് പരാതിയില്‍ ആരോപിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. മന്ദിരത്തിലെ ലൈബ്രറിയില്‍ നിന്ന് ബൈബിളിന്റെ 13 കോപ്പി കണ്ടെത്തിയെന്നും യുവതികളെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്നതായി സംശയിക്കുന്നെന്നും ദേശീയ ശിശു സംരക്ഷണ സമിതി ചെയര്‍മാന്‍ പറഞ്ഞതായി പൊലീസ് പറഞ്ഞു. യുവതികളെ മറ്റ് മതത്തിലുള്ളവരുമായി ക്രിസ്ത്യന്‍ ആചാരപ്രകാരം വിവാഹം കഴിപ്പിക്കുന്നതായും പരാതിയുണ്ടെന്നും പൊലീസ് വ്യക്തമാക്കി. പ്രാഥമിക അന്വേഷണത്തില്‍ ഒരു പെണ്‍കുട്ടി കളക്ടറുടെ അനുമതിയില്ലാതെ മതം മാറിയെന്നത് വ്യക്തമായിട്ടുണ്ടെന്നും പരാതിയില്‍ വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് വ്യക്തമാക്കി. 

എന്നാല്‍ അഗതി മന്ദിരത്തിനെതിരെയുള്ള നിര്‍ബന്ധിത മതപരിവര്‍ത്തന ആരോപണം സ്ഥാപന മേധാവി സിസ്റ്റര്‍ റോസ് തേരേസ നിഷേധിച്ചു. ബാലവേലയില്‍ നിന്ന് രക്ഷപ്പെടുത്തിയ അനാഥ കുട്ടികളെ സംരക്ഷിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് അവര്‍ പറഞ്ഞു.
 

click me!