
ദില്ലി: രാജ്യസഭയിൽ (Rajyasabha) നിന്ന് സസ്പെൻഡ് ചെയ്ത എംപിമാരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സംയുക്ത പ്രതിഷേധം സംഘടിപ്പിക്കും. പാർലമെൻറ് വളപ്പിൽ (Parliament) നടക്കുന്ന പ്രതിഷേധത്തിനു ശേഷം എംപിമാർ വിജയ് ചൗക്കിലേക്ക് മാർച്ച് ചെയ്ത് മാധ്യമങ്ങളെ കാണും. നാളെ ജന്തർമന്തറിൽ പ്രതിഷേധ ധർണ്ണ നടത്താനും പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്.
എം പിമാർ മാപ്പു പറയാതെ തിരിച്ചെടുക്കില്ലെന്ന നിലപാടിൽ സഭാ അദ്ധ്യക്ഷൻ ഉറച്ചു നില്ക്കുകയാണ്. മാപ്പു പറയാതെ എംപിമാർ സഭയേയും അദ്ധ്യക്ഷനേയും അവഹേളിക്കുകയാണെന്ന് സഭ നേതാവ് പിയൂഷ് ഗോയൽ ആരോപിച്ചു. സസ്പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തിൽ രാജ്യസഭ ഇന്നലെയും സ്തംഭിച്ചു.
എളമരം കരീം, ബിനോയ് വിശ്വം എന്നിവർ ഉൾപ്പടെ പന്ത്രണ്ട് എംപിമാരെയാണ് രാജ്യസഭയിൽ നിന്ന് സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ സമ്മേളനത്തിലുണ്ടായ ബഹളത്തിൻറെ പേരിലാണ് ഈ സമ്മേളനം അവസാനിക്കുന്നത് വരെയുള്ള സസ്പെൻഷൻ. വർഷകാല സമ്മേളനത്തിൽ ഇൻഷുറൻസ് നിയമഭേഗദഗതി പാസ്സാക്കുന്ന സമയത്ത് രാജ്യസഭ നാടകീയ കാഴ്ചകൾക്ക് സാക്ഷ്യം വഹിച്ചിരുന്നു. മാർഷൽമാരെ എംപിമാർ കൈയ്യേറ്റം ചെയ്തെന്ന റിപ്പോർട്ട് രാജ്യസഭ സെക്രട്ടറിയേറ്റ് തയ്യാറാക്കി. അന്വേഷണത്തിന് അദ്ധ്യക്ഷൻ വെങ്കയ്യ നായിഡു ഉത്തവ് നല്കിയെങ്കിലും പ്രതിപക്ഷം ഇതുമായി സഹകരിച്ചില്ല. എംപിമാരെ സസ്പെൻഡ് ചെയ്യാനുള്ള പ്രമേയം തുടർന്ന് സഭയിൽ കൊണ്ടു വരികയായിരുന്നു. എളമരം കരീം, ബിനോയ് വിശ്വം എന്നിവർക്കൊപ്പം പ്രിയങ്ക ചതുർവേദി, ഡോള സെൻ തുടങ്ങിയവരും പട്ടികയിലുണ്ട്. സഭയിലെ ബഹളത്തിൻറെ പേരിൽ ഒരു സമ്മേളന കാലത്തേക്ക് ഇത്രയും അംഗങ്ങളെ സസ്പെൻഡ് ചെയ്യുന്നത് അസാധാരണമാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam