
റാഞ്ചി: സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളോട് കണ്ണടയ്ക്കുന്നവരാകരുത് ന്യായാധിപന്മാര്‍ എന്ന് ചീഫ് ജസ്റ്റിസ് എന്‍വി രമണ. കേസുകള്‍ പരിഗണിക്കുമ്പോള്‍ ഈ കാര്യം ന്യായാധിപര്‍ മനസിലാക്കണമെന്ന് അദ്ദേഹം റാഞ്ചിയില്‍ പറഞ്ഞു. മാധ്യമ വിചാരണകള്‍ക്കെതിരെയും രൂക്ഷമായ വിമര്‍ശനമാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍വി രമണ നടത്തിയത്. ഇലക്ട്രോണിക് മീഡിയകളിലെ അജണ്ടകള്‍ മുന്നോട്ട് വയ്ക്കുന്ന ചര്‍ച്ചകളെ 'മാധ്യമ വിചാരണ' എന്ന് വിളിച്ചാണ് ചീഫ് ജസ്റ്റിസ് അഭിസംബോധന ചെയ്തത്.
പരിച സമ്പന്നരായ ന്യായാധിപന്മാര്‍ പോലും വിധിക്കാന്‍ വിഷമം നേരിടുന്ന വിഷയങ്ങളില്‍ മാധ്യമങ്ങള്‍ വിധി കല്‍പ്പിക്കുന്നവെന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. റാഞ്ചിയിലെ ഝാർഖണ്ഡ് ഹൈക്കോടതിയില്‍ ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് രമണ.
'മാധ്യമങ്ങള്‍ കങ്കാരു കോടതികള്‍ നടത്തുന്നതാണ് നാം കാണുന്നത്. ഒരു വിഷയത്തില്‍ പരിചയ സമ്പന്നരായ ന്യായധിപന്മാര്‍ പോലും ഒരു കാര്യം വിധിക്കാന്‍ വിഷമിക്കും. എന്നാല്‍ വിവരങ്ങള്‍ അധികം നല്‍കാത്ത അജണ്ടകളാല്‍ നയിക്കപ്പെടുന്ന ചര്‍ച്ചകള്‍ ശരിക്കും നീതിയുടെ നടപ്പാക്കലിനെ മാത്രമല്ല ആരോഗ്യപരമായ ജനാധിപത്യത്തെയും ബാധിക്കും' -ചീഫ് ജസ്റ്റിസ് രമണ പറഞ്ഞു.
'പക്ഷപാതപരമായ പ്രൊപ്പഗണ്ടയില്‍ അധിഷ്ഠിതമായി മാധ്യമങ്ങളില്‍ വരുന്ന കാര്യങ്ങള്‍ ജനങ്ങളെ ബാധിക്കുന്നുണ്ട്. ഇത് മൊത്തം സംവിധാനത്തിന് ദോഷമാണ്. ഈ രീതിയില്‍ നീതി നടപ്പിലാകുന്നതിലും ഇത് ബാധിക്കും. ഉത്തരവാദിത്വം ലംഘിച്ച് നടത്തുന്ന എടുത്തുചാട്ടങ്ങളിലൂടെ മാധ്യമങ്ങള്‍ ശരിക്കും ജനാധിപത്യത്തെ രണ്ടടി പിന്നോട്ട് അടിക്കുകയാണ്. പത്ര മാധ്യമങ്ങള്‍ ഒരു പരിധിവരെ ഉത്തരവാദിത്വം കാണിക്കുന്നുണ്ട്. എന്നാല്‍ ഇലക്ട്രോണിക് മീഡിയയില്‍ അത് കാണാനില്ല - -ചീഫ് ജസ്റ്റിസ് രമണ കൂട്ടിച്ചേര്‍ത്തു.
മാധ്യമങ്ങള്‍ സ്വയം നിയന്ത്രിക്കണം എന്നാണ് -ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടത്. 'ഇപ്പോഴത്തെ സമീപകാല ട്രെന്‍റുകള്‍ നോക്കുക. മാധ്യമങ്ങള്‍ തന്നെ അവരുടെ വാക്കുകളും രീതികളും സ്വയം നിയന്ത്രിക്കുന്നതാണ് നല്ലത്. മാധ്യമങ്ങള്‍ വിഷയങ്ങളില്‍ എടുത്തുച്ചാട്ടം നടത്തി സര്‍ക്കാറില്‍ നിന്നും കോടതിയില്‍ നിന്നും നടപടികള്‍ ക്ഷണിച്ച് വയ്ക്കരുത്.
ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയ്ക്ക് മുന്നില്‍ ഇപ്പോഴുള്ള പ്രധാന വെല്ലുവിളിയും -ചീഫ് ജസ്റ്റിസ് രമണ സൂചിപ്പിച്ചു. 'രാജ്യത്തെ നീതിന്യായ സംവിധാനത്തിന് മുന്നിലെ പ്രധാന വെല്ലുവിളി മുന്നില്‍ എത്തുന്ന വിഷയങ്ങളില്‍ ഏതിനെല്ലാം കൂടുതല്‍ പ്രധാന്യം നല്‍കി തീര്‍പ്പ് കല്‍പ്പിക്കണം എന്നതാണ്. സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളോട് കണ്ണടയ്ക്കാന്‍ ഒരു ന്യായധിപനും സാധിക്കില്ല. സമൂഹത്തില്‍ പ്രശ്നങ്ങളും എതിര്‍പ്പുകളും ഇല്ലാത്ത വിഷയങ്ങള്‍ വേഗത്തില്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ ഒരോ ജഡ്ജിനും സാധിക്കണം" -ചീഫ് ജസ്റ്റിസ് രമണ പറയുന്നു.
അതേ സമയം വിരമിച്ച ശേഷവും ജഡ്ജിമാര്‍ക്ക് നല്‍കുന്ന സുരക്ഷയെ ന്യായീകരിച്ചും ചീഫ് ജസ്റ്റിസ് തന്‍റെ അഭിപ്രായം പറഞ്ഞു. ജഡ്ജുമാര്‍ക്ക് വളരെ സുഖമായ ജീവിതമാണ് എന്ന മാധ്യമ പ്രചാരണം എന്ന് ആരോപിച്ചാണ് ചീഫ് ജസ്റ്റിസിന്‍റെ വിശദീകരണം
'നിങ്ങള്‍ ആലോചിക്കൂ, പതിറ്റാണ്ടുകളായി ജഡ്ജായി ഇരുന്ന വ്യക്തി നൂറുകണക്കിന് ക്രിമിനലുകളെ ജയിലാക്കിയിട്ടുണ്ടാകും. ജഡ്ജി വിരമിച്ചാല്‍ ഈ കേസുകളിലെ ഏതെങ്കിലും വ്യക്തിക്ക് പ്രതികാരം ചെയ്യാന്‍ തോന്നിയാലോ. താന്‍ ശിക്ഷിച്ചവര്‍ക്കൊപ്പം തന്നെ ജഡ്ജിക്ക് ജീവിക്കണ്ടെ, ആ സുരക്ഷ സമൂഹം ഉറപ്പാക്കണ്ടെ' ചീഫ് ജസ്റ്റിസ് ചോദിച്ചു.
'കംഗാരു കോടതികൾ'; മാധ്യമങ്ങൾക്കെതിരെ രൂക്ഷവിമര്‍ശനവുമായി ചീഫ് ജസ്റ്റിസ്