
ദില്ലി: കോൺഗ്രസിൽ സമൂല മാറ്റം വേണമെന്ന നിർദേശവുമായി മുതിർന്ന നേതാവ് രമേശ് ചെന്നിത്തല (Ramesh Chenithala). ഈ മാസം രാജസ്ഥാനിൽ നടക്കുന്ന ചിന്തൻ ശിബിരിന്റെ ഭാഗമായി ഡൽഹിയിൽ ചേരുന്ന ഉപസമിതിയിലാണ് ചെന്നിത്തല തൻ്റെ നിർദേശങ്ങൾ മുന്നോട്ട് വച്ചത്.
പാർട്ടിയിൽ ജംബോ കമ്മിറ്റികളെ ഒഴിവാക്കണമെന്നാണ് ചെന്നിത്തലയുടെ പ്രധാന നിർദേശം. ഓരോ തലത്തിലും എത്ര ഭാരവാഹികൾ വേണമെന്ന് ഭരണഘടനയിൽ നിശ്ചയിക്കണം. ഡിസിസി അധ്യക്ഷന്മാരെ നിശ്ചയിക്കാനുള്ള അധികാരം പിസിസികൾക്ക് നൽകണം. പിസിസി അംഗങ്ങളുടെ എണ്ണം ചെറിയ സംസ്ഥാനങ്ങളിൽ അൻപതും വലിയ സംസ്ഥാനങ്ങളിൽ പരമാവധി നൂറും എന്ന് നിജപ്പെടുത്തണം. എഐസിസി സെക്രട്ടറിമാരുടെ എണ്ണം 30 ആയി ചുരുക്കണമെന്നും ലോക്സഭാ തെരെഞ്ഞെടുപ്പിന് മുന്നോടിയായി രാഹുൽ ഗാന്ധി ഭാരത യാത്ര നടത്തണമെന്നും ചെന്നിത്തല ചർച്ചകളിൽ ആവശ്യപ്പെട്ടു.
രാജസ്ഥാനിലെ ഉദയ്പൂരിലാണ് കോൺഗ്രസിൻ്റെ ചിന്തൻശിബിർ ചേരുന്നത്. മെയ് പതിമൂന്ന് മുതല്‍ പതിനഞ്ച് വരെ നടക്കുന്ന യോഗത്തില്‍ കോണ്‍ഗ്രസിനെ സംഘടനപരമായി ശക്തിപ്പെടുത്തുന്ന ആലോചനകള്‍ക്കൊപ്പം രാജ്യത്തെ രാഷ്ട്രീയ സാമൂഹിക സാമ്പത്തിക വിഷയങ്ങളിലും വിശദമായ ചർച്ച നടക്കും. ജി 23 നേതാക്കാളായ ഗുലാംനബി ആസാദ്, ശശിതരൂര്‍, ആനന്ദ് ശർമ ഉള്‍പ്പെടെയുള്ളവരും വിവിധ സമതിയില്‍ ഉണ്ട്. തരൂര്‍ രാഷ്ട്രീയ കാര്യ സമിതിയിലും രമേശ് ചെന്നിത്തല സംഘടന കാര്യ സമിതിയിലും അംഗങ്ങളാണ്. ആന്‍റോ ആൻറണി , റോജിഎംജോണ്‍ എന്നിവര്‍ കൂടി ഉള്‍പ്പെട്ടെ സമിതിക്കാണ് സാമൂഹ്യ നീതി, യുവ ശാക്തികരണ വിഷയങ്ങളില്‍ ചർച്ചകള്‍ക്കുള്ള ചുമതല.9 വർഷങ്ങള്‍ക്ക് ശേഷമാണ് കോണ്‍ഗ്രസ് ചിന്തൻ ശിബിർ ചേരുന്നത്. ആകെ ആറ് സമിതികളെയാണ് ചിന്തിൻ ശിബിറിൻ്റെ അജൻഡകൾ നിശ്ചയിക്കാനും മറ്റുമായി കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ചുമതലപ്പെടുത്തിയിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam