ഇടറോഡിൽ നിന്ന് പ്രധാന റോഡിലേക്ക് കയറിവരികയായിരുന്നു ഡെലിവറി ഏജന്റായ ദിലീപ് കുമാർ. ഈ സമയം പ്രധാന റോഡിലൂടെ വന്ന ജഗതും ധർമയും പെട്ടന്ന് വാഹനം മുന്നിലെത്തിയതോടെ ബ്രേക്കിട്ടു. ഇതോടെ ഇരുവരുംതാഴെ വീണു.
ബെംഗളൂരു: കർണ്ണാടകയിൽ ബെംഗളൂരു മഹാദേവപുരയിൽ ഡെലിവറി ഏജന്റിന് നേരെ സ്കൂട്ടറിലെത്തിയ യുവാക്കളുടെ ആക്രമണം. ബൈക്കിൽ വാഹനം തട്ടിയെന്നാരോപിച്ചാണ് ദിലീപ് കുമാർ എന്ന ഡെലിവറി ഏജന്റിനെ നടുറോഡിൽ രണ്ട് യുവാക്കൾ മർദിച്ചത്. പ്രതികളെ പൊലീസ് പിടികൂടി. ജഗത് എന്ന ഇരുപത്തിയെട്ടുകാരനും ധർമ എന്ന ഇരുപതുകാരനുമാണ് പിടിയിലായത്. ഇരുവരെയും റിമാൻഡ് ചെയ്തു. ഇന്നലെയാണ് ബയ്പ്പനഹള്ളി പൊലീസ് സ്റ്റേഷന്റെ പരിധിയിലെ മഹാദേവപുരയിൽ നടുക്കുന്ന ആക്രമണം നടന്നത്.
ഇടറോഡിൽ നിന്ന് പ്രധാന റോഡിലേക്ക് കയറിവരികയായിരുന്നു ഡെലിവറി ഏജന്റായ ദിലീപ് കുമാർ. ഈ സമയം പ്രധാന റോഡിലൂടെ വന്ന ജഗതും ധർമയും പെട്ടന്ന് വാഹനം മുന്നിലെത്തിയതോടെ ബ്രേക്കിട്ടു. ഇതോടെ ഇരുവരുംതാഴെ വീണു. ഇവിടെ നിന്ന് എഴുന്നേറ്റ് വന്നാണ് ജഗത് ദിലീപിനെ അടിച്ചത്. അടിയേറ്റ ദിലീപ് താഴെ വീണു. ഇരുകൂട്ടരെയും നാട്ടുകാരാണ് പിടിച്ചെഴുന്നേൽപിച്ചത്. ഇതിനിടയിൽ യുവാക്കൾ വീണ്ടും ഡെലിവറി ഏജന്റിനെ ആക്രമിക്കുകയായിരുന്നു.
യുവാക്കളിലൊരാൾ ഹെൽമറ്റ് കൊണ്ടായിരുന്നു ദിലീപിനെ അടിച്ചത്. തടയാനെത്തിയ നാട്ടുകാർക്ക് നേരെയും യുവാക്കൾ തിരിഞ്ഞു. ഇതോടെ നാട്ടുകാരിൽ ചിലർ ഇരുവരെയും കയ്യേറ്റം ചെയ്യുകയായിരുന്നു. ഇതോടെ അടി കൊണ്ട ഇരുവരും ബൈക്കുപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. യുവാവിന്‍റെ പരാതിയിൽ ബൈക്കിന്‍റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പൊലീസ് പിടികൂടിയത്.



