
ചെന്നൈ: ചെന്നൈയിൽ പിഞ്ചുകുഞ്ഞിനെ ബാഗിലാക്കി ഓട്ടോറിക്ഷയിൽ ഉപേക്ഷിച്ച ശേഷം യുവതി കടന്നുകളഞ്ഞു. മാധവാരത്തു നിന്ന് കോയമ്പേട് ബസ് സ്റ്റാൻഡിലേയ്ക്ക് ഓട്ടം വിളിച്ച യുവതിയാണ് കുഞ്ഞിനെ ഓട്ടോയിൽ ഉപേക്ഷിച്ചു കടന്നുകളഞ്ഞത്. ഈ യുവതിയെ കണ്ടെത്താനായി പൊലീസ് തിരച്ചില്‍ ഊർജ്ജിതമാക്കിയിട്ടുണ്ട്.
ഇന്നലെ വൈകിട്ടായിരുന്നു യുവതി മാധവാരത്ത് നിന്ന് ഓട്ടം വിളിച്ചത്. ഓട്ടോറിക്ഷയിൽ കയറിയ യുവതി കോയമ്പേട് ബസ് സ്റ്റാൻഡിലേക്ക് പോകണമെന്നാണ് ആവശ്യപ്പെട്ടത്. വലിയൊരു ബാഗും യുവതിയുടെ കയ്യിലുണ്ടായിരുന്നു. കോയമ്പേടെത്തി ഇറങ്ങി പണം നൽകിയതിന് ശേഷം യുവതി ആൾക്കൂട്ടത്തിൽ മറഞ്ഞു. പിന്നീടാണ് ഓട്ടോറിക്ഷാ ഡ്രൈവർ ബാഗ് ശ്രദ്ധിക്കുന്നത്. പരിശോധിച്ചപ്പോൾ ഉള്ളിൽ അഞ്ച് മാസം പ്രായമുള്ള പെൺകുഞ്ഞിനെ കണ്ടെത്തി.
കുട്ടിയെ കണ്ടത്തിയിന് പിന്നാലെ തന്നെ ഡ്രൈവർ മാധവാരം പൊലിസിനെ വിവരമറിയിച്ചു. പൊലീസും ശിശുക്ഷേമ സമിതി പ്രവർത്തകരുമെത്തി കുട്ടിയെ ഏറ്റെടുത്തു. പ്രാഥമിക ശുശ്രൂഷകൾക്കു ശേഷം ടി നഗറിലെ ബാലമന്ത്ര ചൈൽഡ് കെയറിനു കുഞ്ഞിനെ കൈമാറി. യുവതിയെ കണ്ടെത്താനായി പൊലീസ് അന്വേഷണം തുടരുകയാണ്. കോയമ്പേട് ബസ് സ്റ്റാൻഡിലെ സി സി ടി വി ദൃശ്യങ്ങൾ അടക്കം കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.
അതേസമയം തിരുവനന്തപുരത്ത് നിന്ന് പുറത്തുവരുന്ന മറ്റൊരു വാർത്ത പാലോട് ആദിവാസി യുവാവിനെ മൃഗീയമായി മർദ്ദിച്ച ശേഷം കൊല്ലപ്പെട്ടു എന്ന് കരുതി ഉപേക്ഷിച്ച മൂന്നുപേർ പൊലീസ് പിടിയിലായി എന്നതാണ്. കൊലപാതക ശ്രമമടക്കമുള്ള കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. യുവാവിനെ മൃഗീയമായി മർദ്ദിച്ച് അവശനാക്കിയ സംഘം മരിച്ചു എന്ന സംശയത്തിൽ റോഡിൽ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. കണ്ണാപ്പി എന്നു വിളിക്കുന്ന സുമേഷ് (27), ശിവകുമാർ (19), അപ്പു എന്നു വിളിക്കുന്ന ശ്രീഹരി (18) എന്നിവരാണ് പാലോട് പൊലീസിന്‍റെ പിടിയിലായത്. ഇക്കഴിഞ്ഞ 16 ാം തിയതി രാത്രി 11 മണിയോടെ പച്ച ക്ഷേത്രത്തിൽ നിന്നും വലിയ വേങ്കാട്ടുകോണത്തുള്ള വീട്ടിലേക്ക് ബൈക്കിൽ പോവുകയായിരുന്ന അരുൺ നിവാസിൽ അരുണി (29) നെയാണ് ഇവർ മൃഗീയമായി ആക്രമിച്ചത്.
ആദിവാസി യുവാവിനെ മർദ്ദിച്ച് അവശനാക്കി, മരിച്ചെന്ന് കരുതി റോഡിൽ ഉപേക്ഷിച്ചു, മൂന്നുപേർ പിടിയിൽ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam