പാലോട് ആദിവാസി യുവാവിനെ മൃഗീയമായി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേർ പിടിയിൽ

തിരുവനന്തപുരം: പാലോട് ആദിവാസി യുവാവിനെ മൃഗീയമായി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേർ പിടിയിൽ. യുവാവിനെ മൃഗീയമായി മർദ്ദിച്ച് അവശനാക്കിയ സംഘം മരിച്ചു എന്ന സംശയത്തിൽ റോഡിൽ ഉപേക്ഷിച്ച് കടന്നതിന് പിന്നാലെയാണ് അറസ്റ്റ്. നന്ദിയോട് പച്ച പുലിയൂർ വലിയ വേങ്കാട്ടുകോണം തടത്തരികത്ത് വീട്ടിൽ കണ്ണാപ്പി എന്നു വിളിക്കുന്ന സുമേഷ് (27), പച്ച പുലിയൂർ ലക്ഷം വീട് മൂലയിൽ വീട്ടിൽ ശിവകുമാർ (19), പച്ച കുറവൻകോണം വയലരികത്ത് വീട്ടിൽ അപ്പു എന്നു വിളിക്കുന്ന ശ്രീഹരി (18) എന്നിവരാണ് പാലോട് പൊലീസിന്റെ പിടിയിലായത്. 

മൂന്നു മാസം മുൻപുണ്ടായ ചെറിയ വാക്കുതർക്കമാണ് സംഭവങ്ങൾക്ക് തുടക്കം. ഇക്കഴിഞ്ഞ 16 -ന് രാത്രി 11 മണിയോടെ പച്ച ക്ഷേത്രത്തിൽ നിന്നും വലിയ വേങ്കാട്ടുകോണത്തുള്ള വീട്ടിലേക്ക് ബൈക്കിൽ പോവുകയായിരുന്ന അരുൺ നിവാസിൽ അരുൺ (29) -നെ മൂവരും ചേർന്ന് മൃഗീയമായി മർദ്ദിച്ചു. തുടർന്ന് അബോധാവസ്ഥയിലായ അരുൺ മരിച്ചു എന്ന് സംശയം തോന്നിയ പ്രതികൾ ഇയാളെ ബൈക്കിൽ കൊണ്ടുപോയി കാലൻ കാവ് റോഡിൽ ഉപേക്ഷിച്ച് അപകടമാണെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചിരുന്നു. 

Read more: ക്രിസ്മസ് തലേന്നത്തെ തർക്കം അടിപിടിയായി, പരക്കെ അക്രമം, ചേർത്തലയിൽ മൂന്ന് പേർക്ക് പരിക്ക്, ഏഴുപേർ അറസ്റ്റിൽ

മർദ്ദനത്തിൽ വാരിയെല്ലുകൾക്കും, നട്ടെല്ലിനും പൊട്ടലുണ്ടാവുകയും, ശ്വാസകോശത്തിൽ രക്ത സ്രാവം ഉണ്ടാവുകയും ചെയ്ത് അതി ഗുരുതരാവസ്ഥയിൽ അരുൺ ഇപ്പോഴും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്. സംഭവ ശേഷം ഒളിവിൽ പോയ പ്രതികൾ കർണ്ണാടകയിലെ കുടക്, ബാംഗ്ലൂർ എന്നിവിടങ്ങളിൽ മാറി മാറി ഒളിവിൽ കഴിയവെയാണ് പാലോട് പൊലീസിന്റെ പിടിയിലായത്. നെടുമങ്ങാട് ഡിവൈ എസ് പി സ്റ്റുവർട്ട് കീലറുടെ നേതൃത്വത്തിൽ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്.