
ചെന്നൈ: ചെന്നൈയിൽ ഇന്ന് മൂന്ന് ഡോക്ടർമാർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ചെന്നൈ സർക്കാർ ആശുപത്രിയിലെയും ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടർക്കുമാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ച ഡോക്ടർമാരുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കാനുള്ള ശ്രമം തുടരുകയാണ്. ഇതുവരെ എട്ട് ഡോക്ടർമാർക്കാണ് തമിഴ്‌നാട്ടിൽ കൊവിഡ് സ്ഥിരീകരിച്ചത്.
അതേസമയം, മഹാരാഷ്ട്രയിലെ ധാരാവിയിൽ കൊവിഡ് രോഗബാധ ആശങ്കാജനകമായി പടരുകയാണ്. ഇവിടെ മാത്രം നാലുപേരാണ് കൊവിഡ് ബാധിതരായി മരിച്ചത്.
നഗരത്തിലെ ഏറ്റവും വലിയ മാർക്കറ്റുകളിലൊന്നായ എപിഎംസി മാർക്കറ്റിലെ വ്യാപാരിക്ക് രോഗം സ്ഥിരീകരിച്ചതോടെ അടച്ച് പൂട്ടി. ധാരാവിയിലടക്കം രോഗം പടരുന്ന ഇടകളിലെ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകളും അടച്ചു. ഇതോടെ ജനജീവിതം കൂടുതൽ ദുസഹമായി. ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ചതോടെ മുംബൈ സെൻട്രലിലെ നാല് ആശുപത്രികളാണ് അടഞ്ഞ് കിടക്കുന്നത്.
ആരോഗ്യപ്രവർത്തകരുടെ കുറവ് പരിഹരിക്കാൻ വിരമിച്ച ഡോക്ടർമാരുടേയും നഴ്സ്മാരുടേയും സന്നദ്ധ സേവനം സർക്കാർ തേടിയിരുന്നു. 9000 പേരാണ് ആദ്യ ദിനം മുന്നോട്ട് വന്നത്. നാട്ടിലേക്ക് പോവണമെന്നും മുടങ്ങിയ ശമ്പളം ഉടൻ കിട്ടണമെന്നും ആവശ്യപ്പെട്ട് ഗുജറാത്തിലെ സൂറത്തിൽ അതിഥി തൊഴിലാളികൾ തെരുവിലിറങ്ങി. തുണിമിൽ ഫാക്ടറികളിൽ ജോലിചെയ്യുന്നവരാണ് ഇവർ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam