ആയുധപൂജയ്ക്കിടെ എകെ-47 എടുത്ത് വെടിയുതി‍ർത്ത് 'ലേഡി സിങ്കം'; വിവാദത്തിൽപെട്ട് ഐപിഎസ് ഉദ്യോഗസ്ഥ, വ്യാപക വിമർശനം

Published : Oct 22, 2026, 09:18 AM IST
Ankita Sharma Firing

Synopsis

ഛത്തീസ്ഗഡിൽ ആയുധപൂജയ്ക്കിടെ ഐപിഎസ് ഉദ്യോഗസ്ഥ നടത്തിയ വെടിവെപ്പ് വിവാദമാകുന്നു. എകെ-47 തോക്ക് ഉപയോഗിച്ച് ആകാശത്തേക്ക് വെടിയുതിർത്ത സംഭവമാണ് വിവാദത്തിനിടയാക്കിയത്.

റായ്പുർ: വിജയദശമിയോട് അനുബന്ധിച്ചുള്ള ആയുധപൂജയ്ക്കിടെ ഐപിഎസ് ഉദ്യോഗസ്ഥ എകെ-47 തോക്ക് ഉപയോഗിച്ച് ആകാശത്തേക്ക് വെടിയുതിർത്ത സംഭവം ചർച്ചയാകുന്നു. ഛത്തീസ്ഗഡിലെ രാജ്നന്ദ്ഗാവ് ജില്ലയിൽ നടന്ന ആഘോഷ പരിപാടിക്കിടെ ആണ് വെടിവെപ്പ് നടന്നത്. 'ലേഡി സിങ്കം' എന്ന് അറിയപ്പെടുന്ന രാജ്നന്ദ്ഗാവ് എസ്പി അങ്കിത ശർമ ഐപിഎസ് ആണ് വിവാദത്തിൽ കുടുങ്ങിയിരിക്കുന്നത്. സംഭവത്തിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ സുരക്ഷയും അച്ചടക്കവും ആയുധങ്ങൾ കൈകാര്യം ചെയ്യുന്നതിലെ പ്രോട്ടോക്കോളും ഉൾപ്പെടെ ചോദ്യം ചെയ്ത് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.

വിജയദശമിയോട് അനുബന്ധിച്ചുള്ള ആയുധപൂജ രാജ്നന്ദ്ഗാവ് നഗരത്തിലെ പൊലീസ് ലൈൻസിൽ നടക്കുന്നതിനിടെ ആയിരുന്നു സംഭവം. ചടങ്ങിൽ പൊലീസിൻ്റെ ആയുധങ്ങളും വാഹനങ്ങളും പൂജിച്ചിരുന്നു. ഇതിന് ശേഷമാണ് ഉദ്യോഗസ്ഥ എകെ-47 തോക്കെടുത്ത് ആകാശത്തേക്ക് വെടിയുതിർത്തത്. കുറഞ്ഞത് 10 റൗണ്ടോളം വെടിയുതിർത്തതായി പുറത്തുവന്ന ദൃശ്യങ്ങളിൽ വ്യക്തമാണ്. അങ്കിതയ്ക്ക് ശേഷം എഎസ്പി കിർത്തൻ റാത്തോറും എകെ-47 തോക്ക് ഉപയോ​ഗിച്ച് ആകാശത്തേക്ക് വെടിയുതിർക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

സംഭവത്തിൽ പ്രതികരിച്ച ഉപമുഖ്യമന്ത്രി അരുൺ സാവോ, സർക്കാർ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി. ഇത്തരം വെടിവെപ്പുകൾ അപകടങ്ങൾക്ക് കാരണമായേക്കാമെന്നും ഒഴിവാക്കേണ്ടതാണെന്നും വിരമിച്ച ഐപിഎസ് ഉദ്യോ​ഗസ്ഥനായ ആർ കെ വിജ് വാർത്താ ഏജൻസിയായ പിടിഐയോട് പ്രതികരിച്ചു.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

സംഭവത്തിൽ സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ച മുൻ കരസേന ഉദ്യോ​ഗസ്ഥൻ കെജിഎസ് ദില്ലൻ, ഉദ്യോ​ഗസ്ഥ ആയുധം കൈകാര്യം ചെയ്തത് അങ്ങേയറ്റം അപകടകരമായ രീതിയിലാണെന്ന് ചൂണ്ടിക്കാണിച്ചു. ലോഡ് ചെയ്ത ആയുധം അങ്ങേയറ്റം അപകടകരമായ രീതിയിലാണ് കൈകാര്യം ചെയ്തതെന്ന് ദില്ലൻ പറഞ്ഞു. ആയുധങ്ങൾ കൈകാര്യം ചെയ്യുമ്പോൾ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങളെല്ലാം പൂർണമായും ലംഘിക്കപ്പെട്ടു. ആളുകൾ പശ്ചാത്തലത്തിൽ ഭയന്നുവിറച്ചു നിൽക്കുമ്പോൾ പോലും ലോഡ് ചെയ്ത തോക്ക് എല്ലാ ദിശകളിലേക്കും ചൂണ്ടുന്നതായി കാണാം. ഔദ്യോഗിക വസ്ത്രം ധരിക്കാതെ, അനുമതിയില്ലാത്ത ആവശ്യത്തിനായി സർവീസ് ആയുധം ഉപയോഗിച്ച് വെടിവെപ്പ് നടത്തുകയാണ് ചെയ്യുന്നത്. പരിശീലന അക്കാദമികളിൽ പഠിപ്പിക്കുന്ന അടിസ്ഥാനപരമായ ആയുധ പരിശീലന രീതികൾ പോലും പാലിച്ചിട്ടില്ല. ഇത്തരം ഉത്തരവാദിത്തമില്ലാത്ത പെരുമാറ്റം സ്വന്തം ജീവനോ മറ്റുള്ളവരുടെ ജീവനോ അപകടത്തിലാക്കാനും വലിയ പരിക്കുകൾക്ക് കാരണമാകാനുമുള്ള സാധ്യതയുണ്ട്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അച്ചടക്കലംഘനങ്ങൾക്ക് മാതൃകാപരമായ ശിക്ഷ നൽകേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ടൈഗർ ഷ്റോഫ് വധശ്രമകേസ്: പ്രതികൾ പല ബോളിവുഡ് താരങ്ങളെയും ലക്ഷ്യമിട്ടതായി പൊലീസ്; രണ്ട് പേർ കൂടി അറസ്റ്റിലായി
സിജെപി നേതാക്കൾ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായില്ല; പുതുക്കിയ തീയതി പൊലീസ് നൽകും, നേഹയുടെ ഹർജിയിൽ ഹൈക്കോടതി വിധി നാളെ