ഇൻഡിഗോ പൈലറ്റായ അവിരാൽ പ്രഖർ ആദ്യമായി തന്റെ അച്ഛനെയും അമ്മയെയും വിമാനത്തിനുള്ളിലേക്ക് സ്വാഗതം ചെയ്യുന്നതിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
വിമാന യാത്രകൾ എല്ലാവർക്കും ഒരേ സമയം ഹരവും ആവേശകരവുമായ ഒന്നായിരിക്കും. ജോലി, അവധിക്കാലം, കുടുംബ സന്ദർശനങ്ങൾ അല്ലെങ്കിൽ പെട്ടെന്നുള്ള വിനോദയാത്രകൾ എന്നിവയ്ക്കായി നിരവധിയാളുകളാണ് വിമാന യാത്രകൾ തിരഞ്ഞെടുക്കാറുള്ളത്. മിക്ക യാത്രകളിലും പതിവായുള്ള സുരക്ഷാ ക്രമീകരണങ്ങളും ബോർഡിംഗ് കോളുകളുമെല്ലാം തന്നെയാണ് ഉണ്ടാകുക. എന്നാൽ, ഇപ്പോൾ ഇതാ ഒരു വിമാന യാത്ര സ്പെഷ്യലായി മാറിയിരിക്കുകയാണ്. ലക്ഷ്യസ്ഥാനമോ വിമാനത്തിന്റെ സവിശേഷതകളോ കൊണ്ടല്ല, മറിച്ച് വിമാനത്തിലുള്ള ആളുകളാണ് കാരണം.
പലപ്പോഴും യാത്രക്കാർക്ക് വിമാന യാത്രകളിൽ മറക്കാനാകാത്ത അനുഭവങ്ങൾ ഉണ്ടാകാറുണ്ട്. അത്തരത്തിലൊരു അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. ഒരു ഇൻഡിഗോ പൈലറ്റ് കോക്ക്പിറ്റിലായിരിക്കുമ്പോൾ തന്റെ മാതാപിതാക്കളെ ആദ്യമായി വിമാനത്തിലേക്ക് സ്വാഗതം ചെയ്യുന്നതാണ് വീഡിയോ. അവിരാൽ പ്രഖർ എന്ന പൈലറ്റാണ് ഇൻസ്റ്റാഗ്രാമിൽ ഈ നിമിഷം പങ്കുവെച്ചിരിക്കുന്നത്.
വിമാനത്തിനുള്ളിലേയ്ക്ക് അവിരാലിന്റെ അമ്മയും അച്ഛനും കടന്നുവരുന്നത് വീഡിയോയിൽ കാണാം. ഔപചാരികമായ വരവേൽപ്പിന് പകരം അച്ഛന്റെയും അമ്മയുടെയും കാൽതൊട്ട് വന്ദിക്കുകയാണ് അവിരാൽ ചെയ്തത്. ഇതിന് പിന്നാലെ അമ്മ അവിരാലിനെ കെട്ടിപ്പിടിക്കുന്നതും സ്നേഹ ചുംബനം നൽകുന്നതും കാണാം. ഒരു ‘പൈലറ്റായ ശേഷം ആദ്യമായി എന്റെ അമ്മയെയും അച്ഛനെയും വിമാനത്തിൽ കൊണ്ടുപോകുന്നു’ എന്ന വാചകവും വീഡിയോയിലുണ്ട്. തന്റെ ഏറ്റവും വലിയ സ്വപ്നം ഇപ്പോൾ യാഥാർത്ഥ്യമായെന്നും അവിരാൽ പോസ്റ്റിനൊപ്പമുള്ള അടിക്കുറിപ്പിൽ പറയുന്നു.
ആയിരക്കണക്കിന് ലൈക്കുകളും നൂറുകണക്കിന് കമന്റുകളുമാണ് ഈ വീഡിയോയ്ക്ക് ലഭിച്ചത്. അഭിമാനത്തിന്റെയും കുടുംബന്ധങ്ങളുടെയും വൈകാരികമായ നിമിഷമെന്നാണ് പലരും ഈ വീഡിയോയെ വിശേഷിപ്പിച്ചത്. മാതാപിതാക്കൾ വളരെയേറെ അഭിമാനിക്കുന്നുണ്ടെന്നായിരുന്നു ഒരാളുടെ അഭിപ്രായം. ദൈവം അനുഗ്രഹിക്കട്ടെയെന്നും ഇനിയും ഉയരത്തിൽ പറക്കാൻ സാധിക്കട്ടെയെന്നും ആശംസിച്ചവരും ഏറെയുണ്ട്.


